18 December Tuesday

കണ്ണന്താനത്തിന് സമര്‍പ്പിച്ച ടൂറിസം പദ്ധതികളില്‍ ഒന്നുപോലും അംഗീകരിച്ചില്ല; സംസ്ഥാന സര്‍ക്കാര്‍ പദ്ധതി വൈകിപ്പിക്കുന്നുവെന്ന പ്രചരണം അടിസ്ഥാന രഹിതം: കടകംപള്ളി

സ്വന്തം ലേഖകന്‍Updated: Thursday Aug 9, 2018


ന്യൂഡല്‍ഹി > സംസ്ഥാനം നല്‍കിയ എട്ട് ടൂറിസം പദ്ധതികള്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനു സമര്‍പ്പിച്ച പദ്ധതികളില്‍ ഒന്നുപോലും അംഗീകരിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതികളില്‍ കേന്ദ്രമന്ത്രിയുടെ അനുമതിമാത്രമാണ് ഇനി ലഭിക്കാനുള്ളതെന്ന് കടകംപള്ളി പറഞ്ഞു. അല്‍ഫോണ്‍സ് കണ്ണന്താനവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കടകംപള്ളി.

സംസ്ഥാനത്ത് 2015ന് ശേഷം അനുവദിച്ച നാല് ടൂറിസം പദ്ധതികളില്‍ രണ്ടെണ്ണം ഉടന്‍ പൂര്‍ത്തിയാകും. ഗവി-വാഗമണ്‍ പദ്ധതി, തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രം-ആറന്മുള ക്ഷേത്രം പദ്ധതി എന്നിവയാണ് ഉദ്ഘാടനത്തിന് തയാറെടുക്കുന്നത്. ശബരിമല വികസന പദ്ധതി, ഗുരുവായൂര്‍ ക്ഷേത്രം-മുനിസിപ്പാലിറ്റി നവീകരണ പദ്ധതി എന്നിവയുടെ പ്രവര്‍ത്തനം നടക്കുന്നു. ഹൈക്കോടതി ചുമതലപ്പെടുത്തിയ ഉന്നതാധികാര സമതി, വനംവകുപ്പ് എന്നിവയുടെ അനുമതികള്‍ ഏകോപിപ്പിച്ച് ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കഴിഞ്ഞു.

മലനാട്-മലബാര്‍ ക്രൂയിസ് പദ്ധതി ഉള്‍പ്പെടെ എട്ട് പദ്ധതികള്‍ക്കാണ് അനുമതി കിട്ടാനുള്ളത്. ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കാനുള്ള പദ്ധതി സമര്‍പ്പിച്ചുകഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട തിരുത്തലുകളോടെ പുതിയ പദ്ധതിയും സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ പദ്ധതി വൈകിപ്പിക്കുന്നുവെന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കടകംപള്ളി പറഞ്ഞു.

അല്‍ഫോണ്‍സ് കണ്ണന്താനം താല്‍പര്യം പ്രകടിപ്പിച്ച ബീച്ചുകളുടെ നവീകരണ പദ്ധതിക്കും അനുമതി ലഭിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് പദ്ധതികളുടെ അനുമതി വൈകിപ്പിക്കുന്നതെന്നാണ് മനസിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന പ്രധാന വള്ളം കളികള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നുണ്ട്. 20 കോടി രൂപ ഇതിനായി സംസ്ഥാനം വകയിരുത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും പല വള്ളം കളികള്‍ക്കും ധനസഹായം നല്‍കുന്നു. ഇത് തുടര്‍ന്നുപോകുന്ന രീതിയാണ്. എല്ലാ വള്ളം കളിക്കും നിശ്ചിത തുക നല്‍കാന്‍ കേന്ദ്രം തയാറാകണമെന്ന് കൂടിക്കാഴ്‌ചയില്‍ ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. ഇതിനായി നിര്‍ദ്ദേശം സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ശബരിമല സ്‌‌ത്രീ പ്രവേശനത്തില്‍ ബലംപിടിത്തത്തിനില്ലെന്നും സമവായത്തിലൂടെ മുന്നോട്ടുപോവുക എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു. സുപ്രിംകോടതി വിധിക്കു മുമ്പ് മുന്നൊരുക്കത്തിന്റെ ആവശ്യമില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top