16 July Monday

ജസ്‌റ്റിസ് ലോയയുടെ മരണം അന്വേഷിക്കണമെന്ന് അഭിഭാഷകര്‍, ചീഫ് ജസ്റ്റിസിന് നിവേദനം നല്‍കി

വെബ് ഡെസ്‌ക്‌Updated: Saturday Dec 30, 2017


ന്യൂഡല്‍ഹി> ജസ്‌റ്റീസ് ബി എച്ച് ലോയയുടെ ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 476 അഭിഭാഷകര്‍  ഒപ്പിട്ട നിവേദനം സുപ്രീംകോടതി ചീഫ് ജസ്‌റ്റിസിന് നല്‍കി. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളിലെ അഭിഭാഷകരാണ് നിവേദനം നല്‍കിയത്. ജസ്‌റ്റീസ് ലോയയുടെ ദുരൂഹമരണം സിബിഐയോ മറ്റ് പ്രത്യേക എജന്‍സികളോ അന്വേഷികണമെന്നാണ് ആവശ്യം. ബോംബെ ഹൈക്കോര്‍ട്ട് ആക്ടിങ് ചീഫ് ജസ്‌റ്റീസിനും ഇക്കാര്യമുന്നയിച്ച് പരാതി നല്‍കിയിട്ടുണ്ട്.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ മുഖ്യപ്രതിയായിരുന്ന സൊറാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദംകേട്ട സിബിഐ പ്രത്യേക കോടതി ജഡ്‌ജി ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയ (ബി എച്ച് ലോയ)പ്രത്യേക സാഹചര്യത്തില്‍ മരണപ്പെടുകയായിരുന്നു. കേസിന്റെ വിചാരണ നടക്കുമ്പോള്‍ തനിക്കുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് ലോയ വെളിപ്പെടുത്തിയിരുന്നതായി സുഹൃത്ത് അഡ്വ. ഉദയ് ഗവാരെ പറഞ്ഞിട്ടുണ്ട്.മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ലോയ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ഉദയ് വെളിപ്പെടുത്തിയിട്ടുണ്ട്.

ആദ്യം കേസ് പരിഗണിച്ചിരുന്ന സിബിഐ പ്രത്യേക കോടതി ജസ്‌റ്റിസ് ജെ ടി ഉദ്പത് സ്ഥലം മാറിപോയതോടെയാണ് 2014 ജൂണില്‍ ലോയ ചുമതലയേല്‍ക്കുന്നത്. ആ വര്‍ഷം നവംബറിലാണ് ലോയ മരണപ്പെടുന്നതും . സഹജഡ്‌ജിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാനായി നാഗ്‌പൂരിലേക്ക് പോയ ലോയ അവിടെവെച്ച് മരിച്ചുവെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. നാഗ്‌പൂരില്‍ ലോയ താമസിച്ച ഗൌസ്റ്റ് ഹൌസ് വിവരങ്ങളില്‍ നടത്തിയ കൃത്രിമമടക്കം മരണത്തിലെ ദുരൂഹത വെളിവാക്കുന്നതാണ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും അവ്യക്തതകളാണുള്ളത്. ലോയയുടെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് ബന്ധുക്കളും വ്യക്തമാക്കിയിട്ടുണ്ട്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top