11 December Tuesday

വിജയച്ചെങ്കൊടി പാറി; ലോങ് മാർച്ച്‌ ഐതിഹാസിക കർഷക മുന്നേറ്റം

എൻ എസ് സജിത്Updated: Tuesday Mar 13, 2018

പ്രക്ഷോഭകർ ആസാദ് മൈതാനിയിൽ ഫോട്ടോ: ജഗത്‌ലാൽ


മുംബൈ > രാജ്യചരിത്രത്തിൽ ഇടംപിടിച്ച മഹത്തായ കർഷകമുന്നേറ്റത്തിൽ മഹാരാഷ്ട്രയിലെ ബിജെപി സഖ്യസർക്കാർ മുട്ടുമടക്കി. ആറുദിവസം ലോങ് മാർച്ച് നടത്തി മുംബൈയിലെത്തിയ ലക്ഷം കർഷകരുടെ രോഷത്തിനുമുന്നിൽ അടിയറ പറഞ്ഞ സർക്കാരിന്, അഖിലേന്ത്യാ കിസാൻസഭ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അക്ഷരംപ്രതി അംഗീകരിക്കേണ്ടിവന്നു. ചർച്ചയിൽ തീരുമാനമായ കാര്യങ്ങൾ നടപ്പാക്കാൻ സർക്കാർ ആറുമാസത്തെ സാവകാശം തേടി. ഒത്തുതീർപ്പുവ്യവസ്ഥ നടപ്പാക്കാൻ ആറംഗ മന്ത്രിതലസമിതി രൂപീകരിക്കും. 2017 ജൂൺ 30 വരെയുള്ള കാർഷികകടങ്ങൾ എഴുതിത്തള്ളുമെന്നും വനാവകാശനിയമം ആറുമാസത്തിനകം നടപ്പാക്കുമെന്നും ഉറപ്പുലഭിച്ചു. മിനിമം താങ്ങുവില നിശ്ചയിക്കുന്നത് കിസാൻസഭ നേതാക്കളുടെ പങ്കാളിത്തത്തോടെയായിരിക്കും. വിളനാശത്തിന് ഏക്കറിന് 40,000 രൂപ നഷ്ടപരിഹാരം, സർക്കാർ പദ്ധതികൾക്ക് ഏറ്റെടുക്കുന്ന ഭൂമിക്ക് ഉചിതനഷ്ടപരിഹാരം നൽകൽ എന്നീ ആവശ്യങ്ങളും അംഗീകരിച്ചു. വിളനാശത്തിന് നഷ്ടപരിഹാരം നൽകുമ്പോൾ കേന്ദ്രസർക്കാരിന്റെ തീരുമാനത്തിന് കാത്തുനിൽക്കില്ലെന്നും ഉറപ്പുനൽകി.

കടലിലേക്ക് ഒഴുകുന്ന വെള്ളം കൃഷിയാവശ്യങ്ങൾക്കായി വഴിതിരിച്ചുവിടുന്നതും വായ്പ എഴുതിത്തള്ളുന്നതിനുള്ള വ്യവസ്ഥകൾ ഉദാരമാക്കിയതും അടക്കമുള്ള പ്രഖ്യാപനങ്ങൾ പ്രക്ഷോഭകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. റേഷൻ നൽകാത്ത കടയുടമകളുടെ ലൈസൻസ് റദ്ദാക്കും. ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പാക്കുമ്പോൾ ആദിവാസിഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുനൽകി. സഞ്ജയ് ഗാന്ധി നിരാധാർ യോജനപ്രകാരം പെൻഷൻ രണ്ടായിരം രൂപയാക്കി വർധിപ്പിക്കും. ഇതിനുള്ള തീരുമാനം നിയമസഭയുടെ നടപ്പുസമ്മേളനത്തിൽതന്നെ കൈക്കൊള്ളും. കാൽനടയായി മുംബൈയിലെത്തിയ പ്രക്ഷോഭകർക്ക് തിരിച്ചുപോകാൻ സൗജന്യ ട്രെയിൻയാത്ര അനുവദിക്കണമെന്ന ആവശ്യവും സർക്കാർ അംഗീകരിച്ചു. ഇതിനുപുറമെ പ്രാദേശികമായ നിരവധി ആവശ്യങ്ങളും അംഗീകരിക്കാൻ സർക്കാർ നിർബന്ധിതമായി.

സെക്രട്ടറിയറ്റ് വളയുമെന്ന് പ്രഖ്യാപിച്ചെങ്കിലും ചർച്ചയ്ക്ക് സർക്കാർ നേതാക്കളെ ക്ഷണിച്ച സാഹചര്യത്തിൽ പ്രക്ഷോഭകർ ആസാദ് മൈതാനിയിൽ തങ്ങി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അഖിലേന്ത്യാ കിസാൻസഭ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെ, സംസ്ഥാന പ്രസിഡന്റ് ഡോ. അജിത് നാവ്ലെ, സിപിഐ എം എംഎൽഎ ജെ പി ഗാവിത് എന്നിവരുമായി നടത്തിയ ചർച്ചയിലാണ് കിസാൻസഭ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചത്. തുടർന്ന് നേതാക്കൾക്കൊപ്പം മന്ത്രിമാരായ ഏക്നാഥ് ഷിൻഡെ (ശിവസേന), ഗിരീഷ് മഹാജൻ, ചന്ദ്രകാന്ത് ദാദ പാട്ടീൽ (ബിജെപി) എന്നിവർ ഒത്തുതീർപ്പുവ്യവസ്ഥകളുടെ കരടുമായി ആസാദ് മൈതാനിയിലെത്തി. മന്ത്രിമാരും ചർച്ചയിൽ പങ്കെടുത്ത നേതാക്കളും ഒത്തുതീർപ്പുവ്യവസ്ഥകൾ പ്രക്ഷോഭകർക്കുമുന്നിൽ വിശദീകരിച്ചു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഖിലേന്ത്യാ കിസാൻസഭ പ്രസിഡന്റ് അമ്രാറാം, ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണൻ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളായ മറിയം ധാവ്ളെ, സുധ സുന്ദരരാമൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഒത്തുതീർപ്പുവ്യവസ്ഥകൾ പ്രഖ്യാപിച്ചത്. ഒത്തുതീർപ്പുവ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് ഡോ. അശോക് ധാവ്ളെ പറഞ്ഞു.

പ്രക്ഷോഭത്തിന് അഭൂതപൂർവമായ പിന്തുണ ലഭിച്ചതോടെയാണ് സമരത്തെ കൂടുതൽ സ്ഫോടനാത്മകമായ ഘട്ടത്തിലെത്തിക്കാതെ പെട്ടെന്ന് ഒത്തുതീർപ്പുണ്ടാക്കാൻ സർക്കാരിനെ നിർബന്ധിതമാക്കിയത്. ലോങ് മാർച്ച് കടന്നുവന്ന പ്രദേശങ്ങളിൽനിന്ന് കിസാൻസഭ നേതാക്കളെ അമ്പരപ്പിച്ചുകൊണ്ട് ആയിരക്കണക്കിന് കർഷകർ അണിചേർന്നതും വിവിധ രാഷ്ട്രീയപാർടികളും സന്നദ്ധ സംഘടനകളും മതസംഘടനകളും പൂർണമായി സമരത്തെ പിന്തുണച്ചതും പെട്ടെന്ന് ഒത്തുതീർക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചു. പത്താംക്ലാസ് പരീക്ഷയ്ക്ക് തടസ്സമുണ്ടാകാതെ സമരം ഏകോപിപ്പിച്ചതും സമരത്തിന്റെ ജനപിന്തുണ വർധിപ്പിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top