16 November Friday

മുന്‍പിലുള്ളത് പുതിയ കേരളം കെട്ടിപ്പെടുക്കുക എന്ന ദൗത്യം: മുഖ്യമന്ത്രി

സ്വന്തംലേഖകൻUpdated: Monday Aug 27, 2018

തിരുവനന്തപുരം > ദുരന്തമോർത്ത് വിലപിച്ചിരിക്കാതെ പുതിയ കേരളം കെട്ടിപ്പടുക്കുക എന്ന ദൗത്യമാണ് നമ്മുടെ മുന്നിലുളളതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനാവശ്യമായ ആസൂത്രണവും വിഭവസമാഹരണവും നടത്തേണ്ടതുണ്ട്. ആസൂത്രണം ഓരോ പ്രദേശത്തും ഉണ്ടാകണം. ജനങ്ങളെയാകെ ഒന്നിച്ച് നിർത്തുകയും ഈ പ്രവർത്തനത്തിൽ പങ്കാളികളാക്കുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു﹣വിവിധ ജില്ലകളിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾ കലക്ടർമാരുമായുളള വീഡിയോ കോൺഫറൻസിലൂടെ അവലോകനംചെയ്യവെയാണ‌് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത‌്.

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയദുരന്തമാണ് നാം നേരിട്ടത‌്. ഇതിൻറെ ഗുരുതരമായ പ്രത്യാഘാതത്തെക്കുറിച്ച് പഠനങ്ങൾ ആവശ്യമാണ്. ദുരന്തം നേരിടുന്ന കാര്യത്തിൽ എല്ലാവരും അവിശ്രമം നല്ല ഏകോപനത്തോടെ പ്രവർത്തിച്ചിട്ടുണ്ട‌്. ദുരന്തത്തിന് ഇരയായവരെ രക്ഷപ്പെടുത്തൽ, മാറ്റിപ്പാർപ്പിക്കൽ, ക്യാമ്പിൽ അത്യാവശ്യം സൗകര്യം ഉറപ്പാക്കൽ എന്നിവയിലെല്ലാം കലക്ടർമാർ നൽകിയ നേതൃത്വം അഭിനന്ദനാർഹമാണ്. ഈ പ്രവർത്തനങ്ങളെല്ലാം നല്ല ഏകോപനത്തോടെ, കൂട്ടായ്മയോടെ ചെയ്യാൻ കഴിഞ്ഞു.

ഇനി ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. ക്യാമ്പുകളിൽ നിന്ന് വലിയ തോതിൽ ആളുകൾ തിരിച്ചുപോകുന്നുണ്ട്. എങ്കിലും കുറേ ക്യാമ്പുകൾ തുടരുകയാണ്. ക്യാമ്പിലുളളവർ തിരിച്ച് വീട്ടിലെത്തുമ്പോൾ ഉണ്ടാകുന്ന പ്രയാസം വലുതാണ്. അവർ കാണുന്നത് എല്ലാം നശിച്ച നിലയിലായിരിക്കും. ഇത് പലർക്കും താങ്ങാനാകില്ല. അതിന്റെ ആഘാതം വളരെ വലുതായിരിക്കും. തിരിച്ചുപോകുന്നവർക്ക്  ഭക്ഷണകിറ്റ് നൽകുന്നുണ്ട്. എന്നാൽ ഭക്ഷണം പാകം ചെയ്യാനുളള പാത്രമോ മറ്റ് സൗകര്യങ്ങളോ വീടുകളിലുണ്ടാകില്ല. ഈ സാഹചര്യം മനസ്സിലാക്കി കലക്ടർമാർ ഉണർന്ന് പ്രവർത്തിക്കണം. താൽക്കാലിക ആശ്വാസം എന്ന നിലയ്ക്കാണ് പതിനായിരം രൂപ ക്യാമ്പിൽ കഴിഞ്ഞവർക്ക് നൽകുന്നത്. തുടർച്ചയായ ബാങ്ക് അവധി കാരണം ഈ തുക കൈമാറാൻ കഴിഞ്ഞിട്ടില്ല. അടുത്ത ദിവസം തന്നെ തുക എല്ലാവർക്കും ലഭ്യമാക്കണം.

വീട് ശുചീകരണം നന്നായി നടക്കുന്നുണ്ട്. പകർച്ചവ്യാധികൾ തടയണമെങ്കിലും ശുചീകരണം കാര്യക്ഷമമായി നടക്കണം. വെള്ളം കയറിയതിനാൽവീടുകളിലെ മിക്ക സാധനങ്ങളും നശിച്ചിട്ടുണ്ടാകും. അവയിൽ മിക്കതും നന്നാക്കിയെടുക്കാനാകില്ല. നശിച്ചവയിൽ വാഹനങ്ങളും ഉൾപ്പെടും. വാഹനങ്ങളുടെ കാര്യത്തിൽ ഇൻഷൂറൻസ് തുക വേഗം ലഭ്യമാകുന്നതിന് നടപടി വേണം. ഇൻഷൂറൻസ് കമ്പനികളുടെ പ്രതിനിധികളുമായി ഒരു വട്ടം സംസാരിച്ചിരുന്നു. വീണ്ടും ചീഫ് സെക്രട്ടറിതലത്തിൽ അവരുടെ യോഗം വിളിക്കുന്നുണ്ട്. നശിച്ചുപോയ കിടക്ക, ഇലക്ട്രോണിക് ഉപകരണങ്ങൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവ ശേഖരിച്ച് പൊതുസ്ഥലത്ത് തൽക്കാലം സൂക്ഷിക്കേണ്ടതുണ്ട്. ഒരു പഞ്ചായത്തിൽ ഒന്നോ അതിലധികമോ സ്ഥലം ഇതിനുവേണ്ടി കണ്ടെത്തണം. അഴുകുന്നതും അഴുകാത്തതുമായ സാധനങ്ങൾ വേർതിരിച്ചാണ് ശേഖരിക്കേണ്ടത്. അഴുകുന്ന മാലിന്യം പെട്ടെന്ന് സംസ്കരിക്കണം. പ്രാദേശിക സ്ഥാപനങ്ങൾ വഴിയാണ് ഈ പ്രവർത്തനം നടക്കുന്നത്. കലക്ടർമാർ അതിന് നേതൃത്വം നൽകണം. 

വീടുകളിലേക്ക് തിരിച്ചുപോകാൻ സാഹചര്യമുളള മുഴുവൻ പേരും രണ്ടുദിവസം കൊണ്ട് തിരിച്ചുപോകും എന്ന് ഉറപ്പാക്കണം. ഇക്കാര്യത്തിൽ നല്ല ശ്രദ്ധ വേണം. വീടുകളിലേക്ക് ഇപ്പോൾ തിരിച്ചുപോകാൻ കഴിയാത്തവരുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. തിരിച്ചുപോകുന്ന മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷണകിറ്റ് നൽകുന്നുണ്ട്. നേരത്തെ ക്യാമ്പ് വിട്ടുപോയവർക്കും കിറ്റ് ലഭ്യമാക്കണം.

വീട് പൂർണ്ണമായി തകർന്നുപോയ ധാരാളം കുടുംബങ്ങളുണ്ട്. ധാരാളം വീടുകൾ താമസയോഗ്യമല്ലാതായി. ഓരോ ജില്ലയിലും ഓരോ പ്രദേശത്തും അങ്ങനെയുളള എത്ര കുടുംബങ്ങളുണ്ട് എന്നത് സംബന്ധിച്ച് ഉടനെ വിവരം ശേഖരിക്കണം. അതത് പ്രദേശങ്ങളിൽ അവർക്ക് താമസസൗകര്യം ഉണ്ടാക്കണം. സ്കൂളുകളല്ലാത്ത സ്ഥലം ഇതിനുവേണ്ടി കണ്ടെത്തണം. കല്യാണമണ്ഡപങ്ങളും പൊതുഹാളുകളും കിട്ടാൻ ശ്രമിക്കുന്നതോടൊപ്പം ആൾതാമസമില്ലാത്ത വലിയ വീടുകൾ ഈ ആവശ്യത്തിന് കിട്ടുമോ  എന്നും നോക്കണം.

നാശനഷ്ടത്തിൻറെ കണക്ക് കൃത്യമായി ശേഖരിക്കണം. താമസംവിനാ ഈ നടപടി പൂർത്തിയാക്കണം. ഓരോ മേഖലയ്ക്കും വന്ന നഷ്ടം കൃത്യമായി തിട്ടപ്പെടുത്തണം.
കന്നുകാലികൾക്ക് ആവശ്യമായ കാലിത്തീറ്റ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഏതെങ്കിലും പ്രദേശത്ത് കാലിത്തീറ്റ കിട്ടാൻ പ്രയാസമുണ്ടെങ്കിൽ അത് പരിഹരിക്കണം. മൃഗങ്ങളുടെ ശവങ്ങൾ ഇനിയും എവിടെയെങ്കിലും ബാക്കി കിടക്കുന്നുണ്ടെങ്കിൽ പെട്ടെന്ന് ശാസ്ത്രീയമായി സംസ്‌കരിക്കണം. ബുധനാഴ‌്ച സ്കൂൾ തുറക്കുന്നതുകൊണ്ട് വൃത്തിയാക്കുന്ന പ്രവൃത്തി നല്ല നിലയിൽ നടക്കുന്നുണ്ട്. ക്യാമ്പുകൾ പ്രവർത്തിച്ച സ്കൂളുകൾ വൃത്തിയാക്കുന്നതിൽ പ്രത്യേക ശ്രദ്ധ വേണം. വിദ്യാർത്ഥികൾക്ക് ഒരു തരത്തിലുളള ആരോഗ്യപ്രശ്‌നങ്ങളും വരാതിരിക്കാനുളള മുൻകരുതൽ ഉണ്ടാകണം.

കുടിവെള്ളം എത്തിക്കുന്നത് അതീവ ഗൗരവമായി കാണണം. രോഗപ്രതിരോധത്തിനുളള പ്രധാന നടപടിയാണ് ശുദ്ധജലം ലഭ്യമാക്കൽ. പ്രളയബാധിത പ്രദേശങ്ങളിലെ കിണറുകൾ മിക്കവാറും മലിനമായിട്ടുണ്ട്. കിണർ ശുചീകരിക്കുന്നതിന് അടിയന്തിര പ്രാധാന്യം നൽകണം. കിണർ ശുചിയാക്കുന്നതുവരെ കുടിവെള്ളം വീടുകളിൽ എത്തിക്കണം. നല്ല ജാഗ്രത പുലർത്തുകയും മുൻകരുതൽ എടുക്കുകയും ചെയ്‌തില്ലെങ്കിൽ പകർച്ചവ്യാധികൾ വരാൻ സാധ്യതയുണ്ട്. ഇത്രയും വലിയ പ്രളയമുണ്ടായിട്ടും ഒരു പകർച്ചവ്യാധിയും പടർന്നുപിടിക്കാതെ നോക്കുകയാണെങ്കിൽ അത് സംസ്ഥാനത്തിന് അഭിമാനിക്കാനുളള വക നൽകും. രോഗം ബാധിച്ചവർക്ക് ചികിത്സ ലഭ്യമാക്കുന്നതിനും ശ്രദ്ധ വേണം.

ദുരിതാശ്വാസത്തിന് സംഭാവന വലിയ തോതിൽ പ്രവഹിക്കുന്നുണ്ട്. എന്നാൽ ചില സ്ഥലങ്ങളിൽ അനധികൃത പണപ്പിരിവ് നടക്കുന്നതായി പരാതികൾ വരുന്നുണ്ട്. സർക്കാരിന് ദുരിതാശ്വാസ ഫണ്ട് നൽകരുതെന്നും ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയും പോലീസുമായി ബന്ധപ്പെട്ട് നടപടിയെടുക്കുകയും വേണം. ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ അത്യാവശ്യ സാധനങ്ങൾക്ക് വില കൂട്ടി വിൽക്കുന്ന ചില സ്ഥലങ്ങളിൽ പ്രവണതയുണ്ട്. ഇതിനെതിരെ കലകട്ർമാർ ശക്തിയായി ഇടപെടണം.

കടകൾ മുഴുവൻ അടഞ്ഞുകിടക്കുന്ന പ്രദേശങ്ങളിൽ പൊതുവിതരണ സംവിധാനത്തിലൂടെ ജനങ്ങൾക്ക് ബദൽ സൗകര്യം ഏർപ്പെടുത്തണം.
ശുചീകരണ പ്രവർത്തനത്തിന് എല്ലാ വാർഡുകളിലും വളണ്ടിയർമാർ പ്രവർത്തിക്കുന്നുണ്ട്. അവരോടൊപ്പം വാർഡ് മെമ്പറും ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
ദുരന്തം ചിലരുടെയെങ്കിലും മാനസികനിലയെ ബാധിച്ചിട്ടുണ്ടാകും. അങ്ങനെയുളളവർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് കൗൺസലിങ്ങ് നൽകാൻ നടപടി സ്വീകരിക്കണം.
ക്യാമ്പുകളിൽ നിന്ന് തിരിച്ചുപോകുന്നവരിൽ ഒരു പങ്ക് അങ്ങേയറ്റം പാവപ്പെട്ടവരാണ്. ഓരോ പ്രദേശത്തും അത്തരം കുറച്ച് കുടുംബങ്ങളുണ്ടാകും. വീടുകളിൽ തിരിച്ചെത്തിയാലും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത കുടുംബങ്ങൾ. സാമ്പത്തികശേഷിയുളള വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും പാവപ്പെട്ട കുടുംബങ്ങൾക്ക് വീടുകൾ സ്പോൺസർ ചെയ്യാൻ തയ്യാറാകും. അത്തരം സ്പോൺസർഷിപ്പ് ലഭ്യമാക്കാനുളള ശ്രമവും നടത്തണം. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസപ്രവർത്തനത്തിലും പങ്കെടുത്ത ധാരാളം സന്നദ്ധ പ്രവർത്തകരുണ്ട്. അവരെ സർക്കാരിൻറെ നന്ദി അറിയിക്കുന്നതിന് ഉചിതമായ പരിപാടികൾ സംഘടിപ്പിക്കണം. നഷ്‌ടപ്പെട്ടുപോയ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. സപ്‌തംബർ 3 ആകുമ്പോഴേക്കും അതിനുളള നടപടികൾ ആരംഭിക്കണം.

വീഡിയോ കോൺഫറൻസിൽ കാസർകോട് ഒഴികെയുളള എല്ലാ ജില്ലകളിലേയും കലക്‌ടർമാർ പങ്കെടുത്തു. മുഖ്യമന്ത്രിയോടൊപ്പം വ്യവസായ മന്ത്രി ഇ.പി. ജയരാജൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, നളിനി നെറ്റോ, വി.എസ്. സെന്തിൽ, എം. ശിവശങ്കർ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു. ഇടുക്കിയിൽ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, വൈദ്യുതിമന്ത്രി എം.എം. മണി എന്നിവരും ഉണ്ടായിരുന്നു. ഉച്ചയ്‌ക്കു ശേഷം പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവികൾ ഉൾപ്പെടെയുളള ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ദുരിതാശ്വാസത്തെക്കുറിച്ചും പുനരധിവാസത്തെക്കുറിച്ചും മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് നടത്തി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top