21 November Wednesday

കശ‌്മീരിൽ ഏറ്റുമുട്ടൽ; 3 ഭീകരർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 17, 2018

ശ്രീനഗർ > ശ്രീനഗറിൽ ഭീകരരും സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന‌് ഭീകരരെ വധിച്ചു. മണിക്കൂറുകളോളം നീണ്ട ഏറ്റുമുട്ടലിൽ ഒരു പൊലീസുദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ബുധനാഴ‌്ച രാവിലെ ശ്രീനഗർ ഫത്തേകദാൽ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. മെഹ‌്റാജുദ്ദീൻ ബംഗ്രു, ഫഹദ‌്‌വാസ, റയീസ‌് എന്നിവരാണ‌് കൊല്ലപ്പെട്ട ഭീകരരെന്ന‌് തിരിച്ചറിഞ്ഞു. കമാൽ എന്ന പൊലീസുകാരനാണ‌് മരിച്ചതെന്ന‌് പൊലീസ‌് വക്താവ‌് അറിയിച്ചു.

അതിർത്തി വഴി നുഴഞ്ഞുകയറിയ ഭീകരർ ഫത്തേകദാലിലെ വീട്ടിൽ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ‌് സുരക്ഷാസേന സ്ഥലത്തെത്തിയത‌്. പൊലീസും സൈന്യവും ചേർന്നുള്ള സംയുക്ത പരിശോധനയ‌്ക്കിടെ ഭീകരർ സുരക്ഷാ സൈനികർക്കുനേരെ വെടിയുതിർത്തു. തുടർന്നായിരുന്നു ഏറ്റുമുട്ടൽ. മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ‌്. വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി നൽകി. ഇന്റർനെറ്റ് സേവനങ്ങളും മറ്റും വിച്ഛേദിച്ചു.

അതിനിടെ ഏറ്റുമുട്ടൽമേഖലയിൽ റിപ്പോർട്ട‌് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ സുരക്ഷാ സൈനികർ മർദിച്ചു.
ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലത്തുനിന്ന‌് വിട്ടുപോകണമെന്ന നിർദേശം നിരാകരിച്ചതിനെ തുടർന്നാണ‌് മാധ്യമപ്രവർത്തകരെ മർദിച്ചത‌്.


പ്രധാന വാർത്തകൾ
Top