19 June Tuesday

കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍ക്കും സസ്പെന്‍ഷന്‍

സ്വന്തം ലേഖകന്‍Updated: Monday Aug 14, 2017

ന്യൂഡല്‍ഹി > ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ പ്രാണവായു കിട്ടാതെ പിടഞ്ഞ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ രാപ്പകല്‍ കഷ്ടപ്പെട്ട ഡോക്ടറെ ആദിത്യനാഥ് സര്‍ക്കാര്‍ ആശുപത്രിജോലികളില്‍നിന്ന് ഒഴിവാക്കി.

ആശുപത്രിയുടെ ശിശുരോഗവിഭാഗം നോഡല്‍ ഓഫീസര്‍കൂടിയായ ഡോ. കഫീല്‍ അഹമ്മദിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കാരണം വ്യക്തമാക്കാതെയാണ് നടപടി. വ്യാഴാഴ്ച അര്‍ധരാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയും അടുത്തുള്ള ആശുപത്രികളിലേക്ക് പോയി ഓക്സിജന്‍ സിലിണ്ടറുകള്‍ കടംവാങ്ങി കൊണ്ടുവന്നാണ് ഡോ. കഫീല്‍ അഹമ്മദ് ഗുരുതരാവസ്ഥയിലായ കുഞ്ഞുങ്ങളെ ശുശ്രൂഷിച്ചത്. കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ശ്വസനസഹായി ഉപയോഗിച്ച് കുഞ്ഞുങ്ങള്‍ക്ക് പ്രാണവായു ഉറപ്പാക്കാന്‍ ഡോ. കഫീല്‍ ജൂനിയര്‍ ഡോക്ടര്‍മാരെ ചുമതലപ്പെടുത്തി. തുടര്‍ന്ന് ഓക്സിജന്‍ സിലണ്ടറുകള്‍ വിതരണംചെയ്യുന്ന ചില കമ്പനികളുമായി ബന്ധപ്പെട്ട്  കൈയിലെ പണംമുടക്കി സിലിണ്ടറുകള്‍ വാങ്ങി ആശുപത്രിയില്‍ എത്തിച്ചു.

ഡോ. കഫീലിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ മരണസംഖ്യ എത്രയോ ഉയര്‍ന്നേനെയെന്ന് രക്ഷിതാക്കളും ആശുപത്രിജീവനക്കാരും സാക്ഷ്യപ്പെടുത്തി. നിരവധി കുഞ്ഞുങ്ങളെ രക്ഷിക്കാനായെങ്കിലും 71 കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷപ്പെട്ടതില്‍ അതിയായ ദുഃഖമുണ്ടെന്നായിരുന്നു ഡോ. കഫീല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ദുരന്തമുഖത്ത് അടിയന്തര ഇടപെടല്‍ നടത്തിയ ഡോക്ടറെ കാരണമില്ലാതെ നീക്കിയ സര്‍ക്കാര്‍നടപടിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലുംമറ്റും രോഷം അലയടിക്കുകയാണ്.

പ്രധാന വാർത്തകൾ
Top