17 August Friday

പ്രതിഷേധങ്ങൾ ഇല്ലാതാക്കാൻ വിദ്യാർഥികൾക്കുമേൽ ഭീമമായ പിഴ ചുമത്തി ജെഎൻയു അധികൃതർ

സ്വന്തം ലേഖകൻUpdated: Monday Jul 23, 2018

ന്യൂഡൽഹി > അച്ചടക്കലംഘനം ആരോപിച്ച് ജെഎൻയു അധികൃതർ വിദ്യാർഥികൾക്ക് ചുമത്തിയത് നാല് ലക്ഷം രൂപ പിഴ.  വിദ്യാർഥി യൂണിയൻ നേതാക്കളടക്കം 29 വിദ്യാർഥികളാണ് വിവിധ ആരോപണങ്ങളിലായി പിഴശിക്ഷ നേരിടുന്നത്. നാല് വിദ്യാർഥി യൂണിയൻ നേതാക്കൾക്കുമാത്രം 1.6 ലക്ഷം രൂപ പിഴയാണ് ചുമത്തിയത്. പുതിയ സെമസ്റ്റർ തുടങ്ങുന്നതോടെ പിഴ ഈടാക്കാനുള്ള ശ്രമമാണ് അധികൃതരുടേത്. എംഫിൽ, പിഎച്ച്ഡി ഗവേഷണ പ്രബന്ധങ്ങൾ സമർപ്പിക്കേണ്ട സമയമായതോടെ വിദ്യാർഥികളെ സമ്മർദ്ദത്തിലാക്കുകയാണ് ലക്ഷ്യം. വിവിധ കോഴ്‌സുകളുടെ രജിസ്‌ട്രേഷൻ സമയം ഉടൻ അവസാനിക്കും. നിലവിലുള്ള വിദ്യാർഥികളുടെ രജിസ്‌ട്രേഷൻ തിങ്കളാഴ്ച അവസാനിച്ചു.

ഡീനിനെ ശാരീരികമായി കയ്യേറ്റം ചെയ്തുവെന്ന ആരോപണത്തിന്റെ പേരിൽ നാല് വിദ്യാർഥി യൂണിയൻ നേതാക്കൾക്ക് 10,000 രൂപ വീതം പിഴയിട്ടു. നിർബന്ധിത അറ്റന്റൻസിനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് സമീപം പ്രതിഷേധിച്ചതിന് 20,000 രൂപ വീതമാണ് പിഴയിട്ടത്. പിഴ നൽകാത്തതിനാൽ വിദ്യാർഥി യൂണിയൻ വൈസ് പ്രസിഡന്റ് സിമൻ സോയ ഖാന്റെ രജിസ്‌ട്രേഷൻ അനുവദിച്ചില്ല. വിദ്യാർഥിയൂണിയൻ മുൻ ജോയിന്റ് സെക്രട്ടറി തബ്‌രേസ് ഹസന് രണ്ടു പരാതികളിലായി 16,000 രൂപയാണ് പിഴയിട്ടത്. എംഫിൽ ഗവേഷണ പ്രബന്ധം സമർപ്പിക്കേണ്ടതിനാൽ പിഴ അടച്ചെങ്കിലും രജിസ്‌ട്രേഷൻ അനുവദിച്ചില്ല. മറ്റ് ചില പരാതികളിൽ അന്വേഷണം നടക്കുന്നതിനാൽ രജിസ്‌ട്രേഷൻ സാധിക്കില്ലെന്നാണ് അധികൃതരുടെ നിലപാട്. ഇതിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിക്കുമെന്ന് തബ്‌രേസ് ഹസന് പറഞ്ഞു.

പ്രതിഷേധങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായ പ്രതികാര നടപടിയാണ് അധികൃതർ നടപ്പാക്കുന്നതെന്ന് വിദ്യാർഥി യൂണിയൻ നേതാക്കൾ പറഞ്ഞു. പുതിയ സെമസ്റ്ററിൽ രജിസ്‌ട്രേഷനും ഗവേഷണ പ്രബന്ധങ്ങൾ സമർപ്പിക്കുന്നത് തടയുകയുമാണ് ലക്ഷ്യം. പങ്കെടുക്കാത്ത പ്രതിഷേധങ്ങളുടെ പേരിൽ കാരണകാണിക്കൽ നോട്ടീസ് അയക്കുന്ന ഒന്നിലേറെ സംഭവങ്ങൾ ഉണ്ടായതായും വിദ്യാർഥികൾ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top