17 November Saturday

ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമനം : കേന്ദ്രം വഴങ്ങി

എം അഖിൽUpdated: Saturday Aug 4, 2018


ന്യൂഡൽഹി
സുപ്രീംകോടതി കൊളീജിയം നിലപാടിൽ ഉറച്ചുനിന്നതോടെ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ‌്ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതിയിലേക്ക് ഉയർത്താൻ ഒടുവിൽ കേന്ദ്രസർക്കാർ സമ്മതിച്ചു. ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണമേർപ്പെടുത്തിയ കേന്ദ്രഓർഡിനൻസ് ഭരണഘടനാവിരുദ്ധമെന്ന് വിധിച്ച ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമനം ഏഴു മാസത്തോളമാണ് കേന്ദ്രം വൈകിപ്പിച്ചത്. നിയമനം വൈകിപ്പിക്കൽ പരമോന്നത നീതിപീഠവുമായി തുറന്ന ഏറ്റുമുട്ടലിന് വഴിയൊരുക്കിയപ്പോൾ മറ്റു മാർ​ഗമില്ലാതെയാണ് കേന്ദ്രം നിലപാട് തിരുത്തിയത്. കൊളീജിയം രണ്ടാംതവണയും ശുപാർശ ചെയ്യുന്ന ജഡ്ജിമാരുടെ പേരുകൾ തിരിച്ചയക്കുന്നത് സുപ്രീംകോടതി ഉത്തരവുകളുടെ കടുത്ത ലംഘനമായേക്കുമെന്ന നിയമോപദേശവും നിയമനം അംഗീകരിക്കാൻ കേന്ദ്രത്തെ നിർബന്ധിതമാക്കി. ജസ്റ്റിസ് കെ എം ജോസഫിനൊപ്പം മദ്രാസ് ഹൈക്കോടതി ചീഫ്ജസ്റ്റിസ് ഇന്ദിരാബാനർജി, ഒറീസ ഹൈക്കോടതി ചീഫ്ജസ്റ്റിസ് വിനീത്സരൺ എന്നിവരെയും സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാമെന്ന ശുപാർശ നിയമമന്ത്രാലയം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു. കേരള ഹൈക്കോടതി ആക്ടിങ് ചീഫ്ജസ്റ്റിസ് ഹൃഷികേശ് റോയിയെ ചീഫ്ജസ്റ്റിസായി നിയമിക്കാമെന്ന ശുപാര്‍ശയും കൈമാറിയിട്ടുണ്ട്.

ജസ്റ്റിസ് കെ എം ജോസഫിനെയും മുതിർന്ന അഭിഭാഷക ഇന്ദുമൽഹോത്രയെയും സുപ്രീംകോടതി ജഡ്ജിമാരാക്കാമെന്ന് ജനുവരി പത്തിനാണ് കൊളീജിയം ആദ്യം ശുപാർശ ചെയ‌്തത‌്. 'രാജ്യത്തെ ഹൈക്കോടതികളിലെ ചീഫ്ജസ്റ്റിസുമാരുമായും മറ്റ് ജഡ്ജിമാരുമായും താരതമ്യപ്പെടുത്തിയാൽ സുപ്രീംകോടതിയിലേക്ക് ഉയർത്താൻ ഏറ്റവും അർഹനും യോഗ്യനും'‐ എന്നാണ് ജസ്റ്റിസ് കെ എം ജോസഫിനെക്കുറിച്ച് കൊളീജിയം ശുപാർശയിൽ പറഞ്ഞത്. എന്നാൽ, ജസ്റ്റിസ് ജോസഫിന്റെ നിയമനം ഒരുകാരണവശാലും അംഗീകരിക്കില്ലെന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്തു. കൊളീജിയം ശുപാർശ സർക്കാർ പൂഴ്ത്തിയതിനെത്തുടർന്ന് മുതിർന്ന ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് ജെ ചെലമേശ്വർ മാർച്ച് 21ന് ചീഫ്ജസ്റ്റിസിനും സഹജഡ്ജിമാർക്കും കത്തയച്ചു. ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ നിയന്ത്രിക്കാൻ സുപ്രീംകോടതി ഫുൾകോർട്ട് യോഗംവിളിക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. തുടർന്ന്, ഏപ്രിൽ ഒമ്പതിന് സുപ്രീംകോടതിയിലെതന്നെ ജസ്റ്റിസ് കുര്യൻജോസഫും ചീഫ്ജസ്റ്റിസിനും സഹജഡ്ജിമാർക്കും കത്തുനൽകി.

ജഡ്ജിമാരുടെ നിയമനവിഷയത്തിൽ ഏഴംഗബെഞ്ച് രൂപീകരിച്ച് തീരുമാനം എടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. പിന്നാലെ ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗൊയ്, മദൻ ബി ലോക്കുർ തുടങ്ങിയവരും ചീഫ്ജസ്റ്റിസിന് കത്ത് കൈമാറി. വിഷയം വിവാദമായതിനെ തുടർന്ന്, ഏപ്രിൽ 25ന് ഇന്ദുമൽഹോത്രയുടെ നിയമനം അംഗീകരിക്കുന്നതായും ജസ്റ്റിസ് ജോസഫിന്റെ ശുപാർശ പുനഃപരിശോധിക്കണമെന്നും നിയമമന്ത്രാലയം ചീഫ്ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. ജഡ്ജിമാരുടെ അഖിലേന്ത്യാ സീനിയോറിറ്റി പട്ടികയിൽ ജസ്റ്റിസ് ജോസഫ് പിന്നിലാണെന്നും അദ്ദേഹത്തിന്റെ മാതൃകോടതിയായ കേരള ഹൈക്കോടതിക്ക് സുപ്രീംകോടതിയിൽ മതിയായ പ്രാതിനിധ്യമുണ്ടെന്നും ഉൾപ്പെടെയുള്ള വാദങ്ങളാണ് സർക്കാർ ഉന്നയിച്ചത്.

എന്നാൽ, സർക്കാർവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാണിച്ച് നിരവധി ഭരണഘടനാവിദഗ്ധരും വിരമിച്ച ജഡ്ജിമാരും മുതിർന്ന അഭിഭാഷകരും പ്രതിപക്ഷവും രംഗത്തെത്തി. മാർച്ച് 11ന് ചേർന്ന കൊളീജിയം യോഗം ജസ്റ്റിസ് ജോസഫിന്റെ പേര് വീണ്ടും ശുപാർശ ചെയ്യണമെന്ന തീരുമാനം തത്വത്തിൽ അംഗീകരിച്ചു. ജൂലൈ 16ന‌് രണ്ടാമതും കൊളീജിയം നിയമമന്ത്രാലയത്തിന് ശുപാർശ കൈമാറുകയായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top