Top
16
Saturday, December 2017
About UsE-Paper

ജിഎസ്ടി: 26 ഉല്‍പ്പന്നങ്ങളുടെ നികുതി 5 ശതമാനമാക്കി

Saturday Oct 7, 2017
വെബ് ഡെസ്‌ക്‌



ന്യൂഡല്‍ഹി > ഒന്നരക്കോടിവരെ വിറ്റുവരവുള്ള ചെറുകിടവ്യാപാരികള്‍ ഇനി ജിഎസ്ടി റിട്ടേണ്‍ മൂന്ന് മാസത്തിലൊരിക്കല്‍ സമര്‍പ്പിച്ചാല്‍ മതിയെന്ന് ജിഎസ്ടി കൌണ്‍സില്‍. നിലവില്‍ എല്ലാമാസവും റിട്ടേണ്‍ സമര്‍പ്പിക്കണമായിരുന്നു. കൂടാതെ 26 ഇനങ്ങളുടെ നികുതി അഞ്ച് ശതമാനമായും കുറച്ചു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജിഎസ്ടി കൌണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ഹോട്ടലുകളിലെ ജിഎസ്ടി പ്രശ്നങ്ങളും ആശയക്കുഴപ്പവും പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായി യോഗത്തിനുശേഷം സംസ്ഥാന ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. എസി റസ്റ്റോറന്റുകളിലെ നികുതി 18ല്‍നിന്ന് 12 ശതമാനമാക്കാന്‍ തത്വത്തില്‍ തീരുമാനിച്ചു. മന്ത്രിതല സമിതി 14 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കും.

പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്ന വിഷയത്തില്‍ ചര്‍ച്ച ഉണ്ടായില്ല. അശാസ്ത്രീയമായി ജിഎസ്ടി നടപ്പാക്കിയത് രാജ്യത്താകെ ആശയക്കുഴപ്പവും പ്രശ്നങ്ങളും പ്രതിഷേധവും സൃഷ്ടിച്ച സാഹചര്യത്തില്‍ വന്‍തോതിലുള്ള പരിഷ്കാരങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, വെള്ളിയാഴ്ച ചേര്‍ന്ന കൌണ്‍സില്‍ യോഗത്തില്‍ കാര്യമായ തീരുമാനങ്ങള്‍ ഉണ്ടായില്ല. ഇപ്പോള്‍ ഉണ്ടായ പ്രശ്നങ്ങള്‍ പുതിയ സമ്പ്രദായത്തിലേക്ക് മാറിവരുന്നതിന്റേതാണെന്ന് അരുണ്‍ ജെയ്റ്റ്ലി വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.

മാസംതോറും റിട്ടേണ്‍ സമര്‍പ്പിക്കുന്നത് ചെറുകിടവ്യാപാരികള്‍ക്ക് വരുത്തിയ ബുദ്ധിമുട്ടുകള്‍ കേരളം ശക്തമായി ഉന്നയിച്ചു. ഹോട്ടല്‍മേഖലയിലെ പ്രശ്നങ്ങളും അവതരിപ്പിച്ചു. എസി, നോണ്‍ എസി റസ്റ്റോറന്റുകളിലെ നികുതി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് വിഷയം മന്ത്രിസഭാ ഉപസമിതിക്ക് വിട്ടത്. കൈ കൊണ്ട് നെയ്യുന്ന കയറിന്റെ നികുതി അഞ്ച് ശതമാനമാക്കും. ബ്രാന്‍ഡഡ് അല്ലാത്ത ആയുര്‍വേദമരുന്നുകളുടെയും നഗരങ്ങളിലെ മാലിന്യത്തിന്‍െര്‍യും ഇ-മാലിന്യത്തിന്റെയും നികുതി അഞ്ച് ശതമാനമാകും. സര്‍ക്കാര്‍ കരാറുകളുടെയും പാട്ടത്തിന് നല്‍കുന്ന വാഹനങ്ങളുടെയും നികുതികള്‍ കുറച്ചു. കൂടുതല്‍ തൊഴിലവസരം നല്‍കുന്ന കരാറുകളുടെ നികുതി അഞ്ച് ശതമാനമാക്കി.

ഒരു കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികള്‍ മൊത്തം വരുമാനത്തിന്റെ ഒരു ശതമാനം കോംപസിറ്റ് നികുതി നല്‍കിയാല്‍ മതി. നിര്‍മിതോല്‍പന്ന മേഖലയില്‍ ഇത് രണ്ട് ശതമാനവും റസ്റ്റോറന്റുകള്‍ക്ക് അഞ്ച് ശതമാനവുമാകും. കയറ്റുമതിക്കാര്‍ക്കായി ഏപ്രില്‍ ഒന്നുമുതല്‍ ഇ-വാലറ്റ് സംവിധാനം ഏര്‍പ്പെടുത്തും. മുന്‍കാല കയറ്റുമതിയുടെ അടിസ്ഥാനത്തില്‍ ഒരു ശതമാനം മുന്‍കൂര്‍ നികുതിയായി ഈടാക്കും. ഇതിനായി സോഫ്റ്റ്വെയര്‍ തയ്യാറാക്കാന്‍ ആറുമാസം വേണ്ടിവരും.  അതുവരെ നിലവിലുള്ള രീതി തുടരും. കയറ്റുമതിക്കാര്‍ക്കുള്ള റീഫണ്ടിങ് ഒക്ടോബര്‍ 10ന് തുടങ്ങും. 0.1 ശതമാനമാണ് കയറ്റുമതിക്കുമേലുള്ള ജിഎസ്ടി. ഐസിഡിഎസ് വഴി വിതരണംചെയ്യുന്ന ഭക്ഷണത്തിന്റെ നികുതി അഞ്ച് ശതമാനമാക്കി.