20 May Sunday

ജസ‌്റ്റിസ‌് കെ എം ജോസഫിന്റെ നിയമനം; കൊളീജിയം അന്തിമനിലപാട് മാറ്റി

സ്വന്തം ലേഖകൻUpdated: Friday May 18, 2018


ന്യൂഡൽഹി
ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ വീണ്ടും ശുപാർശ ചെയ്യുന്നതിൽ കൊളീജിയം അന്തിമനിലപാട് മാറ്റി. ജസ്റ്റിസ് ജോസഫിന്റെ പേര് വീണ്ടും ശുപാർശചെയ്യാൻ മെയ് 11നുചേർന്ന കൊളീജിയം യോഗം തത്വത്തിൽ തീരുമാനിച്ചിരുന്നു. ഇതോടൊപ്പം മറ്റ് ചില പേരുകളും അയക്കാൻ ധാരണയായി. ബുധനാഴ്ച രണ്ട് മണിക്കൂറോളം കൊളീജിയം ചർച്ച നടത്തിയെങ്കിലും ഇക്കാര്യത്തിൽ തീരുമാനത്തിലെത്താനായില്ല.

അതേസമയം, ജസ്റ്റിസ് ജോസഫിന്റെ പേര് മാത്രമായി സർക്കാരിലേക്ക് അയക്കാമായിരുന്നു. ആദ്യശുപാർശ തള്ളിയ കേന്ദ്രത്തിന‌് കൊളീജിയം വീണ്ടും അതേ പേര് അയച്ചാൽ അംഗീകരിക്കേണ്ടിവരും. കൊളീജിയം തീരുമാനം ഐകകണ്ഠ്യേന ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ചീഫ് ജസ്റ്റിസിനുപുറമെ സുപ്രീംകോടതിയിലെ നാല് മുതിർന്ന ജഡ്ജിമാർ ഉൾപ്പെട്ടതാണ് കൊളീജിയം. ഇവരിൽ ഒരാളായ ജസ്റ്റിസ് ജെ ചലമേശ്വർ 22ന‌് വിരമിക്കും. വെള്ളിയാഴ്ച വേനലവധിക്ക് കോടതി അടയ്ക്കുന്നതിനാൽ ജസ്റ്റിസ് ചലമേശ്വറിന‌് അടുത്ത യോഗത്തിൽ പങ്കെടുക്കാൻ കഴിയുമെന്ന‌് ഉറപ്പില്ല. അടുത്ത യോഗത്തിന്റെ തീയതി തീരുമാനിച്ചതുമില്ല.

ജസ്റ്റിസ് ചലമേശ്വറിന്റെ വിരമിക്കലിനുശേഷം ജസ്റ്റിസ് എ കെ സിക്രിയാണ് കൊളീജിയത്തിൽ പുതുതായി എത്തുക. ഈ സാഹചര്യത്തിൽ ജസ്റ്റിസ് ജോസഫിന്റെ പേര് വീണ്ടും  അയക്കുന്നത് വൈകിയേക്കും. ബാലിശമായ കാരണങ്ങൾ ഉന്നയിച്ചാണ് ജസ്റ്റിസ് ജോസഫിന്റെ നിയമനശുപാർശ കേന്ദ്രം നേരത്തെ തള്ളിയത്. ഉത്തരാഖണ്ഡിൽ കഴിഞ്ഞ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് രാഷ്ട്രീയഅട്ടിമറിക്ക് ശ്രമിച്ച ബിജെപിയുടെ നീക്കം തകർന്നത് ജസ്റ്റിസ് ജോസഫിന്റെ ഉത്തരവിനെ തുടർന്നായിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top