24 September Monday

ഹര്‍ത്താല്‍ ഏറ്റെടുത്ത് ബം​ഗാള്‍

ഗോപിUpdated: Tuesday Sep 11, 2018



കൊൽക്കത്ത
ദേശീയ ഹർത്താലിന് ബംഗാളിൽ വൻ പ്രതികരണം. സംസ്ഥാനമൊട്ടാകെ ജനങ്ങൾ സ്വമേധയാ രംഗത്തിറങ്ങി സമരത്തിൽ പങ്കാളികളായി. 
ഇന്ധവില വർധനയ‌്ക്കെതിരെ ഘോരഘോരം പ്രതികരിക്കുന്ന മുഖ്യമന്ത്രി മമത ബാനർജിയും തൃണമൂലും ബം​ഗാളിൽ സമരത്തെ പൊളിക്കാനാണ് കരുനീക്കിയത്. ജോലിക്ക് ഹാജരാകാത്ത സർക്കാർ അർധ സർക്കാർ ജീവനക്കാരു‌ടെ വേതനം റദ്ദാക്കുമെന്ന് മമത മുൻകൂട്ടി ഭീഷണി മുഴക്കി. ഭീഷണി അവഗണിച്ചും നിരവധി ജവനക്കാർ ജോലിയിൽനിന്ന് വിട്ടുനിന്നു.

പലയിടങ്ങളിലും ഉപരോധം സംഘടിപ്പിച്ച ഇടതുമുന്നണി പ്രവർത്തകരെ തൃണമൂലുകാർ ആക്രമിച്ചു. പ്രക്ഷോഭകരെ നേരിടാൻ 30000 പൊലീസുകരെ പ്രത്യേകമായി വിവിധ സ്ഥലങ്ങളിൽ നിയോഗിച്ചു. ഗ്രാമ‐നഗര വ്യത്യാസമില്ലാതെ എല്ലാ മേഖലയിലും സമരം വൻ വിജയമായി. സമരം പൊളിക്കാൻ പൊലീസും തൃണമൂൽ പ്രവർത്തകരും അഴിച്ചുവിട്ട വ്യാപക അക്രമത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ട്രെയിൻ സർവീസ്  പലയിടങ്ങളിലും മുടങ്ങി. നിരവധി ട്രെയിനുകൾ റദ്ദാക്കി. കൊൽക്കത്തയിലും ജില്ലകളിലും  പൊലീസ് അകമ്പടിയോടെ വാഹനങ്ങൾ നിരത്തിലിറങ്ങിയെങ്കിലും യാത്രക്കാർ  വളരെ കുറവായിരുന്നു. 

വിദ്യാഭ്യാസസ്ഥാപനങ്ങൾ ഭൂരിപക്ഷവും പ്രവർത്തിച്ചില്ല. പണിമുടക്കിയ ആളുകളും ഇടതുമുന്നണി പ്രവർത്തകരും മിക്കയിടങ്ങളിലും പ്രകടനവും യോഗവും നടത്തി .  ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു, സിപിഐ എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര എന്നിവർ  കൊൽക്കത്തയിൽ  പ്രകടനത്തിന് നേതൃത്വം നൽകി.

വ്യാപകമായ അക്രമം ചെറുത്ത് സമരം വിജയിപ്പിച്ചവരെ  ബിമൻ ബസുവും സൂര്യകാന്ത മിശ്രയും അഭിനന്ദിച്ചു.


പ്രധാന വാർത്തകൾ
Top