24 September Monday

ഇന്ധനക്കൊള്ളക്കെതിരെ രാജ്യവ്യാപക ഹർത്താൽ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018

ഹർത്താൽ ദിനത്തിൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത്‌ നടത്തിയ പ്രതിഷേധ പ്രകടനം

ന്യൂഡൽഹി> ഇന്ധനവിലക്കയറ്റം തടയാൻ നടപടി സ്വീകരിക്കാത്ത കേന്ദ്രസർക്കാരിനെതിരായി ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കമായി. ഇടതുപക്ഷ പാർടികൾ ആഹ്വാനംചെയ്ത 12 മണിക്കൂർ ഹർത്താലിനൊപ്പം പകൽ ഒമ്പതു മുതൽ മൂന്നു വരെ  കോൺഗ്രസ‌് ആഹ്വാനം ചെയ‌്ത ഭാരത‌്  ബന്ദുമുണ്ട‌്. പ്രതിഷേധത്തിന് പിന്തുണയുമായി പ്രാദേശിക പാർടികൾ ഉൾപ്പെടെ നിരവധി രാഷ്ട്രീയ കക്ഷികൾ രംഗത്തുവന്നതോടെ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായ വിശാല ജനമുന്നേറ്റത്തിനാണ‌് രാജ്യം സാക്ഷ്യംവഹിക്കുന്നത‌്.

 കേരളത്തിൽ ഹർത്താൽ പൂർണമാണ്‌. അതേസമയം അവശ്യ സർവീസുകളെ ഹർത്താലിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. വിവാഹം, വിമാനത്താവളയാത്രകൾ എന്നിവക്ക്‌ ഹർത്താൽ തടസമായിട്ടില്ല.

വിലവർധന രൂക്ഷമായി ബാധിച്ച മോട്ടോർ തൊഴിലാളി സംഘടനകളും ട്രക്ക് ഉടമാ സംഘടനകളുമെല്ലാം പിന്തുണ അറിയിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ റോഡുഗതാഗത കോർപറേഷൻ സംഘടനകളും പിന്തുണ അറിയിച്ച് രംഗത്തുവന്നു. ഡിഎംകെ, ജെഡിഎസ്, എൻസിപി, ശിവസേന, മഹാരാഷ്ട്ര നവനിർമാൺ സേന, സമാജ്വാദി പാർടി, ആർജെഡി, ജെഎംഎം തുടങ്ങിയ കക്ഷികളും പ്രതിഷേധത്തിൽ അണിചേരും.


അതിനിടെ ഹർത്താലിനെയും ബന്ദിനെയും പിന്തുണയ്ക്കില്ലെന്ന നിലപാടുമായി തൃണമൂൽ കോൺഗ്രസ് രംഗത്തുവന്നു. എന്നാൽ, ഒഡിഷയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന‌് ബിജു ജനതാദൾ വ്യക്തമാക്കി.
ഒഡിഷ, ബിഹാർ, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടത്തും പരീക്ഷകൾ മാറ്റിവച്ചു.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനയിൽ പ്രതിഷേധിച്ച‌്, തിങ്കളാഴ‌്ച ഹർത്താലിനുമുന്നോടിയായി എൽഡിഎഫ‌് നേതൃത്വത്തിൽ ഞായറാഴ‌്ച വിവിധ കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്തി. പെട്രോളിന്റെയും ഡീസലിന്റെയും വില ദിനംപ്രതി വർധിപ്പിച്ച‌് ജീവിതം നരകതുല്യമാക്കുന്ന നരേന്ദ്രമോഡി സർക്കാരിനെതിരെയുള്ള പ്രതിഷേധവുമായി ഓരോ കേന്ദ്രത്തിലും നൂറുകണക്കിനുപേർ അണിനിരന്നു. പ്രകടനത്തെത്തുടർന്ന‌് പ്രതിഷേധയോഗം ചേർന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top