12 December Wednesday

ബിജെപിക്ക്‌ തിരിച്ചടി: വിശ്വാസവോട്ടെടുപ്പ്‌ നാളെ വേണമെന്ന്‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday May 18, 2018

ന്യൂഡൽഹി> കർണാടകയിൽ ബിജെപി ആദ്യം ഭൂരിപക്ഷം തെളിയിക്കട്ടെയെന്ന്‌ സുപ്രീംകോടതി.നാളെ നാലിന്‌ നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ്‌ നടത്താനും കോടതി ഉത്തരവായി.ഭുരിപക്ഷമില്ലാതിരുന്നിട്ടും ബിജെപിയെ സർക്കാർ രൂപീകരിക്കാൻ അനുവദിച്ചതിനെതിരെ കോൺഗ്രസ്‌ നൽകിയ ഹർജിയിലാണ്‌ സുപ്രീംകോടതിയുടെ തീരുമാനം.ജസ്​റ്റിസുമാരായ എ എസ്‌ സിക്രി, അശോക്​ഭൂഷൺ, ബോബ്​ടെ എന്നീ മൂന്നംഗ ബെഞ്ചാണ്​ വാദം കേൾക്കുന്നത്‌. 

ഭുരിപക്ഷം തെളിയിക്കാൻ കൂടുതൽ സമയം വേണമെന്ന ബിജെപി നിലപാടും തള്ളി.രഹസ്യ ബാലറ്റ് വേണമെന്ന അറ്റോർണി ജനറലിന്റെ ആവശ്യം തള്ളി. ഏതു രീതിയിൽ വോട്ടെടുപ്പ് വേണമെന്ന് പ്രോടെം സ്പീക്കർ തീരുമാനിക്കും. എംഎൽഎമാരുടെ സുരക്ഷ ഉറപ്പാക്കാനും നിർദ്ദേശം നൽകി.ഡി. ജി.പി ആവശ്യമായ സുരക്ഷ ഒരുക്കണം.ഭുരിപക്ഷം തെളിയിക്കാൻ 15 ദിവസമാണ്‌ ഗവർണർ യെദ്യൂരപ്പക്ക്‌ അനുവദിച്ചിരുന്നത്‌. ഇതും സുപ്രീംകോടതി വിധിയോടെ റദ്ദായി.

നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ നിന്ന് യെദ്യൂരപ്പയെ കോടതി വിലക്കി. ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യാനുള്ള യദ്യൂരപ്പയുടെ നീക്കം വിലക്കി. വോട്ടെടുപ്പിൽ ഒരുവോട്ടുകൂടി കൂട്ടിചേർക്കാമെന്ന ബിജെപിയുടെ ശ്രമമാണ്‌ ഇതിലൂടെ പരാജയപ്പെട്ടത്‌.

മുഴുവൻ എംഎൽഎമാരുടെയും  ഒപ്പില്ലാതെയാണ്‌ ബി എസ്‌ യെദ്യൂരപ്പ ഗവർണർക്ക്‌ കത്ത്‌ നൽകിയത്‌. ഇതുവെച്ച്‌  എങ്ങിനെയാണ്‌ ഗവർണർ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചതെന്ന്‌ വാദം കേൾക്കുന്നതിനിടെ  ജസ്‌റ്റിസ്‌ എ സ്‌ സിക്രി ചോദിച്ചു.

ബിജെപിക്ക്‌ ഒറ്റക്ക്‌ ഭൂരിപക്ഷമില്ലെന്ന്‌ കോൺഗ്രസ്‌ വാദിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ കോൺഗ്രസിന്‌ അവസരം നൽകണം. കോൺഗ്രസ്‌ ‐ ജെഡിഎസ്‌ എംഎൽഎമാർ ഒപ്പിട്ട പൂർണലിസ്‌റ്റാണ്‌ ഗവർണർക്ക്‌ നൽകിയിട്ടുള്ളത്‌. എന്നിട്ടും ഗവർണർ ബിജെപിയെ ക്ഷണിക്കുകയായിരുന്നു. ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ  15 ദിവസം അനുവദിച്ചത്‌ ദുഷ്‌ടലാക്കോടെയാണെന്നും കോൺഗ്രസ്‌ വാദിച്ചു.

ഭൂരിപക്ഷമുണ്ടെന്നു കാട്ടി യെദ്യൂരപ്പ ഗവർണർ വാജുഭായ് വാലയ്ക്കു നൽകിയ രണ്ടു കത്തുകളാണ് ഇന്നു സുപ്രീംകോടതി പരിഗണിച്ചത്‌. കോൺഗ്രസ് – ജെഡിഎസ് സഖ്യം നൽകിയ കത്തിൽ തങ്ങൾക്കു 117 സീറ്റിന്റെ ഭൂരിപക്ഷമുണ്ടെന്നു പറഞ്ഞിരുന്നു. വ്യക്തമായ ഭൂരിപക്ഷം അവകാശപ്പെടുന്നവരെ മാറ്റിനിർത്തി യെദ്യൂരപ്പയെ  സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത് എന്തുകൊണ്ടാണെന്നാണ്‌ കോടതി പരിശോധിച്ചത്‌. 222 എംഎൽഎമാരിൽ ബിജെപി‐104. കോണഗ്രസ്‌‐ 78, ജെഡിഎസ്‌ ‐37. സ്വതന്ത്രർ‐3 എന്നിങ്ങനെയാണ്‌ കക്ഷി നില.
 

പ്രധാന വാർത്തകൾ
Top