16 November Friday

‘‘ഹായ്‌ നരേന്ദ്രമോഡി, താങ്കളുടെ ആധാർ നമ്പർ പരസ്യപ്പെടുത്താമോ?’’ ‐ വെല്ലുവിളിയുമായി ട്രായ്‌ തലവന്റെ വിവരങ്ങൾ ചോർത്തിയ ഹാക്കർ വീണ്ടും രംഗത്ത്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018

ന്യൂഡൽഹി > ട്രായ്‌ ചെയർമാൻ ആർ എസ്‌ ശർമയുടെ ആധാർ നമ്പർ ഉപയോഗിച്ച്‌ അദ്ദേഹത്തിന്റെ വ്യക്തിവിവരങ്ങളടക്കം ചോർത്തി നൽകിയ ഹാക്കർ പ്രധാനമന്ത്രിയുടെ ആധാർ നമ്പർ വെളിപ്പെടുത്താനാകുമോ എന്ന വെല്ലുവിളിയുമായി രംഗത്ത്‌. ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്ന്‌ സ്ഥാപിക്കാനായി ആധാർ നമ്പർ ട്വിറ്ററിൽ പരസ്യപ്പെടുത്തി വെല്ലുവിളിയുയർത്തിയ ആർ എസ്‌ ശർമയുടെ ബാങ്ക്‌ അക്കൗണ്ട്‌ ഡീറ്റയിൽസ്‌, മൊബൈൽ നമ്പർ, വാട്‌സ്‌ ആപ്പ്‌ പ്രൊഫൈൽ ചിത്രം തുടങ്ങിയ വിവരങ്ങളെല്ലാം ചോർത്തി ട്വിറ്ററിൽ താരമായ എലിയട്ട്‌ ആൻഡേഴ്‌സൺ എന്ന ഹാക്കറാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആധാർ നമ്പർ പരസ്യപ്പെടുത്താമോ എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്‌.

ആർ എസ്‌ ശർമയുടെ വെല്ലുവിളിയെ തുടർന്ന്‌ പ്രധാനപ്പെട്ട വ്യക്തി വിവരങ്ങൾ പോലും ഹാക്കർ കണ്ടെത്തിയതോടെ ആധാറിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചിരിക്കുകയാണ്‌. സാമൂഹ്യമാധ്യമങ്ങളിലും ആധാറിന്റെ സുരക്ഷയെപ്പറ്റിയുള്ള ചർച്ചകൾ വീണ്ടും സജീവമായി. അതിനുപിന്നാലെയാണ്‌ ഇതേ ഹാക്കർ നരേന്ദ്ര മോഡിയുടെ ആധാർ നമ്പർ പരസ്യമാക്കാൻ ആവശ്യപ്പെട്ട്‌ രംഗത്തെത്തിയത്‌. എലിയട്ട്‌ ആൻഡേഴ്‌സൺ എന്ന പേരിലുള്ള ഹാക്കറുടെ ട്വിറ്റർ ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട ട്വീറ്റ്‌ ഇങ്ങനെയായിരുന്നു: ‘‘ഹായ്‌ നരേന്ദ്രമോഡി, താങ്കൾക്ക്‌ ആധാർ ഉണ്ടെങ്കിൽ നമ്പർ പരസ്യപ്പെടുത്താമോ?’’

ആധാർ സുരക്ഷിതമല്ലെന്ന്‌ തെളിയിക്കുക മാത്രമാണ്‌ തന്റെ ലക്ഷ്യമെന്നും ഹാക്ക്‌ ചെയ്‌ത വിവരങ്ങൾ മറ്റ്‌ ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കല്ലെന്നും  എലിയട്ട്‌ ആൻഡേഴ്‌സൺ നേരത്തേ വ്യക്തമാക്കിയിരുന്നു. ആധാറിന്‌ വേണ്ടി നിരന്തരം വാദിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാരും ബിജെപിയും ഈ സംഭവത്തോടെ കൂടുതൽ വെട്ടിലായി. ആധാർ സംബന്ധിച്ച്‌ സുപ്രീം കോടതി പരിഗണിക്കുന്ന കേസിന്റെ വിധിയെ പോലും ഈ സംഭവം സ്വാധീനിച്ചേക്കാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top