18 September Tuesday

നിയമഭേദഗതിക്ക് അംഗീകാരം ; നികുതിരഹിത ഗ്രാറ്റുവിറ്റി പരിധി 20 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Friday Mar 23, 2018

ന്യൂഡൽഹി > ജീവനക്കാരുടെയും തൊഴിലാളികളുടെയും നികുതി രഹിത ഗ്രാറ്റുവിറ്റി പരിധി നിലവിലെ 10 ലക്ഷത്തിൽനിന്ന് 20 ലക്ഷമാക്കി ഉയർത്തിയ നിയമഭേദഗതിക്ക് പാർലമെന്റിന്റെ അംഗീകാരം. നിയമനിർമാണം കൂടാതെതന്നെ ഗ്രാറ്റുവിറ്റി പരിധി കാലോചിതമായി പരിഷ്കരിക്കാൻ കേന്ദ്രത്തിന് പുതിയ ഭേദഗതി അധികാരം നൽകുന്നു. സ്ത്രീജീവനക്കാർക്കുള്ള പ്രസവാവധി നിലവിലെ 12 മാസത്തിൽനിന്ന് ഉയർത്തി നിശ്ചയിക്കുന്നതിനുള്ള അധികാരവും പുതിയ ഭേദഗതി ബിൽ കേന്ദ്രത്തിന് നൽകി. പ്രസവാവധി 12 മാസത്തിൽനിന്ന് 26 മാസമായി ഉയർത്തി പ്രസവാനുകൂല്യനിയമത്തിൽ നേരത്തേതന്നെ ഭേദഗതി കൊണ്ടുവന്ന പശ്ചാത്തലത്തിലാണിത്.

നേരത്തെ ലോക്സഭ പാസാക്കിയ ഗ്രാറ്റുവിറ്റി ഭേദഗതി ബിൽ് വ്യാഴാഴ്ച രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. രാജ്യസഭയിൽ ഇതൊഴികെ മറ്റ് നടപടികളിലേക്ക് കടക്കാൻ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സാധിച്ചില്ല. പിഎൻബി അഴിമതിയടക്കം വിവിധ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ പാർടികൾ നടുത്തളത്തിൽ ഇറങ്ങിയതിനാൽ ഗ്രാറ്റുവിറ്റി ബിൽ പാസാക്കിയതിന് പിന്നാലെ രാജ്യസഭ പിരിഞ്ഞു. ലോക്സഭയുടെ ബഹളത്തെ തുടർന്ന് പൂർണമായും സ്തംഭിച്ചു. മോഡി സർക്കാരിനെതിരായ അവിശ്വാസ നോട്ടീസ് വ്യാഴാഴ്ചയും പരിഗണിക്കപ്പെട്ടില്ല. തുടർച്ചയായ 14‐ാം ദിവസമാണ് ഇരുസഭകളും സ്തംഭിക്കുന്നത്.

നിലവിൽ 10 ലക്ഷം രൂപയാണ് ജീവനക്കാരുടെ നികുതിരഹിത ഗ്രാറ്റുവിറ്റി പരിധി. ഈ പരിധിക്കപ്പുറം ഗ്രാറ്റുവിറ്റിക്ക് ജീവനക്കാരൻ അർഹനാണെങ്കിൽ തൊഴിലുടമയ്ക്ക് അത് നൽകാം. എന്നാൽ, നികുതി നൽകേണ്ടിയിരുന്നു. നികുതിരഹിത ഗ്രാറ്റുവിറ്റിയുടെ പരിധി 20 ലക്ഷമായി ഉയർത്തുന്നതോടെ ഉയർന്ന ഗ്രാറ്റുവിറ്റിക്ക് അർഹതയുള്ള ജീവനക്കാർക്ക് ഗുണം ലഭിക്കും. അവസാനം പറ്റുന്ന അടിസ്ഥാനശമ്പളത്തിന്റെ പകുതി തുക സർവീസിലിരുന്ന വർഷങ്ങൾകൊണ്ട് ഗുണിച്ചുള്ള തുകയാണ് ഗ്രാറ്റുവിറ്റിയായി വിരമിക്കുമ്പോൾ നൽകേണ്ടത്. വിരമിക്കുമ്പോൾ ചുരുങ്ങിയത് അരലക്ഷം രൂപ അടിസ്ഥാനശമ്പളവും 30 വർഷത്തെയെങ്കിലും സർവീസുമുള്ളവർക്ക് പുതിയ നിയമഭേദഗതിയുടെ പ്രയോജനം ലഭിക്കും. 85000 രൂപ അടിസ്ഥാനശമ്പളവും 20 വർഷത്തെ സർവീസുമുള്ളവർക്കും പ്രയോജനമുണ്ടാകും.

സർക്കാർ ജീവനക്കാരുടെ ഗ്രാറ്റുവിറ്റി പരിധി ഏഴാം ശമ്പള കമീഷൻ 20 ലക്ഷമായി ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സംഘടിതമേഖലയിലെ ജീവനക്കാരുടെയും ഗ്രാറ്റുവിറ്റി പരിധിയിൽ സർക്കാർ വർധന കൊണ്ടുവരുന്നത്.

എന്നാൽ, സ്ഥിരം തൊഴിൽസമ്പ്രദായം അവസാനിപ്പിച്ചുകൊണ്ട് സർക്കാർതന്നെ കഴിഞ്ഞദിവസം വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിൽ ഗ്രാറ്റുവിറ്റി പരിധി വർധനയുടെ ഗുണഫലം പുതിയ നിയമനങ്ങൾക്കുണ്ടാവില്ല.  നിലവിലെ സ്ഥിരം ജീവനക്കാർപോലും നിശ്ചിതകാല തൊഴിൽ പരിധിയിലേക്ക് മാറ്റപ്പെടാനുള്ള സാധ്യതയേറെയാണ്. അങ്ങനെയെങ്കിൽ ഗ്രാറ്റുവിറ്റി പരിധി വർധനയുടെ ആനുകൂല്യം ലഭിക്കാനിടയുള്ളവരുടെ എണ്ണത്തിൽ വീണ്ടും ഗണ്യമായ ഇടിവ് സംഭവിക്കും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top