22 September Saturday

ജസ്‌റ്റിസ്‌ കെ എം ജോസഫ്‌ സുപ്രീംകോടതി ജഡ്‌ജിയാകും; നിയമനശുപാർശ അംഗീകരിച്ചതായി സൂചന

വെബ് ഡെസ്‌ക്‌Updated: Friday Aug 3, 2018


ന്യൂഡൽഹി> ജസ്‌റ്റിസ്‌  കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി സൂചന.നിയമനം ഉടന്‍ ഉണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരുടെ പേരുകളും സുപ്രീംകോടതി ജഡ്‌ജിയാകുവാൻ അംഗീകരിച്ചു.

ഉത്തരാഖണ്ഡ്‌ ചീഫ്‌ ജസ്‌റ്റിസായ കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്‌ജിയാക്കണമെന്ന്‌  കൊളിജിയം കഴിഞ്ഞ ജനുവരിയിൽ ശുപാർശ ചെയതിരുന്നു. എന്നാൽ കൊളീജിയം നൽകിയ പാനലിലെ ഇന്ദുമൽഹോത്രയെ നിയമിച്ച സർക്കാൻ കെ എം ജോസഫിനെ ഒഴിവാക്കുകയായിരുന്നു. ഇതേറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. ഉന്നത ജുഡീഷ്യറിയിലും കെ എം ജോസഫിന്റെ നിയമനം വൈകുന്നത്‌ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

എപ്രിലിൽ കൊളീജിയം വീണ്ടും  ഇന്ദിര ബാനർജി, വിനീത്‌ ശരൺ എന്നിവരുടെ പേരുകൾക്കൊപ്പം കെ എം ജോസഫിന്റെ പേര്‌ ശുപാർശ ചെയ്യുകയായിരുന്നു. ചീഫ്‌ ജസ്‌റ്റിസ്‌ ദീപക് മിശ്ര ജഡ്‌ജിമാരായ രഞ്‌ജൻ ഗൊഗോയ്‌, മദൻ ബി ലോക്കൂർ, കുര്യൻ ജോസഫ്‌, എ കെ സിക്രി എന്നിവടങ്ങിയ കൊളീജിയമാണ്‌ ശുപാർശ ചെയ്‌തത്‌. കെ എം ജോസഫിന്റെ പേര്‌ പ്രത്യേകമായാണ്‌ ശുപാർശ ചെയ്‌തത്‌. 

ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കേന്ദ്രഓർഡിനൻസ് ഭരണഘടനാവിരുദ്ധമെന്നു കണ്ടെത്തി ജസ്റ്റിസ് കെ എം ജോസഫ് റദ്ദാക്കിയിരുന്നു. ഇതിനുള്ള പ്രതികാരനടപടിയായാണ‌് അദ്ദേഹത്തെ സുപ്രീംകോടതിയിലേക്ക് ഉയർത്താമെന്ന കൊളീജിയം ശുപാർശ അന്ന്‌ അംഗീകരിക്കാതിരുന്നത്‌.   രാഷ്ട്രപതിക്കും തെറ്റ് സംഭവിക്കാമെന്നും കോടതിക്ക് അത് തിരുത്താനുള്ള അധികാരമുണ്ടെന്നുമുള്ള ജസ്റ്റിസ് കെ എം ജോസഫിന്റെ നിരീക്ഷണം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയിലേക്ക് ഉയർത്തുന്നതിനു മുമ്പ് ജസ്റ്റിസ് കെ എം ജോസഫിനെ മദ്രാസ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റണമെന്നും കൊളീജിയം ശുപാർശ ചെയ്തിരുന്നു. ഈ ശുപാർശയിലും കേന്ദ്രസർക്കാർ തീരുമാനമെടുത്തിരുന്നില്ല.  നിലവിലുള്ള ഹൈക്കോടതി ചീഫ്ജസ്റ്റിസുമാരിൽ ഏറ്റവും സീനിയറാണ് ജസ്റ്റിസ് ജോസഫ‌്. ഫെബ്രുവരിയില്‍ കെ എം ജോസഫിനെ ഒഴിവാക്കി കൊളീജിയം അഞ്ച് ജഡ്ജിമാരുടെ ശുപാര്‍ശ നടത്തിയതിനെതിരെ ജസ്റ്റിസ് ചെലമേശ്വര്‍ രംഗത്തെത്തിയിരുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top