12 December Wednesday

പ്രളയ ദുരിതാശ്വാസം: കർണാടകത്തിന്‌ വീണ്ടും 500 കോടി; കേരളത്തിനില്ല

പി ആര്‍ ചന്തുകിരണ്‍Updated: Tuesday Nov 20, 2018

ന്യൂഡൽഹി > ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം നേരിട്ട പ്രളയം അനുഭവിച്ച കേരളത്തിനെ വീണ്ടും അവഗണിച്ച‌് കേന്ദ്രസർക്കാർ. കർണാടകത്തിന‌് പ്രളയദുരിതാശ്വാസമായി 546.21 കോടി രൂപ  അധികസഹായം അനുവദിച്ച കേന്ദ്രം പ്രളയക്കെടുതിയിൽനിന്ന‌് പൂർണമായും ഇതുവരെ  കരകയറിയിട്ടില്ലാത്ത കേരളത്തിനെ വീണ്ടും തഴഞ്ഞു.

തിങ്ക‌ളാഴ‌്ചയാണ‌് കർണാടകത്തിന‌് കേന്ദ്രസർക്കാർ 546.21 കോടി രൂപയുടെ അധികസഹായം അനുവദിച്ചത‌്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ‌്നാഥ‌് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി യോഗമാണ‌് തീരുമാനമെടുത്തത‌്. 2018–-19 കാലയളവിലുണ്ടായ പ്രളയം, മണ്ണിടിച്ചിൽ എന്നിവ പരിഗണിച്ച‌് ദേശീയ ദുരന്ത പ്രതികരണ ഫണ്ടിൽ (എൻഡിആർഎഫ‌്)നിന്നാണ‌് തുക അനുവദിച്ചത‌്.

20000 കോടി രൂപയിലേറെ നഷ‌്ടം കണക്കാക്കിയ പ്രളയത്തിൽ കേരളത്തിന‌് കേന്ദ്രസർക്കാർ മുമ്പ‌് പ്രഖ്യാപിച്ചത‌് 600 കോടി രൂപയുടെ സഹായംമാത്രം. ചട്ടപ്രകാരം 4900 കോടി രൂപ നൽകണമെന്ന‌് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ പുനർനിർമാണത്തിന‌് വിദേശരാജ്യങ്ങളിൽനിന്നുള്ള ധനസഹായവും കേന്ദ്രം തടഞ്ഞു. യുഎഇ നൽകാൻ തീരുമാനിച്ച 700 കോടി രൂപ ഉൾപ്പെടെയാണ‌് തടഞ്ഞത‌്. രാജ്യത്തിന‌് പ്രളയദുരന്തത്തെ ഒറ്റയ‌്ക്ക‌് നേരിടാൻ കരുത്തുണ്ടെന്നും വിദേശ സഹായം തേടേണ്ടതില്ലെന്നുമായിരുന്നു കേന്ദ്ര നിലപാട‌്.

പ്രഖ്യാപിച്ച 600 കോടി ഇടക്കാല സഹായമാണെന്നും കണക്കെടുപ്പ‌് പൂർത്തിയായാൽ കൂടുതൽ സഹായം അനുവദിക്കുമെന്നും ധനമന്ത്രി അരുൺ ജെയ‌്റ്റ‌്‌ലി പറഞ്ഞിരുന്നു. പുനരധിവാസ പ്രവർത്തനങ്ങളിലും സഹായമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാസങ്ങൾ പിന്നിട്ടിട്ടും  അധിക ധനസഹായത്തെക്കുറിച്ച‌്  കേന്ദ്രം മൗനം തുടരുകയാണ‌്. 

കനത്ത മഴയെത്തുടർന്ന‌് കുടക‌് ജില്ലയിൽ വെള്ളപ്പൊക്കത്തിലുണ്ടായ നഷ‌്ടം പരിഹരിക്കാൻ 2000 കോടി രൂപയാണ‌് കർണാടകം ആവശ്യപ്പെട്ടത‌്. 3000 കോടിയുടെ നാശനഷ‌്ടമാണ‌് കണക്കാക്കിയത‌്. ധനമന്ത്രി അരുൺ ജെയ‌്റ്റ‌്‌ലി, കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻ സിങ‌് തുടങ്ങിയവർ ഉൾപ്പെട്ട സമിതിയാണ‌് കർണാടകത്തിനുള്ള അധിക ധനസഹായത്തിൽ തീരുമാനമെടുത്തത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top