14 November Wednesday

ഇന്ത്യയുമായുള്ള ഉഭയകക്ഷി ചർച്ച യുഎസ‌് മാറ്റി

വെബ് ഡെസ്‌ക്‌Updated: Friday Jun 29, 2018

വാഷിങ‌്ടൺ > ജൂലൈ ആറിന‌് നിശ്ചയിച്ചിരുന്ന ഇന്ത്യ‐അമേരിക്ക ഉഭയകക്ഷി (2+2) ചർച്ച മാറ്റിവച്ചു. അമേരിക്ക ഏകപക്ഷീയമായാണ‌് കൂടിക്കാഴ‌്ച മാറ്റിവച്ചത‌്. ചര്‍ച്ച അധികം വൈകാതെതന്നെ ഇരുരാജ്യങ്ങൾക്കും സൗകര്യപ്രദമായ സ്ഥലത്തും സമയത്തും നടക്കുമെന്നാണ‌് അമേരിക്കയുടെ വിശദീകരണം.
 ഇന്ത്യയുമായുള്ള ബന്ധം അമേരിക്ക പ്രാധാന്യത്തോടെയാണ‌് കാണുന്നതെന്നും ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളാൽ ചർച്ച മാറ്റിവയ്ക്കേണ്ടി വന്നതിൽ ഖേദമുണ്ടെന്നും വിദേശ സെക്രട്ടറി മൈക്ക് പോംപിയോ വിദേശമന്ത്രി സുഷ‌്മ സ്വരാജിനെ ടെലിഫോണിൽ അറിയിച്ചതായി അമേരിക്കൻ വിദേശ വക്താവ് അറിയിച്ചു.

ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിയതിനെച്ചൊല്ലി ഇന്ത്യയും അമേരിക്കയും തമ്മിൽ ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് ഉഭയകക്ഷി ചർച്ച മാറ്റിവയ്ക്കാനുള്ള അമേരിക്കൻ തീരുമാനം. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ ഉൽപ്പന്നങ്ങളിൽ നൂറു ശതമാനംവരെ ഇറക്കുമതി തീരുവ ചുമത്തുകയാണെന്ന ആരോപണം പ്രസിഡന്റ‌് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസവും ആവർത്തിച്ചു. അത്തരം തീരുവകൾ ഒഴിവാക്കി നൽകണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. അതിനിടെ, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ നവംബറോടെ ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്നും അമേരിക്ക നിർദേശിച്ചിരുന്നു.  വിദേശമന്ത്രി സുഷ‌്മ സ്വരാജ്, പ്രതിരോധമന്ത്രി നിർമല സീതാരാമൻ, അമേരിക്കൻ വിദേശ സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് എന്നിവരാണ് കൂടിക്കാഴ്ച നടത്താനിരുന്നത്.

പ്രധാന വാർത്തകൾ
Top