20 September Thursday

ജിയോ ഇൻസ്റ്റിറ്റ്യൂട്ട്: ആദ്യവർഷം പിരിക്കുന്നത് 100 കോടി

സ്വന്തം ലേഖകൻUpdated: Saturday Jul 21, 2018

ന്യൂഡൽഹി > തുടങ്ങുംമുമ്പേ കേന്ദ്രസർക്കാർ വിശിഷ്ട പദവി നൽകിയ റിലയൻസിന്റെ ജിയോ ഇൻസ്റ്റിറ്റ്യൂട്ട് ആദ്യ വർഷം വിദ്യാർഥികളിൽനിന്ന് പിരിച്ചെടുക്കാൻ ഉദ്ദേശിക്കുന്നത് 100 കോടി. പ്രവർത്തനം തുടങ്ങുന്ന വർഷം ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ് ഇനത്തിൽ 1000 വിദ്യാർഥികളിൽനിന്ന് 100 കോടി രൂപ പിരിച്ചെടുക്കുമെന്നാണ് സമിതിക്കുമുന്നിൽ അവതരിപ്പിച്ച ശുപാർശയിലുള്ളത്. അടുത്ത മൂന്നുവർഷത്തിനുള്ളിൽ ആദ്യ ബാച്ചിന് പ്രവേശനം നൽകുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നു. രണ്ടാംവർഷം 200 വിദ്യാർഥികളിൽനിന്നായി ഫീസിനത്തിൽ പിരിച്ചെടുക്കുന്നത് 208 കോടിയായി വർധിപ്പിക്കും. 15 വർഷം പിന്നിടുമ്പോൾ വിദ്യാർഥികളുടെ എണ്ണം 10,000 ആക്കും. ഇതോടെ വരുമാനം 1502 കോടിയാകും.

വിദേശ സർവകലാശാലകളിൽനിന്ന് 500 അധ്യാപകരെ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമാക്കുമെന്ന് റിലയൻസ് ഫൗണ്ടേഷൻ അവകാശപ്പെടുന്നു. വിശിഷ്ട പദവി ലഭിച്ച ബിർള ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് സയൻസസ് ആൻഡ‌് ടെക്നോളജിക്ക് (ബിഐടിഎസ്) കഴിഞ്ഞവർഷം ഫീസിനത്തിലുള്ള വരുമാനം 467 കോടി രൂപയാണ്. പിലാനി, ഗോവ, ഹൈദരാബാദ്, ദുബായ് എന്നീ ക്യാമ്പസുകളിലെ 13,758 വിദ്യാർഥികളിൽനിന്നാണിത്.

ജെഎൻയു, ഡൽഹി സർവകലാശാല തുടങ്ങി രാജ്യത്തിന്റെ അഭിമാനസ്ഥാപനങ്ങളെ ഒഴിവാക്കിയാണ് റിലയൻസിന്റെ സ്ഥാപനത്തിന് വിശിഷ്ട പദവി നൽകിയത്. ശുപാർശകൾ പരിഗണിച്ച സമിതിക്കുമുമ്പാകെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും എംഡിയുമായ മുകേഷ് അംബാനി നേരിട്ടെത്തിയാണ് വിശിഷ്ട പദവി സംഘടിപ്പിച്ചത്.

ഐഐടി ബോംബെ, ഐഐടി ഡൽഹി, ഐഐഎസ്സി ബംഗളൂരു എന്നീ പൊതുമേഖലാ സ്ഥാപനങ്ങളും ജിയോ ഇൻസ്റ്റിറ്റ്യൂട്ട്, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ, ബിഐടിഎസ് പിലാനി എന്നീ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് വിശിഷ്ടപദവി നേടിയത്. വിദേശ സർവകലാശാലകളുമായി സഹകരണം, വിദേശവിദ്യാർഥികൾക്ക് പ്രവേശനം തുടങ്ങി സ്വയംഭരണ അധികാരമാണ് സ്ഥാപനങ്ങൾക്ക് ലഭിക്കുക.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top