14 December Friday

കർഷകസംഘടനകൾ പ്രക്ഷോഭത്തിലേക്ക് ; കിസാൻ മുക്തിമാർച്ച‌് 29നും 30നും

സാജൻ എവുജിൻUpdated: Tuesday Nov 13, 2018


ന്യൂഡൽഹി
ലോക‌്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വർഗീയരാഷ്ട്രീയം ആളിക്കത്തിക്കാൻ സംഘപരിവാർ തയ്യാറെടുക്കുമ്പോൾ കർഷകസംഘടനകൾ ജനങ്ങളിലേക്ക‌്. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ വർഗീയരാഷ്ട്രീയത്തിനു ബദലായി  അഖിലേന്ത്യ കിസാൻ സംഘർഷ‌് കോ–ഓർഡിനേഷൻ കമ്മിറ്റി മുന്നോട്ടുവയ‌്ക്കുന്നത‌് കർഷകരുടെയും സാധാരണക്കാരുടെയും ജീവൽപ്രശ‌്നങ്ങളാണ‌്.
രാമക്ഷേത്രനിർമാണത്തിനായി പ്രത്യേകനിയമം കൊണ്ടുവരണമെന്ന‌് സംഘപരിവാർ ആവശ്യപ്പെടുമ്പോൾ കർഷകരുടെ കടം എഴുതിത്തള്ളാനും വിളകൾക്ക‌് ന്യായവില ലഭ്യമാക്കാനും പ്രത്യേകനിയമനിർമാണം നടത്തണമെന്ന‌് കോ–ഓർഡിനേഷൻ കമ്മിറ്റി  ആവശ്യപ്പെടുന്നു. ഈ ആവശ്യമുയർത്തി വരുംനാളുകളിൽ കർഷകർ നടത്തുന്ന പോരാട്ടം ഹിന്ദി ഹൃദയഭൂമിയെ ഇളക്കിമറിക്കും.

മോഡി സർക്കാർ അധികാരത്തിലേറിയശേഷമുള്ള നാലരവർഷവും കർഷകസംഘടനകൾ പ്രക്ഷേ‌ാഭത്തിലായിരുന്നു. ഭൂമി ഏറ്റെടുക്കൽനിയമം ഭേദഗതി ചെയ്യാനുള്ള ശ്രമത്തെ കർഷകപ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള ഭൂമി അധികാർ ആന്ദോളൻ ചെറുത്തുതോൽപ്പിച്ചു. ഓർഡിനൻസ‌് വഴിയും പാർലമെന്റിൽ നിയമഭേദഗതിബിൽ കൊണ്ടുവന്നും 2013ലെ ഭൂമി ഏറ്റെടുക്കൽനിയമം ഭേദഗതി ചെയ്യാൻ തുടർച്ചയായി ശ്രമിച്ചിരുന്നു. ഇതിനെതിരായ കർഷകപ്ര‌ക്ഷേ‌ാഭത്തിന‌് അനുകൂലമായ ജനവികാരം 2015ലെ ഡൽഹി, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചു. ഇതോടെയാണ‌് നീക്കത്തിൽനിന്ന‌് കേന്ദ്രം പിൻവാങ്ങിയത‌്.

രാജസ്ഥാനിലെയും മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും കർഷകസമരങ്ങൾ ബിജെപിക്ക‌് രാഷ്ട്രീയക്ഷീണമായി. രാജസ്ഥാനിലെ  അൽവറിലും അജ‌്മീറിലും ലോക‌്സഭ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി ദയനീയമായി. നാസിക്കിൽനിന്ന‌് മുംബൈയിലേക്കുള്ള കർഷകരുടെ ലോംഗ‌്മാർച്ച‌് രാഷ്ട്രീയചരിത്രത്തിൽ സ്ഥാനം നേടി.

കർഷകർ നേരിടുന്ന പ്രശ‌്നങ്ങൾ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളെയും സ‌്പർശിക്കുന്നതാണ‌്. കാർഷികമേഖലയിലെ പ്രതിസന്ധി രാജ്യത്തിന്റെ സമ്പദ‌്ഘടനയിൽത്തന്നെ മാന്ദ്യം സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ‌് 29, 30 തീയതികളിൽ കിസാൻ സംഘർഷ‌് കോ–ഓർഡിനേഷൻ കമ്മിറ്റി ഡൽഹിയിൽ കിസാൻ മുക്തി മാർച്ച‌് സംഘടിപ്പിക്കുന്നതെന്ന‌് അഖിലേന്ത്യ കിസാൻസഭ ജോയിന്റ‌് സെക്രട്ടറി വിജു കൃഷ‌്ണൻ പറഞ്ഞു. കർഷകർ നേരിടുന്ന പ്രശ‌്നങ്ങൾ ചർച്ചചെയ്യാൻ പ്രത്യേക പാർലമെന്റ‌് സമ്മേളനം വിളിക്കണമെന്ന‌് ആവശ്യപ്പെട്ടാണ‌് മാർച്ച‌്.

മികച്ച വിള ലഭിക്കുമ്പോഴും കർഷകർ ആത്മഹത്യചെയ്യേണ്ട ദുരവസ്ഥയാണ‌് നിലനിൽക്കുന്നത‌്. മുതൽമുടക്ക‌് പോലും തിരിച്ചുകിട്ടുന്നില്ല. രാജ്യത്തെ 12 ശതമാനം കൃഷിച്ചെലവിന്റെ 50 ശതമാനം കൂടി ചേർത്ത‌് വിള സംഭരിക്കുമെന്ന സർക്കാർ വാഗ‌്ദാനം ജലരേഖയായി. സർക്കാർ പ്രഖ്യാപനങ്ങളിൽ കബളിപ്പിക്കപ്പെട്ട കർഷകർ ഒന്നടങ്കം പോരാട്ടഭൂമിയിലേക്ക‌് ഇറങ്ങുകയാണ‌്. രാമക്ഷേത്രത്തിന്റെയും മറ്റുംപേരിൽ കർഷകരെ വിഭജിപ്പിക്കാനുള്ള തന്ത്രം വിലപ്പോകില്ലെന്ന‌് നേതാക്കൾ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top