23 July Monday

ഒറ്റക്കക്ഷി വാദം ബിജെപിയെ തിരിഞ്ഞു കൊത്തുന്നു

സാജൻ എവുജിൻUpdated: Friday May 18, 2018



ന്യൂഡൽഹി
ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന പേരിലാണ് കർണാടകത്തിൽ സർക്കാർ രൂപീകരിച്ചതെന്ന വാദം ബിജെപിയെ തിരിഞ്ഞുകൊത്തുന്നു. കർണാടക ഗവർണർ എടുത്ത നിലപാട് ബിഹാർ, ഗോവ, മണിപ്പുർ, മേഘാലയ, നാഗാലാൻഡ് ഗവർണർമാരും സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു. കർണാടകത്തിൽ ബിജെപി ഉന്നയിക്കുന്ന അവകാശവാദം ഈ അഞ്ച് സംസ്ഥാനത്തും പാലിക്കപ്പെട്ടില്ല.

ബിഹാറിൽ മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് വെള്ളിയാഴ്ച  ഗവർണറെ കാണുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് അറിയിച്ചു. ബിഹാറിൽ 2015ലെ തെരഞ്ഞെടുപ്പിനുമുമ്പുള്ള ജെഡിയു‐ആർജെഡി‐ കോൺഗ്രസ് സഖ്യത്തിൽ ഏറ്റവും കൂടുതൽ എംഎൽഎമാർ ആർജെഡിക്കായിരുന്നു. എന്നാൽ, സഖ്യധാരണപ്രകാരം ജെഡിയു നേതാവ് നിതീഷ്കുമാർ മുഖ്യമന്ത്രിയായി.

ഗോവയിൽ സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിച്ച് ഗവർണർ മൃദുല സിൻഹയെ വെള്ളിയാഴ്ച കാണുമെന്ന്  പിസിസി അധ്യക്ഷൻ ചന്ദ്രകാന്ത് കാവ്ലേക്കർ പറഞ്ഞു. 16 എംഎൽഎമാർ ഒപ്പിട്ട കത്ത് ഗവർണർക്ക് കൈമാറും.40 അംഗ നിയമസഭയിൽ ബിജെപി 13 സീറ്റിൽമാത്രമാണ് ജയിച്ചത്. കോൺഗ്രസ് 17 സീറ്റോടെ ഏറ്റവും വലിയ കക്ഷിയായി. എന്നാൽ, കേന്ദ്രഭരണാധികാരം ദുരുപയോഗിച്ച് മഹാരാഷ്ട്രവാദി ഗോമന്തക് പാർടിയുടെയും ഗോവ ഫോർവേഡ് പാർടിയുടെ മൂന്നുവീതം എംഎൽഎമാരെയും മൂന്ന് സ്വതന്ത്ര എംഎൽഎരെയും ബിജെപി വിലയ‌്ക്കെടുത്തു.  കോൺഗ്രസിന്റെ ഒരു എംഎൽഎയെ  രാജിവയ്പിക്കുകയും ചെയ്തു. മണിപ്പുരിൽ 60 അംഗ നിയമസഭയിൽ 28 സീറ്റ് ലഭിച്ച കോൺഗ്രസിന്റെ അവകാശവാദം തള്ളിയാണ് ഗവർണർ ബിജെപി മന്ത്രിസഭയ്ക്ക് വഴിയൊരുക്കിയത്. നാല് എൻപിപി എംഎൽഎമാരുടെ പിന്തുണയോടെ പുതിയ മന്ത്രിസഭ രൂപീകരിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രിയായിരുന്ന ഒക്രം ഇബോബി സിങ് ഗവർണറെ കണ്ട് അറിയിച്ചു. 21 അംഗങ്ങൾമാത്രമുള്ള ബിജെപി കുതിരക്കച്ചവടംവഴി അധികാരം പിടിച്ചു.

മേഘാലയ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുമാത്രം നേടിയ ബിജെപി അഞ്ച് പാർടികളുടെ സഖ്യമുണ്ടാക്കിയാണ് ഭൂരിപക്ഷം ഒപ്പിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു ഷില്ലോങ്ങിലെത്തി ചെറുകക്ഷികളെ സ്വാധീനിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി. 21 സീറ്റോടെ വലിയ ഒറ്റക്കക്ഷിയായി മാറിയ കോൺഗ്രസ് അധികാരത്തിനു പുറത്തായി. നാഷണൽ പീപ്പിൾസ് ഫ്രണ്ട് (എൻപിപി) നേതാവ് കോൺറെഡ് സാങ്മ മുഖ്യമന്ത്രിയായി. രണ്ട് എംഎൽഎമാരുള്ള പാർടികൾക്ക് മന്ത്രിസ്ഥാനം എന്ന വ്യവസ്ഥയിലൂടെ ബിജെപി ഒരു മന്ത്രിപദവിയും കരസ്ഥമാക്കി. നാഗാലാൻഡിൽ ഭരണകക്ഷിയായിരുന്ന നാഗാ പീപ്പിൾസ് ഫ്രണ്ട് 26 സീറ്റോടെ വലിയ ഒറ്റക്കക്ഷിയായിട്ടും ഗവർണർ ക്ഷണിച്ചില്ല.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top