17 November Saturday

സര്‍ക്കാരിറക്കുന്ന മരുന്നിലും ‘ഭ ജ പ’ മുദ്രകുത്തല്‍

പി ആർ ചന്തുകിരൺUpdated: Friday Aug 3, 2018

ന്യൂഡൽഹി > കുറഞ്ഞവിലയിൽ മരുന്നുകൾ ലഭ്യമാക്കാനുള്ള  കേന്ദ്രസർക്കാർ പദ്ധതിയെ നരേന്ദ്ര മോഡി സർക്കാർ ബിജെപിയുടെ പ്രചാരണ പരിപാടിയാക്കി. പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജനയുടെ ഭാഗമായി  പുറത്തിറക്കുന്ന മരുന്നുകളുടെ കവറിൽ ഭാരതീയ ജനതാ പാർടി എന്നതിന്റെ ഹിന്ദി ചുരുക്കെഴുത്തായ “ഭ ജ പ’ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന മുദ്രകുത്തൽ.

പ്രധാനമന്ത്രി എന്നത് ഇളം പച്ചനിറത്തിൽ അപ്രസക്തമായും ഭാരതീയ ജൻ ഔഷധി പരിയോജന എന്നതിന്റെ ആദ്യ അക്ഷരങ്ങൾ “ഭ ജ പ’ എന്നിവ കാവിനിറത്തിലും പ്രദർശിപ്പിച്ചാണ്  കബളിപ്പിക്കൽ. കേന്ദ്ര ഫാർമസ്യൂട്ടിക്കൽ വകുപ്പിനു കീഴിലുള്ള ബ്യൂറോ ഓഫ് ഫാർമ പിഎസ്യുഎസ് ഓഫ് ഇന്ത്യ പുറത്തിറക്കിയ മരുന്നുകളിലാണ് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമുള്ളത്.

“ഭ ജ പ’ എന്ന് എഴുതി കബളിപ്പിക്കാവുന്ന നിലയിലേക്ക് കേന്ദ്രപദ്ധതിയുടെ പേര് വളച്ചൊടിക്കാൻ രണ്ടുതവണ കേന്ദ്രം പദ്ധതിയുടെ പേരുതന്നെ തിരുത്തി. 2008ൽ ഒന്നാം യുപിഎ സർക്കാരാണ് “ജൻ ഔഷധി സ്കീം’ എന്ന പേരിൽ പദ്ധതി തുടങ്ങിയത്. മോഡി അധികാരത്തിലെത്തിയശേഷം 2015 സെപ്തംബറിൽ പദ്ധതിയുടെ പേര് “പ്രധാനമന്ത്രി ജൻ ഔഷധി യോജന’ (പിഎംജെഎവൈ) എന്ന് തിരുത്തി. 2016 നവംബറിൽ വീണ്ടും തിരുത്തി “പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന’ (പിഎംബിജെപി) എന്നാക്കി. ഹിന്ദിയിൽ “ഭ ജ പ’ എന്നും ഇംഗ്ലീഷിൽ “ബി ജെ പി’ എന്നും വരുന്നനിലയിലാണ് പേര് ക്രമീകരിച്ചത്. ബിജെപിയുടെ കൊടിയിലുള്ള മൂന്ന് നിറം ചേർത്താണ് പദ്ധതിയുടെ ചിഹ്നവും ഹിന്ദിയിലുള്ള പേരും മരുന്നിന്റെ കവറുകളിൽ മുദ്രകുത്തിയത്.

പാർലമെന്റ് തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിയതോടെ സർക്കാരിന്റെ സർവ സന്നാഹങ്ങളും പ്രചരണങ്ങൾക്കുപയോ​ഗിക്കാനുള്ള ശ്രമങ്ങൾ ശക്തമാണ്. മോഡിയുടെ ബാല്യകാല കഥ പാടിപ്പുകഴ്ത്തുന്ന “ചലോ ജീതേ ഹൈൻ’ എന്ന ഹ്രസ്വചിത്രം രാഷ്ട്രപതിഭവനിലും പാർലമെന്റ് സെക്രട്ടറിയറ്റിലും അടുത്തിടെ പ്രദർശിപ്പിച്ചിരുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, കേന്ദ്രമന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ മുന്നിലാണ് പ്രധാനമന്ത്രി ഓഫീസിന്റെയും വാർത്താ വിനിമയ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം പ്രദർശനം നടന്നത്. കഥാനായകനായ കുട്ടി ചായവിൽപ്പന നടത്തുന്ന രംഗങ്ങളും ചിത്രത്തിലുണ്ട്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് “ബാൽ നരേന്ദ്ര’ എന്നപേരിൽ മോഡിയുടെ ബാല്യകാല ചിത്രകഥ പ്രസിദ്ധീകരിച്ചിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top