Top
19
Monday, February 2018
About UsE-Paper

അമിത് ഷായെ കുറ്റവിമുക്തനാക്കിയത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി : നിർണായക വെളിപ്പെടുത്തലുമായി റിട്ട. ജസ്റ്റിസ്

Thursday Feb 15, 2018
വെബ് ഡെസ്‌ക്‌
ജസ്റ്റിസ് അഭയ് എം തിപ്‌സെ


ന്യൂഡൽഹി > സൊഹ്‌റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടി നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് റിട്ട. ജസ്റ്റിസ് അഭയ് എം തിപ്‌സെ. സിബിഐ പ്രത്യേക കോടതിയുടെ വിധിന്യായത്തിലെ പല വസ്തുതയും സാമാന്യബുദ്ധിക്ക് നിരക്കാത്തതാണെന്നും ഉന്നത രാഷ്ട്രീയനേതാക്കളും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ബോംബെ ഹൈക്കോടതി ജഡ്ജിയായിരുന്ന അദ്ദേഹം പറഞ്ഞു. നിർണായക തെളിവുകൾ പരിഗണിക്കാത്തതും സാക്ഷികൾ ഭീഷണിക്ക് വഴങ്ങി മൊഴിമാറ്റിപ്പറഞ്ഞതും ജഡ്ജിയെ തിടുക്കത്തിൽ സ്ഥലംമാറ്റിയതും ഉൾപ്പെടെ പരിഗണിച്ച് ബോംബെ ഹൈക്കോടതി സ്വമേധയാ കേസ് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2017ൽ അലഹബാദ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് തിപ്‌സെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്.

30 സാക്ഷികളിൽ 22 പേർ കൂറുമാറി. കേസ് പരിഗണിച്ച ജഡ്ജി ജെ ടി ഉത്പടിനെ തിടുക്കപ്പെട്ട് സ്ഥലംമാറ്റിയതും ദുരൂഹമാണ്. 2012ൽ മഹാരാഷ്ട്രയിൽനിന്ന് ഗുജറാത്തിലേക്ക് കേസ് മാറ്റി സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഒരു ജഡ്ജി തന്നെ വാദംകേട്ട് വിധി പുറപ്പെടുവിക്കാൻ അവസരമൊരുക്കണമെന്ന് നിർദേശിച്ചിരുന്നു. ഈ വ്യവസ്ഥ ലംഘിച്ചാണ് ജഡ്ജി ജെ ടി ഉത്പടിനെ സ്ഥലംമാറ്റിയത്.

കേസിൽ പ്രതിയും അക്കാലത്ത് ഗുജറാത്ത് ഡിഐജിയായിരുന്ന ഡി ജി വൻസാര ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ജഡ്ജിയായിരിക്കെ അഭയ് തിപ്‌സെ പരിഗണിച്ചിരുന്നു. സൊഹ്‌റാബുദീൻ ഷെയ്ഖിനെ തട്ടിക്കൊണ്ടുപോയതായും ഗുജറാത്തിലെ ഫാംഹൗസിൽ തടങ്കലിൽ പാർപ്പിച്ചതായും വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതായും തെളിഞ്ഞിട്ടുണ്ട്. എന്നാൽ, അന്നത്തെ ഡിഐജിയായിരുന്ന വൻസാര, രാജസ്ഥാൻ എസ്പിയായിരുന്ന എം എൻ ദിനേശ്, ഗുജറാത്ത് എസ്പിയായിരുന്ന രാജ്കുമാർ പാണ്ഡ്യൻ എന്നിവർക്ക് ഇതുമായി ബന്ധമില്ലെന്ന കണ്ടെത്തൽ അതിശയിപ്പിച്ചു. താഴ്ന്ന റാങ്കിലുള്ള ചില പൊലീസ് ഉദ്യോഗസ്ഥർ  ഹൈദരാബാദിൽനിന്ന് സൊഹ്‌റാബുദീനെ തട്ടിക്കൊണ്ടുപോയി മറ്റൊരു സംസ്ഥാനത്ത് എത്തിച്ചെന്ന വിലയിരുത്തൽ സാമാന്യയുക്തിയെ പരിഹസിക്കുന്നതാണ്. വൻസാരയ്ക്ക് ജാമ്യം അനുവദിച്ചത് താനാണ്. കൂട്ടുപ്രതികളായിരുന്ന രാജ്കുമാർ പാണ്ഡ്യനും ബി ആർ ചൗബേയ്ക്കും സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനാൽ വൻസാരയ്ക്കും ജാമ്യം അനുവദിക്കാൻ നിർബന്ധിതനായി. വൻസാരയ്‌ക്കെതിരെ സാഹചര്യത്തെളിവുകൾ എല്ലാമുണ്ടെന്ന് ജാമ്യം അനുവദിച്ച ഉത്തരവിൽ വ്യക്തമായി പരാമർശിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേസ് പരിഗണിച്ച ജഡ്ജി ജെ ടി ഉത്പടിനെ സ്ഥലംമാറ്റിയതിനെ തുടർന്ന് കേസ് പരിഗണിച്ച ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട വിവാദം സജീവമായ സാഹചര്യത്തിലാണ് തിപ്‌സെയുടെ നിർണായക വെളിപ്പെടുത്തൽ.