16 November Friday

ഇന്ത്യാ‐ അമേരിക്ക സൈനിക കരാർ: ഗുണഭോക്താവ് അമേരിക്കമാത്രം

സ്വന്തം ലേഖകൻUpdated: Friday Sep 7, 2018

ന്യൂഡൽഹി>ഇന്ത്യയും അമേരിക്കയും തമ്മിൽ ഒപ്പിട്ട സമ്പൂർണ സൈനിക ആശയവിനിമയ സുരക്ഷാ കരാറിന്റെ (കോംകാസ) ഗുണഭോക്താവ് അമേരിക്ക മാത്രമായിരിക്കും. ആണവകരാറിനുശേഷമുള്ള ഏറ്റവും വലിയ കരാറെന്നാണ് ഇതിനെ സർക്കാർ വിശേഷിപ്പിക്കുന്നത്. ആയുധങ്ങൾ വാങ്ങുന്നതിലും വികസിപ്പിക്കുന്നതിലും അമേരിക്കയെ അമിതമായി ആശ്രയിക്കാൻ വഴിയൊരുക്കുന്നതാണ് കരാർവ്യവസ്ഥകൾ.

അമേരിക്കൻ നിർമിത സൈനിക ഉപകരണങ്ങളിലെ സാങ്കേതികവിദ്യ കൈമാറുമെന്നതാണ് കരാറിന്റെ നേട്ടമായി കൊട്ടിഘോഷിക്കുന്നത്.  സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യക്ക് സ്വന്തമായി ഉപകരണങ്ങൾ വികസിപ്പിക്കാമെന്ന് സർക്കാർ വാദിക്കുന്നു.

എന്നാൽ, ഇത് അസാധ്യമാക്കുന്ന വിധത്തിലാണ് കരാറിലെയും അനുബന്ധകരാറിലെയും വ്യവസ്ഥകൾ. പ്രതിരോധമേഖലയിൽ ആഴത്തിലുള്ള സഹകരണത്തിനും പങ്കാളിത്തത്തിനുമാണ് ഇരുരാജ്യവും തമ്മിൽ തീരുമാനമായത്.
അതായത്, അമേരിക്ക അറിയാതെയുള്ള പ്രതിരോധസംഭരണവും വികസനവും ഭാവിയിൽ നടക്കില്ല. അമേരിക്കയുമായുള്ള സംയുക്ത സംരംഭങ്ങൾക്കുള്ള നീക്കം ഇതര രാജ്യങ്ങൾ ഇന്ത്യയെ അവിശ്വാസത്തോടെ കാണുന്നതിന‌് ഇടയാക്കും. ഏതെങ്കിലും രാജ്യത്തെമാത്രം ആശ്രയിച്ചുള്ള പ്രതിരോധതന്ത്രം ഇന്ത്യയുടെ പരമ്പരാഗത നയങ്ങളിൽനിന്നുള്ള വ്യതിചലനവും അപകടകരവുമാണ്. റഷ്യ ഉൾപ്പെടെയുള്ള സുഹൃത്രാജ്യങ്ങളുമായുള്ള സൈനികസഹകരണത്തിനും ഇറാൻ എണ്ണഇറക്കുമതിക്കും ഈ കരാർ പ്രശ്നം സൃഷ്ടിക്കും. അമേരിക്കൻ സമ്മർദത്തിനു വഴങ്ങി ഇറാൻ എണ്ണ ഇറക്കുമതി കുറച്ചത് ഇന്ത്യക്ക് വലിയ സാമ്പത്തികബാധ്യത വരുത്തിയിട്ടുമുണ്ട്.


അമേരിക്കൻ സൈന്യത്തിന‌് ഇന്ത്യയുടെ സൈനികത്താവളങ്ങളിൽ പ്രവേശിക്കാനും ഉപയോഗിക്കാനും അനുമതി നൽകുന്ന ലോജിസ്റ്റിക്സ് സപ്പോർട്ട് ഉടമ്പടിയിൽ നേരത്തെ ഒപ്പിട്ടിരുന്നു. സൈനികനീക്കത്തിന‌് ആവശ്യമായ വിഭവങ്ങളും സൗകര്യങ്ങളും സംഘടിപ്പിക്കാൻ പരസ്പര വിനിമയത്തിനുള്ള കരാർവഴി  ഇന്ത്യ ഔപചാരികമായി അമേരിക്കയുടെ സൈനിക സഖ്യകക്ഷിയായി മാറിയിരുന്നു. ഈ കരാർപ്രകാരം അമേരിക്കൻ നാവിക, വ്യോമസേനകൾക്ക് സൈനികനീക്കത്തിനും ഇന്ധനം നിറയ്ക്കാനും സേവനങ്ങൾക്കും  ഇന്ത്യയുടെ വ്യോമ‐നാവിക താവളങ്ങൾ പതിവായി ഉപയോഗിക്കാം. മറ്റു രാജ്യങ്ങളിൽ സൈനിക ആക്രമണം നടത്താൻ അമേരിക്കൻ സേനയ്ക്ക് ഇന്ത്യയുടെ സൈനികത്താവളങ്ങൾ പ്രയോജനപ്പെടുത്താം.


പ്രധാന വാർത്തകൾ
Top