15 November Thursday

സംഘപരിവാറിന്റെ അവസാനിക്കാത്ത 'പശു സ്‌നേ‌‌ഹം'; രാജസ്ഥാനില്‍ നിന്ന് മദ്യപിക്കണമെങ്കില്‍ ഇനി മുതല്‍ 'പശു സംരക്ഷണ നികുതി' നല്‍കണം

വെബ് ഡെസ്‌ക്‌Updated: Thursday Jun 7, 2018

ജയ്‌പൂര്‍ > ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കാന്‍ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നത് തുടരുന്നു. മനുഷ്യരേക്കാള്‍ പ്രധാന്യം പശുവിനാണെന്ന കാര്യം അധികാരത്തിലേറിയത് മുതല്‍ ബിജെപി സര്‍ക്കാരുകള്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അതിലേക്ക് ചേര്‍ത്തു വെക്കാന്‍ രാജസ്ഥാനില്‍ നിന്ന് പുതിയൊരു വാര്‍ത്തകൂടി.

രാജസ്ഥാനില്‍  ഇനി മദ്യം വാങ്ങുന്നവര്‍ 'പശു സംരക്ഷണ നികുതി'യും നല്‍കണം. മദ്യത്തിന്റെ വിലയ്ക്കൊപ്പം സര്‍ചാര്‍ജ് ആയി നിശ്ചിത തുക 'പശു സെസ്' ആയി  ഈടാക്കാനാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ നീക്കം. ഇതു സംബന്ധിച്ച മന്ത്രിസഭാ തീരുമാനം ഉണ്ടായതായും ഈ വര്‍ഷം തന്നെ 'പശു സെസ് ' ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമനിര്‍മ്മാണം ഉണ്ടാവുമെന്നും ഭരണ നിര്‍വഹണത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

മദ്യത്തിന്റെ വിലയ്‌ക്കൊപ്പം ഈടാക്കുന്ന 'പശു സെസ്'  പശുക്കളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി ചെലവഴിക്കുന്നതിനായിട്ടായിരിക്കും വിനിയോഗിക്കുക. നിലവില്‍ രാജസ്ഥാനില്‍ വസ്തുവകകളുടെ ഇടപാടിന്റെ ഭാഗമായി സ്റ്റാമ്പ് ഡ്യൂട്ടിയോടൊപ്പം 'പശു സെസ് ' ഈടാക്കുന്നതിനു പുറമെയാണ് മദ്യത്തിനൊപ്പവും 'പശു സെസ്' ഏര്‍പ്പാടാക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് സ്റ്റാമ്പ് ഡ്യൂട്ടിയോടൊപ്പം 'പശു സെസ്' ഏര്‍പ്പെടുത്തി തുടങ്ങിയത്.

'പശു സെസ്'  ഏര്‍പ്പെടുത്തുന്നതോടെ  വിദേശമദ്യത്തിനും ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിനും വില വര്‍ധിക്കും. എത്ര തുകയാണ് സെസ് ആയി ഈടാക്കുകയെന്ന കാര്യത്തില്‍ ഇത് വരെ തീരുമാനമായിട്ടില്ല. അതേസമയം വിലയുടെ പത്ത് മുതല്‍ ഇരുപത് ശതമാനം വരെ സെസ് ഈടാക്കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിയ ശേഷം ധനകാര്യവകുപ്പായിരിക്കും എത്ര 'പശു സെസ്' ഏര്‍പ്പെടുത്തണമെന്ന് തീരുമാനിക്കുക. അതേസമയം, ഒരു വര്‍ഷം കൊണ്ട് 500 കോടി രൂപ ഈയിനത്തില്‍ ശേഖരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

പശു പരിപാലനത്തിന് മാത്രമായി രാജസ്ഥാനില്‍ 'ഗൗപാലന്‍' എന്ന പേരില്‍ പ്രത്യേക വകുപ്പുപോലും പ്രവര്‍ത്തിക്കുന്നുണ്ട്. മദ്യത്തിന്റെ വിലയോടൊപ്പം  'പശു സെസ്' ഏര്‍പ്പെടുത്താനുള്ള നീക്കം ഉടന്‍ പ്രാബല്യത്തില്‍ ഈ വരുന്ന മണ്‍സൂണ്‍കാല നിയമസഭയോടെ വരുമെന്നാണറിയുന്നത്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top