20 April Friday

കഠ് വ സംഭവം നിഷ്ഠുരം: സുപ്രീംകോടതി, സുരക്ഷ ഉറപ്പാക്കണം

എം അഖിൽUpdated: Monday Apr 16, 2018

 


ന്യൂഡൽഹി > രാജ്യത്തെ ഞെട്ടിച്ച കഠ്വ സംഭവത്തിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ കുടുംബത്തിനും അഭിഭാഷകയ്ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ജമ്മു കശ്മീർ സർക്കാരിന് കർശന നിർദേശം നൽകി. കഠ്വ സംഭവം 'നിഷ്ഠുരമെന്ന്' ഇടക്കാലഉത്തരവിൽ നിരീക്ഷിച്ച കോടതി, കേസിന്റെ വിചാരണ ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിന് നോട്ടീസയച്ചു. പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നവരുടെ ഭീഷണി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടിയുടെ കുടുംബത്തിനും അഭിഭാഷക ദീപിക സിങ് രെജാവത്തിനും സഹായി താലിബ് ഹുസൈനും പൊലീസ് സുരക്ഷയേർപ്പെടുത്തണമെന്ന് ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകിയത്.

ജമ്മു കശ്മീരിൽ സാഹചര്യം വർഗീയമായി ധ്രുവീകരിക്കപ്പെട്ടതിനാൽ നീതിപൂർവകമായ വിചാരണ സാധ്യമാകാൻ കേസ് ചണ്ഡീഗഡിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട്് പെൺകുട്ടിയുടെ പിതാവാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിഷയത്തിൽ ഈ മാസം 27നുള്ളിൽ പ്രതികരണം അറിയിക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചു.  നിലവിൽ കഠ്വ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് കേസ്. ഇപ്പോൾനടക്കുന്ന ക്രൈംബ്രാഞ്ച് അനേഷണത്തിൽ തൃപ്തിയുണ്ടെന്നും എന്നാൽ, അന്വേഷണം അട്ടിമറിക്കാൻ ചില കേന്ദ്രങ്ങളിൽനിന്ന് ശക്തമായ സമ്മർദമുണ്ടെന്നും പിതാവ് ചൂണ്ടിക്കാട്ടി. കാലതാമസമില്ലാതെയും സുതാര്യമായും അന്വേഷണവും വിചാരണയും ഉറപ്പാക്കാൻ കോടതിയുടെ മേൽനോട്ടം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

കേസ് കേന്ദ്ര ഏജൻസിയായ സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കാൻ കോടതി വിസമ്മതിച്ചു. പ്രതികൾക്ക് വേണ്ടി പരസ്യമായി രംഗത്തുവന്ന ഹിന്ദു ഏകതാ മഞ്ച് അടക്കമുള്ള സംഘടനകളുടെ ആവശ്യവും കേസ് സിബിഐക്ക് കൈമാറണമെന്നതാണ്. എന്നാൽ, ക്രൈംബ്രാഞ്ച് സംഘം  അന്വേഷണത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് തൃപ്തിയുള്ള സാഹചര്യത്തിൽ മൂന്നാമതൊരു കക്ഷിയുടെ വാദം കേൾക്കേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാൻവിൽക്കർ എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.കേസിൽ ജുവനൈൽ ഹോമിൽ പാർപ്പിച്ചിരിക്കുന്ന പ്രായപൂർത്തിയാകാത്ത പ്രതിയുടെ സുരക്ഷ ശക്തമാക്കണെന്ന ഒരുവിഭാഗത്തിന്റെ ആവശ്യത്തിൽ ഉചിത നടപടി സ്വീകരിക്കാനും കോടതി സർക്കാരിനോട് നിർദേശിച്ചു.

നിലവിൽ കുടുംബത്തിന് അഞ്ച് പൊലീസുകാരുടെ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കൂടുതൽ സുരക്ഷ ആവശ്യമെങ്കിൽ ഏർപ്പാടുമുണ്ടാക്കാമെന്നും ജമ്മു കശ്മീർ സർക്കാർ കോടതിയെ  അറിയിച്ചു.

പ്രധാന വാർത്തകൾ
Top