14 November Wednesday

ഹര്‍ത്താല്‍: ബം​ഗളൂരു നിശ്‌ചലമായി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018


മംഗളൂരു > ദേശീയ ഹർത്താലിൽ രാജ്യത്തിന്റെ ഐടി തലസ്ഥാനമായ ബം​ഗളൂരു അടക്കം നിശ്ചലമായി. സമൂഹത്തിന്റെ എല്ലാതുറയിലുള്ളവരുടെയും പിന്തുണ ലഭിച്ചതോടെ കർണാടകത്തിൽ ഹർത്താൽ ഏറെക്കുറെ പൂർണമായിരുന്നു.ബംഗളൂരുവിൽ കെഎസ്ആർടിസി, ബിഎംടിസി ബസുകളും ടാക്സികളും ഭൂരിപക്ഷം ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. പ്രധാനപ്പെട്ട റോഡുകളെല്ലാം വിജനമായിരുന്നു. വൻ തിരക്കനുഭവപ്പെടുന്ന നഗരത്തിലെ സെൻട്രൽ ബസ് സ്റ്റാൻഡ‌് രാവിലെമുതൽ ആളൊഴിഞ്ഞ നിലയിലായിരുന്നു. വ്യാപാരസ്ഥാപനങ്ങളും  പ്രമുഖ ഹോട്ടലുകളും ഷോപ്പിങ‌് മാളുകളും മിക്ക ഐടി സ്ഥാപനങ്ങളും  തുറന്നില്ല.

  വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. സംസ്ഥാനത്ത് സിപിഐ എം, കോൺഗ്രസ്, ജെഡിഎസ് തുടങ്ങിയ രാഷ്ട്രീയ പാർടികൾ പ്രതിഷേധ പ്രകടനം നടത്തി. മംഗളൂരുവിലും പൊതുവെ ബന്ദിനോട് അനുകൂല പ്രതികരണമായിരുന്നു. ചുരുക്കം ചില സ്വകാര്യവാഹനങ്ങൾ അല്ലാതെ റോഡുകൾ പൊതുവെ ഒഴിഞ്ഞുകിടന്നു. തുംകൂർ, രാമനഗര, മൈസൂരു, മാണ്ഡ്യ, ചെന്നപട്ടണ, ഹാസന, ചാമരാജനഗര, ഹൂബ്ബള്ളി, ബീദർ, കോലാർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം  ഹർത്താൽ പൂർണമായിരുന്നു. ബിജെപി ‐കോൺ​ഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയതിനെ തുടർന്ന് ഉഡുപ്പിയിൽ നിശാനിയമം പ്രഖ്യാപിച്ചു.


പ്രധാന വാർത്തകൾ
Top