23 September Sunday

അറസ്റ്റ് ചെയ്ത പൊലീസുകാരിൽനിന്ന് ജെഎൻയു വിദ്യാർഥികൾ സമാഹരിച്ചത് 1321 രൂപ; ദുരിതാശ്വാസ നിധിയിലേക്ക്‌ ഇതുവരെ പിരിച്ച തുക 4 ലക്ഷം

സ്വന്തം ലേഖകൻUpdated: Monday Aug 20, 2018

പ്രളയം നേരിടുന്ന കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച്‌ പ്രകടനം നടത്തിയ ജെഎൻയു വിദ്യാർഥികളെ അറസ്റ്റ്‌ ചെയ്‌ത്‌ നീക്കുന്നു

ന്യൂഡൽഹി > പ്രളയക്കെടുതിയിലായ കേരളത്തിന് സഹായവുമായി ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർഥികളും. സർവകലാശാലയിലും ഡൽഹിയിലെ വിവിധ മേഖലകളിൽനിന്നും നാല് ലക്ഷം രൂപ വിദ്യാർഥികൾ പിരിച്ചെടുത്തു. കേരളത്തിന് അർഹമായ സഹായങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയത്തിലേക്ക് ശനിയാഴ്ച മാർച്ച് നടത്തിയ വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചിരുന്നു. കസ്റ്റഡിയിലിരിക്കെ പൊലീസ് സ്‌റ്റേഷനിൽ നിന്ന് ദുരിതാശ്വാസഫണ്ടിലേക്ക് വിദ്യാർഥികൾ പിരിച്ചെടുത്തത് 1321 രൂപയാണ്. ക്ലാസ് മുറികൾ, ഹോസ്റ്റലുകൾ, ഭക്ഷണശാല, അധ്യാപകർ എന്നിവരിൽനിന്നും കൊണാട്ട്‌പ്ലേസിലും പള്ളികളിലും ആരാധനാലയങ്ങളിലും നിന്നുമാണ് പണം പിരിച്ചത്. ക്യാമ്പസിലെ മലയാളി വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള ഫണ്ട്‌ശേഖരണം തുടരുകയാണ്. അവശ്യസാധനങ്ങളും വിദ്യാർഥികൾ ശേഖരിക്കുന്നുണ്ട്. ജെഎൻയു അധ്യാപകരും സഹായനധം ശേഖരിക്കുന്നുണ്ട്.

തിങ്കളാഴ്ചവരെ നാല് ലക്ഷം രൂപയാണ് പിരിച്ചെടുത്തത്. രണ്ട് ദിവസം കൂടി പിരിവ് തുടർന്നശേഷം ക്യാമ്പസിലെ ബാങ്കിന്റെ ബ്രാഞ്ചിൽനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറുമെന്ന് വിദ്യാർഥികൾ പറഞ്ഞു. ക്യാമ്പസിലും പുറത്തും വിദ്യാർഥികളുടെ നേതൃത്വത്തിൽ പിരിവ് തുടരുകയാണ്. ഡൽഹിയിൽ പ്രതിഷേധ മാർച്ച് നടത്തിയ ജെഎൻയു വിദ്യാർഥികൾക്കെതിരെ സംഘപരിവാർ വ്യാപക വിദ്വേഷ പ്രചരണം തുടങ്ങിയിരുന്നു. മുമ്പ് തന്നെ തുടങ്ങിയ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിന്റെ കണക്കുകൾ പുറത്തുവിട്ട് വിദ്വേഷപ്രചാരകർക്കുള്ള മറുപടിയാണ് വിദ്യാർഥികൾ നൽകിയത്. കേന്ദ്രസഹായം ആനുകൂല്യമല്ലെന്നും അവകാശമാണെന്നും മുദ്രാവാക്യം മുഴക്കിയാണ് വിദ്യാർഥികൾ ശനിയാഴ്ച പ്രതിഷേധിച്ചത്. ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് ശക്തമായ പിന്തുണയും സഹായവും നൽകാൻ കേന്ദ്രസർക്കാർ തയാറാകണമെന്നും ഇവർ ആവശ്യപ്പെട്ടു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top