Top
19
Monday, February 2018
About UsE-Paper

സ്വര്‍ണമെഡല്‍ ലഭിക്കാന്‍ സസ്യഭുക്കാകണം; പുണെ സര്‍വകലാശാല സര്‍ക്കുലറിനെതിരെ പ്രതിഷേധം

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌

പുണെ > സര്‍വകലാശാല സ്വര്‍ണമെഡലിന് അര്‍ഹരാകണമെങ്കില്‍ സസ്യഭുക്കാകണമെന്ന പുണെ സര്‍വകലാശാല സര്‍ക്കുലറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പുണെയിലെ സാവിത്രി‘ഭായ് ഫുലെ സര്‍വകലാശാലയാണ് വിവാദ സര്‍ക്കുലര്‍ കോളേജുകള്‍ക്ക് അയച്ചത്. സര്‍ക്കുലറിനെതിരെ ശിവസേനയുടെ വിദ്യാര്‍ഥിവിഭാഗവും എന്‍സിപിയും രംഗത്തുവന്നു. സര്‍വകലാശാലകള്‍ ലക്ഷ്യമിടേണ്ടത് ഭക്ഷണമല്ലെന്നും കുട്ടികളുടെ വിദ്യാഭ്യാസമാണെന്നും എന്‍സിപി നേതാവും പാര്‍ലമെന്റ് അംഗവുമായ സുപ്രിയ സുലെ ആവശ്യപ്പെട്ടു. സര്‍വകലാശാലയുടെ തീരുമാനം നിരാശാജനകമാണെന്നും സുപ്രിയ സുലെ പറഞ്ഞു.

ഇത് സര്‍വകലാശാലയാണോ അതോ റസ്റ്റോറന്റാണോയെന്ന് ശിവസേനയുടെ വിദ്യാര്‍ഥിസംഘടന യുവസേന സംസ്ഥാന പ്രസിഡന്റ് ആദിത്യ താക്കറെ ചോദിച്ചു. സര്‍വകലാശാലകള്‍ക്കോ സര്‍ക്കാരിനോ ജനങ്ങള്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനാകില്ല. ജനാധിപത്യവിരുദ്ധ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും ആദിത്യ താക്കറെ ആവശ്യപ്പെട്ടു.
സര്‍വകലാശാല മെഡലിന് പരിഗണിക്കണമെങ്കില്‍ മത്സ്യവും മാംസഭക്ഷണവും കഴിക്കാത്തവരാകണമെന്നും ലഹരി ഉപയോഗിക്കാത്തവരാകണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സസ്യഭുക്കുകളായ വിദ്യാര്‍ഥികള്‍മാത്രം അപേക്ഷിച്ചാല്‍ മതിയെന്നാണ് സര്‍ക്കുലര്‍ പറയുന്നത്.

യോഗ മഹര്‍ഷി രാമചന്ദ്ര ഗോപാല്‍ ഷെലറിന്റെ പേരില്‍ സര്‍വകലാശാലയിലെ മികച്ച വിദ്യാര്‍ഥിക്കാണ് സ്വര്‍ണമെഡല്‍ നല്‍കുന്നത്.  നൃത്തം, ഗാനാലാപനം, പ്രസംഗം, അഭിനയം എന്നിവയില്‍ കഴിവുള്ളവര്‍ക്കും യോഗ, പ്രാണായാമ, മെഡിറ്റേഷന്‍ എന്നിവ ചെയ്യുന്നവര്‍ക്കും മുന്‍ഗണന നല്‍കണമെന്ന് സര്‍ക്കുലറിലുണ്ട്. ഈ സര്‍ക്കുലര്‍ വര്‍ഷങ്ങളായുള്ളതാണെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.  എന്നാല്‍, ഒക്ടോബറിലാണ് യൂണിവേഴ്‌സിറ്റി സര്‍ക്കുലര്‍ പുറത്തിറക്കിയത്.