20 June Wednesday

അര്‍ഹമായ വാര്‍ത്താ പ്രാധാന്യം നല്‍കിയോ...?; ലോങ് മാര്‍ച്ചിനോട് ഇന്ത്യന്‍ മാധ്യമങ്ങള്‍ ചെയ്‌തത്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018

കൊച്ചി > അവകാശ സമരത്തിന്റെ പുതുചരിത്രം കുറിച്ച ലോങ്മാര്‍ച്ച് വിജയത്തിലെത്തിയെങ്കിലും കര്‍ഷക പ്രക്ഷോഭത്തിന് ഇന്ത്യന്‍ മാധ്യമങ്ങള്‍ അര്‍ഹമായ വാര്‍ത്താ പ്രാധാന്യം നല്‍കിയില്ല. ഒരു ലക്ഷത്തിലധികം വരുന്ന കര്‍ഷകര്‍ 200  കിലോമീറ്ററിലധികം താണ്ടി തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ നടന്നടുത്തപ്പോള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ മുഖം തിരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഐതിഹാസിക കര്‍ഷക പ്രക്ഷോഭത്തോട് ഇന്ത്യന്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടിനെകുറിച്ച്. 

മാര്‍ച്ച് ആറിനാണ് നാസിക്കില്‍ നിന്ന് 30000 കര്‍ഷകര്‍ മുബൈയിലേക്ക് ലോങ്മാര്‍ച്ച് ആരംഭിക്കുന്നത്. എന്നാല്‍  മാര്‍ച്ചിന്റെ തുടക്കത്തില്‍ മാധ്യമങ്ങള്‍ ഒരു പരിഗണനയും നല്‍കിയില്ല. പതിയെ ആണ് ചെറിയ രീതിയിലെങ്കിലും ശ്രദ്ധിക്കാന്‍ ആരംഭിച്ചത്.  മുംബൈയില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷനുള്ള പത്രമാണ് ടൈംസ് ഓഫ് ഇന്ത്യ, എന്നാല്‍ 200 കിലോമീറ്റര്‍ ദൂരം കര്‍ഷകര്‍ നടന്നു നേടിയ സമര വിജയത്തെ ഒരൊറ്റ ചിത്രത്തില്‍ മാത്രമായി  ഒതുക്കി. രാജ്യ തലസ്ഥാനത്തിറങ്ങിയ ടൈസ് ഓഫ് ഇന്ത്യയില്‍ ഒരൊറ്റ വാക്കിലുള്ള വാര്‍ത്തയാക്കി കര്‍ഷക പ്രക്ഷോഭത്തെ ഒതുക്കി.

ടൈംസ് ഓഫ് ഇന്ത്യയിലെ ലോങ്മാര്‍ച്ചിനെ കുറിച്ചുള്ള വാര്‍ത്ത

ടൈംസ് ഓഫ് ഇന്ത്യയിലെ ലോങ്മാര്‍ച്ചിനെ കുറിച്ചുള്ള വാര്‍ത്ത


രാജ്യത്തെ ഏറ്റവും ബഹുമാനം പിടിച്ചു പറ്റുന്ന പത്രം എന്ന ഖ്യാതി കൊണ്ടു നടക്കുന്ന ദ ഹിന്ദുവില്‍ ഏഴാം പേജില്‍ ആണ് ലോങ്മാര്‍ച്ചിനെകുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഒന്നാം പേജില്‍ ചിത്രമോ, ഒരു കോളം വാര്‍ത്തയോ ദ ഹിന്ദു നല്‍കിയില്ല. ഡല്‍ഹി എഡിഷനില്‍ വാര്‍ത്ത കൊടുത്തെങ്കിലും മുംബൈ എഡിഷനില്‍ സംഭവത്തെകുറിച്ച് ഒരു വരി പോലും കാണാന്‍ പറ്റിയിട്ടില്ല.

മഹാരാഷ്ട്രയില്‍ പുറത്തിറങ്ങുന്ന പത്രങ്ങളില്‍ ഭൂരിഭാഗവും ലോങ്മാര്‍ച്ചിനെ കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട്. ഹിന്ദി ദിനപത്രം 'ദൈനിക് ജഗ്രാന്റെ' ഡല്‍ഹി എഡിഷനില്‍  വാര്‍ത്ത വന്നിട്ടില്ല. ഉറുദു ദിനപത്രം 'രാഷ്ട്രീയ സഹാറാസ്'  കര്‍ഷക പ്രക്ഷോഭത്തെ കുറിച്ച് ഒരു വാര്‍ത്തയും നല്‍കാന്‍ തയ്യാറായിട്ടില്ല. മറ്റു ഹിന്ദി ദിനപത്രങ്ങളായ 'ദൈനിക് ബാസ്‌കര്‍', 'അമര്‍ ഉജല' എന്നിവ പതിനാലാം പേജില്‍ ചെറിയ കോളം വാര്‍ത്ത മാത്രമാക്കി ഒതുക്കി.

വിരലിലെണ്ണാവുന്ന കുറച്ച് പത്രങ്ങള്‍ മാത്രമണ് ഒന്നാം പേജില്‍ വാര്‍ത്തയും ചിത്രവും നല്‍കി സമരത്തോട് അല്‍പ്പമെങ്കിലും നീതി പുലര്‍ത്തിയത്. മറാത്തി ദിനപത്രം'ലോക്‌മത്', 'ലോക്‌സട്ട' എന്നിവ ഉദാഹരണങ്ങള്‍ മാത്രം.
ദി ഹിന്ദു

ദി ഹിന്ദു


മലയാളത്തിലെ മിക്ക മാധ്യമങ്ങളും വാര്‍ത്തകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയിരുന്നില്ല. ഉള്‍പ്പേജുകളില്‍ ഒന്നോ രണ്ടോ കോളത്തില്‍ ഒതുക്കുന്ന തരത്തിലായിരുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നത്.

ദേശീയ മാധ്യമങ്ങളില്‍ 'ദ ഇന്ത്യന്‍ എക്‌സ്പ്രസ്' പത്രമാണ് ഭേദപ്പെട്ട രീതിയില്‍ ലോങ്മാര്‍ച്ചിന്റെ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അതേസമയം സാമൂഹ്യമാധ്യമങ്ങള്‍ വന്‍ സ്വീകാര്യതയാണ് കര്‍ഷകര്‍ക്കും ലോങ്മാര്‍ച്ചിനും നല്‍കിയത്. ലോങ്മാര്‍ച്ചില്‍ നിന്നുമുള്ള ചിത്രങ്ങള്‍ ദിനംപ്രതി അപ്‌ഡേറ്റ് ചെയ്യുവാന്‍ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ പ്രത്യേകം ശ്രദ്ധിച്ചു. കാരിക്കേച്ചറുകളും  മിനിമല്‍ പോസ്റ്ററുകളും കൊണ്ട് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. സമരത്തിന്റെ വിവരങ്ങള്‍ മണിക്കൂറുകള്‍ ഇടവിട്ട് അപ്‌ഡേറ്റ് ചെയ്യാനും ഓരോരുത്തരും തയ്യാറായി.


 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top