18 October Thursday

കന്നുകാലി വ്യാപാരനിരോധനം പിന്‍വലിക്കുന്നു

സാജന്‍ എവുജിന്‍Updated: Friday Dec 1, 2017

ന്യൂഡല്‍ഹി > ചന്തകളില്‍ കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം പിന്‍വലിക്കാന്‍ തീരുമാനം. രാജ്യവ്യാപകമായി പ്രതിഷേധത്തിനും പ്രക്ഷോഭത്തിനും ഇടയാക്കിയ വിജ്ഞാപനം ഇക്കൊല്ലം മെയ് 23നാണ് വനം-പരിസ്ഥിതിമന്ത്രാലയം ഇറക്കിയത്. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിയമം കൈയിലെടുത്ത് ആക്രമണങ്ങള്‍ നടത്തിവന്ന ഗോരക്ഷാ സംഘങ്ങള്‍ക്ക് കൂടുതല്‍ ഉത്തേജനം പകര്‍ന്ന വിജ്ഞാപനം രാജ്യത്തെ കര്‍ഷകരെ സാമ്പത്തികമായി തളര്‍ത്തി. ഗോരക്ഷയുടെ പേരില്‍ അഴിഞ്ഞാട്ടം നടത്തുന്നവരില്‍നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് സുപ്രീംകോടതിതന്നെ കേന്ദ്രത്തോടും വിവിധ സംസ്ഥാന സര്‍ക്കാരുകളോടും ആവശ്യപ്പെട്ടിരുന്നു.

മൃഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം ഭേദഗതി ചെയ്ത് ഇറക്കിയ വിജ്ഞാപനം പിന്‍വലിക്കുന്നതായി പരിസ്ഥിതിമന്ത്രാലയം നിയമമന്ത്രാലയത്തെ അറിയിച്ചു. ഒട്ടേറെ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് വിജ്ഞാപനം പിന്‍വലിക്കുന്നതെന്ന് പരിസ്ഥിതിമന്ത്രാലയം വിശദീകരിക്കുന്നു. പശു, കാള, എരുമ, പോത്ത്, കന്നുകുട്ടികള്‍, ഒട്ടകം എന്നീ മൃഗങ്ങളുടെ കശാപ്പിനായുള്ള വില്‍പ്പനയാണ് മെയ് 23ലെ വിജ്ഞാപനംവഴി നിരോധിച്ചത്. മതപരമായ ആചാരങ്ങളുടെ ഭാഗമായി കന്നുകാലികളെ ബലിയര്‍പ്പിക്കുന്നതും നിരോധിച്ചു. ചന്തകളില്‍ കാലികളുടെ വില്‍പ്പനയ്ക്ക് കര്‍ശനമായ നിയന്ത്രണങ്ങളും  കൊണ്ടുവന്നു. കശാപ്പിനായി വില്‍ക്കാന്‍ കാലികളെ ചന്തകളിലേക്ക് കൊണ്ടുവരുന്നതും കാലികളെ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോയി വില്‍ക്കുന്നതും നിരോധിച്ചിരുന്നു. സംസ്ഥാന അതിര്‍ത്തികളുടെ 25 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ കന്നുകാലിച്ചന്തകള്‍ അനുവദിച്ചില്ല. അന്താരാഷ്ട്ര അതിര്‍ത്തികളുടെ കാര്യത്തില്‍ 50 കിലോമീറ്റര്‍ പരിധിയും നിശ്ചയിച്ചു.

 കന്നുകാലി വ്യാപാരനിരോധനം ദരിദ്ര-ചെറുകിട ഉല്‍പ്പാദകരെ അങ്ങേയറ്റം പ്രതികൂലമായി ബാധിച്ചു. കറവവറ്റിയ കാലികളെ കര്‍ഷകര്‍ ഓരോ സീസണിലും വില്‍ക്കുന്നതാണ് പതിവ്. നൂറ്റാണ്ടുകളായി കര്‍ഷകര്‍ ഇങ്ങനെ കന്നുകാലികളെ വില്‍ക്കുന്നു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തരവരുമാനത്തില്‍ 7.35 ശതമാനവും കാര്‍ഷികവരുമാനത്തിന്റെ 26 ശതമാനവും മൃഗസംരക്ഷണമേഖലയില്‍നിന്നാണ്. കര്‍ഷക കുടുംബങ്ങളുടെ വരുമാനത്തിന്റെ 30 ശതമാനത്തോളം കന്നുകാലികളില്‍നിന്നും ഇവയില്‍നിന്നുള്ള ഉപോല്‍പ്പന്നങ്ങളില്‍നിന്നുമാണ്. രാജ്യത്തെ കന്നുകാലികളില്‍ 50 ശതമാനവും 2.5 ഏക്കറില്‍ താഴെ ഭൂമിയുള്ള കര്‍ഷക കുടുംബങ്ങളുടേതാണ്.

കേന്ദ്രവിജ്ഞാപനം നിയമയുദ്ധത്തിനും വഴിതെളിച്ചു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കേന്ദ്രവിജ്ഞാപനം സ്റ്റേ ചെയ്തു. സുപ്രീംകോടതി ജൂലൈ 11ന് ഈ സ്റ്റേ പൂര്‍ണമായി  അംഗീകരിച്ചെങ്കിലും ഒരു മാസത്തിനുശേഷം ഈ ഉത്തരവ് പരിഷ്കരിച്ചു. ക്രൂരത തടയല്‍നിയമത്തിന് (കേസില്‍ പിടിച്ചെടുത്ത മൃഗങ്ങളുടെ സംരക്ഷണം) ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കി. മൃഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം പിടിച്ചെടുത്ത മൃഗങ്ങളുടെ ചികിത്സയും ശുശ്രൂഷയും പുനരധിവാസവും വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്. അതേസമയം, കാലിച്ചന്തനിയന്ത്രണനിയമത്തിലെ 22 ബി (മൂന്ന്), 22 (ഇ) വകുപ്പുകള്‍ക്ക് മദ്രാസ് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേയുടെ കാര്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കന്നുകാലി വില്‍പ്പനയ്ക്ക് നിരോധനമേര്‍പ്പെടുത്തിയുള്ള വിജ്ഞാപനത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുമെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

പ്രധാന വാർത്തകൾ
Top