19 October Friday

ഹരിയാന പെണ്‍കുട്ടിയുടെ അമ്മ ചോദിക്കുന്നു; ‘എന്തിനാണെന്റെ കുട്ടിയോട് ഈ ക്രൂരത’

സ്വന്തം ലേഖകന്‍Updated: Wednesday Sep 19, 2018

റെവാഡി (ഹരിയാന)>“കുട്ടിക്കാലം മുതലേ അവൾ പഠനത്തിൽ മിടുക്കിയായിരുന്നു. അതുകൊണ്ടാണ് കഷ്ടപ്പെട്ടാണെങ്കിലും പട്ടണത്തിലെ സ്കൂളിലയച്ച് പഠിപ്പിച്ചത്. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും നല്ല ജയം നേടി. നല്ലൊരു ജോലിയായിരുന്നു അവളുടെ ലക്ഷ്യം. എന്തിനാണെന്റെ കുട്ടിയോട് ഈ ക്രൂരത കാട്ടിയത്.’ കൂട്ടബലാൽസംഗത്തിന‌് ഇരയായ പെൺകുട്ടിയുടെ അമ്മ റെവാഡിയിലെ ജില്ലാ ആശുപത്രിക്കു മുന്നിൽനിന്ന‌് സംസാരിക്കവേ വിതുമ്പി.

“ബേഠി ബച്ചാവോ ബേഠി പഠാവോ’ എന്നാണ് മോഡി പറയുന്നത്. മകളെ പഠിപ്പിച്ചതാണോ തങ്ങൾ ചെയ്ത തെറ്റ്. രാഷ്ട്രപതിയിൽനിന്ന് അവാർഡ് നേടിയ കുട്ടിയാണ് ഉപദ്രവിക്കപ്പെട്ടത്. ഹരിയാനയിൽ ഒരു പെൺകുട്ടിക്കുപോലും സുരക്ഷയില്ലാത്ത അവസ്ഥ. സർക്കാരിന്റെ ധനസഹായമൊന്നും വേണ്ട, നീതിയാണ് വേണ്ടത്‐ അമ്മ പറഞ്ഞു.

പഠനത്തിനൊപ്പം കായികരംഗത്തും പ്രതിഭയായിരുന്നു പെൺകുട്ടി. കബഡിയിൽ സംസ്ഥാനതാരമായിരുന്നു. ബേസ്ബോളിൽ ദേശീയതലത്തിലും കളിച്ചിട്ടുണ്ട്. സ്കൂളിൽ പിടി അധ്യാപകനായ അച്ഛന്റെ ശിക്ഷണത്തിലാണ് പെൺകുട്ടി കായികരംഗത്തും തിളങ്ങിയത്.

ഹരിയാനയിലെ ഗ്രാമങ്ങളിൽ യുവാക്കൾ ഉൾപ്പെടുന്ന ക്രിമിനൽ സംഘങ്ങൾ വർധിച്ചുവരികയാണെന്ന് മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സവിത ചൂണ്ടിക്കാട്ടി.  നയാഗാവിൽ പെൺകുട്ടിയെ ഉപദ്രവിച്ച സംഘത്തിനെതിരെ നേരത്തെയും പരാതികൾ ഉയർന്നിരുന്നു. എന്നാൽ, പൊലീസ് ഒരു നടപടിയും എടുത്തില്ല. കുറ്റങ്ങൾ ആവർത്തിക്കാൻ ഇത് കാരണമാകുന്നു. ക്രിമിനൽ സംഘങ്ങൾക്കെതിരായി ജനകീയ ചെറുത്തുനിൽപ്പ് ഉയർത്തുന്നതിന് മഹിളാ അസോസിയേഷൻ മുൻകൈ എടുക്കുമെന്നും സവിത പറഞ്ഞു.


പ്രധാന വാർത്തകൾ
Top