Top
23
Saturday, September 2017
About UsE-Paper

യോഗീ, ഇന്ത്യ ലജ്ജിക്കുന്നു

Monday Aug 14, 2017
വെബ് ഡെസ്‌ക്‌
അധികൃതര്‍ ആംബുലന്‍സ് അനുവദിക്കാത്തതിനെ തുടര്‍ന്ന് ഗോരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹവുമായി പോകുന്ന ബന്ധുക്കള്‍

ന്യൂഡല്‍ഹി > ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് പോലും അനുവദിക്കാതെ അധികൃതരുടെ ക്രൂരത. പിഞ്ചുകുഞ്ഞായതിനാല്‍ ജീപ്പിലോ ടെമ്പോയിലോ മറ്റോ മൃതദേഹം കൊണ്ടുപോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചതായി ബന്ധുക്കള്‍ പരാതിപ്പെട്ടു. പലരും മൃതദേഹം ചുമന്നാണ് കൊണ്ടുപോയത്. ഇതിനിടെ, ഗോരഖ്പുര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഒരാഴ്്ചയ്്ക്കിടെ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 70 കടന്നു. 48 മണിക്കൂറിനിടെ 17 നവജാതശിശുക്കള്‍ ഉള്‍പ്പടെ 30 കുഞ്ഞുങ്ങള്‍ പിടഞ്ഞുമരിച്ച വാര്‍ത്ത രാജ്യത്തെ ഞെട്ടിച്ചു. യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളികള്‍ ഓരോന്നായി പുറത്തുവരികയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും ആവശ്യം സര്‍ക്കാര്‍ തള്ളി. മസ്തിഷ്ക, ജപ്പാന്‍ ജ്വരംമൂലം മരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ട കാര്യമില്ലെന്ന് ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി സിദ്ധാര്‍ഥ്നാഥ് സിങ്ങ് പ്രതികരിച്ചു. ഓക്സിജന്‍ ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചേനെയെന്നുമാണ് മന്ത്രിയുടെ വാദം.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്ഥിരം മണ്ഡലത്തില്‍ സംഭവിച്ച ദുരന്തം ഉദ്യോഗസ്ഥരുടെ വീഴ്ചയായി ചിത്രീകരിക്കാനുള്ള നീക്കവും നടക്കുന്നു. ബിആര്‍ഡി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാജീവ് മിശ്രയെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ ആശുപത്രി നോഡല്‍ഓഫീസറായ ഡോ. കഫീല്‍ അഹമ്മദിനെയും സര്‍ക്കാര്‍ നീക്കി. ഓക്സിജന്‍ വിതരണം നിലച്ചപ്പോള്‍ അടിയന്തര ഇടപെടലിലൂടെ നൂറുകണക്കിന് കുഞ്ഞുങ്ങളെ രക്ഷിച്ച ഡോ. കഫീല്‍ അഹമ്മദിനെ നീക്കിയത് വിവാദമായി. ഓക്സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന കമ്പനിക്ക് സമയത്ത് കുടിശിക തീര്‍ത്തുകൊടുത്തില്ലെന്ന് ആരോപിച്ചാണ് പ്രിന്‍സിപ്പല്‍ ഡോ. രാജീവ്മിശ്രയെ സസ്പെന്‍ഡ് ചെയ്തത്. ഈ മാസം നാലിനാണ് കുടിശിക തീര്‍ക്കണമെന്ന കത്ത് ഡോ. രാജീവ്മിശ്ര ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചതെന്ന സര്‍ക്കാര്‍ വാദം അദ്ദേഹം തള്ളി. ജൂലൈ മൂന്നിനും 19നും ആഗസ്ത് ഒന്നിനും താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ആശുപത്രിയിലെ സാഹചര്യങ്ങള്‍ വിശദമാക്കി കത്തയച്ചിരുന്നതായി അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഡോ. രാജീവ്മിശ്ര പിന്നീട് രാജി നല്‍കി. ആശുപത്രിയിലെ വിവിധ വാര്‍ഡുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന ആവശ്യവും ശക്തമായി.

മുഖ്യമന്ത്രി ആദിത്യനാഥും കേന്ദ്രആരോഗ്യമന്ത്രി ജെ പി നഡ്ഡയും ഞായറാഴ്ച ബിആര്‍ഡി മെഡിക്കല്‍കോളേജ് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ കരിങ്കൊടികാട്ടി. പൊലീസ് ഇവരെ തല്ലിച്ചതച്ചു. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ കുട്ടികളുടെ തീവ്രപരിചരണ വാര്‍ഡിലുള്‍പ്പെടെ പൊലീസുകാര്‍ ഇരച്ചുകയറിയത് പ്രതിഷേധത്തിനിടയാക്കി.

അതേസമയം, സാഹചര്യങ്ങള്‍ മനസ്സിലാക്കാതെ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുകയാണെന്ന് ആദിത്യനാഥിന്റെ അവകാശവാദം. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗോരഖ്പൂരില്‍ 85 കോടി മുടക്കി പ്രാദേശിക മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് ജെ പി നഡ്ഡ പറഞ്ഞു. അതേസമയം ദുരന്തത്തിനെക്കുറിച്ച് ഗോരഖ്പുര്‍ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

'കുഞ്ഞുങ്ങള്‍ മരിച്ചത് പ്രാണവായു കിട്ടാതെ' 
ന്യൂഡല്‍ഹി > ഗോരഖ്പുരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നവജാതശിശുക്കള്‍ ഉള്‍പ്പെടെ പ്രാണവായു കിട്ടാതെയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ച് ബന്ധുക്കള്‍. വ്യാഴാഴ്്ച വൈകിട്ടുമാത്രമാണ് ഓക്സിജന്‍ വിതരണം നിലച്ചതെന്നും അപ്പോള്‍ ആരും മരിച്ചില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. എന്നാല്‍, മരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കള്‍ ഈ വാദം തള്ളി. ചൊവ്വാഴ്ചമുതല്‍ ആശുപത്രിയിലെ വിവിധ വാര്‍ഡുകളിലേക്കുള്ള ഓക്സിജന്‍ വിതരണം കുറഞ്ഞെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
തന്റെ കുഞ്ഞ് ശ്വസിക്കാന്‍ വായു കിട്ടാത്തതിനെ തുടര്‍ന്ന് ഹൃദയാഘാതംമൂലമാണ് മരിച്ചതെന്ന് 17 ദിവസംമാത്രം പ്രായമുണ്ടായിരുന്ന സരികയുടെ അച്ഛന്‍ അജയ് ശുക്ള വെളിപ്പെടുത്തി. എന്‍ഐസിയു വാര്‍ഡിലെ ഓക്സിജന്‍ മോണിറ്ററില്‍ ദിവസങ്ങളായി ചുവന്ന വെളിച്ചമായിരുന്നുവെന്ന് കഴിഞ്ഞദിവസം മരിച്ച കുഞ്ഞിന്റെ ബന്ധു അഭിനീത്കുമാര്‍ ശുക്ള പറഞ്ഞു. ഓക്സിജന്‍ കുറവായതിന്റെ മുന്നറിയിപ്പാണ് ചുവന്ന വെളിച്ചം. വ്യാഴാഴ്ച ബിആര്‍ഡി ആശുപത്രിയിലെ അവസ്ഥ അറവുശാലകള്‍ക്ക് സമാനമായിരുന്നെന്ന് ഇവര്‍ ഓര്‍ക്കുന്നു. രാവിലെ 6.30നും അര്‍ധരാത്രിക്കുമിടയില്‍ ആറ് കുട്ടികള്‍ മരിച്ചു. രാത്രി 12നും പുലര്‍ച്ചെ 1.30നും ഇടയില്‍ അഞ്ചു കുഞ്ഞുങ്ങളും മരിച്ചു. ആശുപത്രിക്കുള്ളിലെ സിസിടിവികളും വിവിധ വാര്‍ഡുകളിലെ ഓക്സിജന്‍ മോണിറ്ററുകളും പരിശോധിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.