15 November Thursday

ജസ്റ്റിസ് ജോസഫിന്റെ സീനിയോറിറ്റി കവരും ; ചീഫ് ജസ്റ്റിസിന‌് പരാതിയുമായി ജഡ്ജിമാർ

എം പ്രശാന്ത്Updated: Monday Aug 6, 2018


ന്യൂഡൽഹി
ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചെങ്കിലും അദ്ദേഹത്തിന്റെ സീനിയോറിറ്റി നഷ്ടപ്പെടുത്താനുള്ള നീക്കത്തിൽ  ജഡ്ജിമാരില്‍ അമര്‍ഷം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇറക്കിയ ഉത്തരവ് പ്രകാരം സത്യപ്രതിജ്ഞാ പട്ടികയിൽ മൂന്നാമനാണ് ജസ്റ്റിസ് ജോസഫ്. ഇതോടെ ആദ്യം ശുപാര്‍ശ ലഭിച്ചെങ്കിലും ഒപ്പം അധികാരമേല്‍ക്കുന്ന രണ്ട് ജഡ്ജിമാരേക്കാൾ ജൂനിയറായി ജസ്റ്റിസ് ജോസഫ് മാറും.  കേന്ദ്ര സർക്കാരിന്റെ അനാവശ്യ ഇടപെടലാണ‌് ഇതെന്ന് ചൂണ്ടിക്കാട്ടി ജഡ്ജിമാർ തിങ്കളാഴ്ച ചീഫ്ജസ്റ്റിസ് ദീപക‌് മിശ്രയെ കണ്ട് പരാതി ബോധിപ്പിക്കും.

ജസ്റ്റിസ് ജോസഫിനു പുറമെ ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, വിനീത് സരൺ എന്നിവരാണ് ചൊവ്വാഴ്ച  സത്യപ്രതിജ്ഞ ചെയ്യുക. സുപ്രീംകോടതി കൊളീജിയം ഇവരേക്കാള്‍ മുമ്പേ ശുപാർശ ചെയ്തത് ജസ്റ്റിസ് ജോസഫിന്റെ പേരായിരുന്നു. എന്നാൽ, ആദ്യ ശുപാർശ കേന്ദ്രം മടക്കി. തുടർന്ന് വീണ്ടും കൊളീജിയം ശുപാർശ ആവർത്തിച്ചു. ഇത് കണക്കിലെടുക്കുമ്പോൾ  പട്ടികയിൽ ആദ്യം വരേണ്ടിയിരുന്നത് ജസ്റ്റിസ് ജോസഫാണെന്ന് സുപ്രീംകോടതി ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടുന്നു.

നിയമിതനാകുന്ന തീയതി കണക്കാക്കിയാണ് സുപ്രീംകോടതി ജഡ്ജിമാരുടെ സീനിയോറിറ്റി നിശ്ചയിക്കുന്നത്. ഒരേ ദിവസം നിയമിക്കപ്പെട്ടവരാണെങ്കിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്തത് ആരെന്ന് നോക്കിയാകും സീനിയോറിറ്റി തീരുമാനിക്കുക. മൂന്നാമനായി സത്യപ്രതിജ്ഞ ചെയ്യുന്ന ജസ്റ്റിസ് കെ എം ജോസഫ് ഫലത്തിൽ സുപ്രീംകോടതിയിലെ ഏറ്റവും ജൂനിയർ ജഡ്ജിയായി മാറും. എന്നാൽ, ഒപ്പം സത്യപ്രതിജ്ഞ ചെയ്യുന്ന മറ്റ് രണ്ടുപേരെക്കാൾ സർവീസ് കാലയളവ് ജസ്റ്റിസ് ജോസഫിനുണ്ട്. ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്ന ജസ്റ്റിസ് ഇന്ദിര ബാനർജി 2022 സെപ്തംബർ ഒമ്പതിന് വിരമിക്കും. രണ്ടാമത് സത്യപ്രതിജ്ഞ ചെയ്യുന്ന ജസ്റ്റിസ് സരണാകട്ടെ 2022 മെയ് 10ന് വിരമിക്കും. എന്നാൽ, ജസ്റ്റിസ് ജോസഫിന് 2023 ജൂൺ 16 വരെ കാലാവധിയുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top