26 June Tuesday

ഉത്തരേന്ത്യയില്‍ ശൈത്യം കടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 2, 2018

ന്യൂഡല്‍ഹി > പുതുവത്സരത്തില്‍ ഉത്തരേന്ത്യ കടുത്ത ശൈത്യത്തിന്റെ പിടിയില്‍. ഭൂരിഭാഗം സ്ഥലങ്ങളിലും കുറഞ്ഞ താപനില അഞ്ച് ഡിഗ്രിയിലും താഴ്ന്നു. ഹരിയാനയിലെ ഹിസാറില്‍ താപനില 1.6 ഡിഗ്രിയിലെത്തി. 5.7 ഡിഗ്രിയായിരുന്നു തലസ്ഥാനമായ ഡല്‍ഹിയിലെ കുറഞ്ഞ താപനില. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും തണുപ്പിന് പുറമെ കടുത്ത മൂടല്‍മഞ്ഞും അനുഭവപ്പെട്ടു.

കനത്ത മൂടല്‍മഞ്ഞ് കാരണം ഡല്‍ഹിയില്‍ ഗതാഗതമാകെ താറുമാറായി. വിമാനങ്ങളും ട്രെയിന്‍സര്‍വീസുകളും തടസ്സപ്പെട്ടു. തിങ്കളാഴ്ച രാവിലെമാത്രം എട്ട് വിമാനങ്ങള്‍ റദ്ദാക്കി. മുന്നൂറ് വിമാനങ്ങള്‍ വൈകി. 265 ആഭ്യന്തര സര്‍വീസുകളും 67 അന്തര്‍ദേശീയ സര്‍വീസുകളുമാണ് വൈകിയത്. റദ്ദാക്കിയതെല്ലാം ആഭ്യന്തര സര്‍വീസുകളാണ്. തിങ്കളാഴ്ച രാവിലെ 7.30നും 9.30നും ഇടയിലുള്ള സര്‍വീസുകള്‍ നടത്താന്‍ സാധിച്ചില്ല. തൊട്ടടുത്ത വിമാനത്താവളങ്ങളിലും മഞ്ഞായതിനാല്‍ വിമാനങ്ങള്‍ വഴിതിരിച്ച്് വിടാനും സാധിച്ചില്ല.

മൂടല്‍മഞ്ഞുകാരണം 400 ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകി. 15 സര്‍വീസുകള്‍ റദ്ദാക്കി. ട്രെയിന്‍-വ്യോമഗതാഗതത്തെ മൂടല്‍മഞ്ഞ് ബാധിച്ചത് ഡല്‍ഹിയുടെ പുതുവത്സരാഘോഷത്തെ ബാധിച്ചു. ചില എക്സ്പ്രസ് ട്രെയിനുകളടക്കം 10 മണിക്കൂറാണ് വൈകിയത്. 20 മണിക്കൂര്‍ വൈകിയ സര്‍വീസുകളുമുണ്ട്്. പട്ന രാജധാനി എക്സ്പ്രസ്, പൂര്‍വ എക്സ്പ്രസ് എന്നിവ 12 മണിക്കൂറാണ് വൈകിയത്.

ഫോഗ് പാസ് (ഫോഗ് പൈലറ്റ് അസിസ്റ്റന്‍സ് സിസ്റ്റം) ഉപകരണ സഹായത്തോടെയാണ് പല ട്രെയിനുകളും സര്‍വീസ് നടത്തിയത്. ഒരു അതിരില്‍നിന്ന് നിശ്ചിചിത ദൂരത്തിലുള്ള അടുത്ത അതിരുവരെയുള്ള സിഗ്നല്‍ സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് വിവരം നല്‍കുന്ന ജിപിഎസ് നിയന്ത്രിത സംവിധാനമാണ് ഫോഗ്പാസ്.
വരുംദിവസങ്ങളിലും മൂടല്‍മഞ്ഞ് തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. കടുത്ത ശൈത്യത്തിനും മാറ്റമുണ്ടാവില്ല.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top