16 October Tuesday

‘ഇ‐വിധാൻ സഭ’ സോഫ്റ്റ്വെയർ പ്രായോഗികമല്ല: സ‌്പീക്കർ

സ്വന്തം ലേഖകൻUpdated: Friday Jun 15, 2018


ന്യൂഡൽഹി

കേരള നിയമസഭയിൽ നടപ്പാക്കാനിരിക്കുന്ന ഇ‐ നിയമസഭാ പദ്ധതിയുടെ മാതൃകയിൽ കേന്ദ്രസർക്കാർ രൂപീകരിക്കുന്ന “ഇ‐ വിധാൻ സഭ’ ഏകീകൃത സോഫ്റ്റ്വെയർ പ്രായോഗികമല്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഇക്കാര്യം കേന്ദ്ര പാർലമെന്ററികാര്യമന്ത്രി അനന്ത‌് കുമാറിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. എല്ലാ നിയമസഭകളിലെയും നടപടിക്രമങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനാണ‌് കേന്ദ്രസർക്കാർ ഇ‐വിധാൻ സഭ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. എന്നാൽ, കേരള നിയമസഭയുടെ നടപടിക്രമങ്ങൾ മറ്റു നിയമസഭകളുടേതിൽനിന്ന‌് വ്യത്യസ‌്തമാണ‌്. 36 സബ്ജക്ട് കമ്മിറ്റിയുണ്ട്. സഭ ചേരുന്ന ദിവസങ്ങളുടെ എണ്ണത്തിലും വ്യത്യാസമുണ്ട്.

ഇത് മുൻനിർത്തി കേരളം തയ്യാറാക്കിയ പദ്ധതിരേഖ പ്രകാരമുള്ള ഇ‐നിയമസഭാ പദ്ധതി നടപ്പാക്കുന്നതിന് അംഗീകാരം നൽകണമെന്ന് കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സ്പീക്കർ ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യം കേന്ദ്രമന്ത്രി അംഗീകരിച്ചതായും 17ന് ചേരുന്ന ഐടി സെക്രട്ടറിമാരുടെ യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്യുമെന്നും സ്പീക്കർ അറിയിച്ചു. ഡിജിറ്റൽ നിയമസഭാ പദ്ധതിയുടെ വിശദ പദ്ധതിരേഖ കഴിഞ്ഞ മാർച്ചിൽ സ്പീക്കർ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. പദ്ധതിക്ക് ഉടൻ ധനകാര്യ അനുമതി നൽകുമെന്ന് മന്ത്രി ഉറപ്പു നൽകിയിരുന്നു.

ഒരു തുണ്ട് കടലാസുപോലും ആവശ്യമില്ലാത്തവിധം നിയമസഭാ സാമാജികരുടെയും നിയമസഭയുടെ പ്രിന്റിങ‌് പ്രവർത്തനങ്ങളെയും ഡിജിറ്റലൈസ് ചെയ്ത് ഏകീകരിക്കുകയാണ‌് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയിലൂടെ പ്രതിവർഷം 40 കോടി രൂപവരെ ലാഭിക്കാനാകുമെന്നാണ്  പ്രതീക്ഷ.

പ്രധാന വാർത്തകൾ
Top