21 November Wednesday

‘ശത്രു ഓഹരികളും’ വിറ്റഴിക്കുന്നു; ലക്ഷ്യം 3,000 കോടി

വെബ് ഡെസ്‌ക്‌Updated: Saturday Nov 10, 2018

ന്യൂഡൽഹി > ‘ശത്രു ഓഹരികൾ’ (എനിമി പ്രോപ്പർട്ടി) വിറ്റ‌് 3,000 കോടി രൂപ സമാഹരിക്കാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ശത്രുരാജ്യങ്ങളുടെയോ, അവിടത്തെ  പൗരന്മാരുടെയോ സ്ഥാപനങ്ങളുടെയോ ഇന്ത്യയിലെ ആസ‌്തിവകകളാണ‌് 1968ലെ നിയമപ്രകാരം ‘ശത്രു സ്വത്ത‌്’. വിഭജനശേഷം ഇന്ത്യ വിട്ടുപോയി മറ്റ‌് രാജ്യങ്ങളിൽ പൗരത്വം സ്വീകരിച്ചവരെയാണ‌് ‘ശത്രു’ക്കളായി കരുതുന്നത‌്.

നിലവിൽ 996 കമ്പനികളിലായി 20,323 ഉടമകൾക്ക‌് 6.50 കോടിയിൽപരം ഓഹരികളുണ്ടെന്നാണ‌് കണക്ക‌്. ഇവയിൽ സജീവമായ 588 കമ്പനികളിൽ 139 എണ്ണം ഓഹരിവിപണിയിൽ ലിസ‌്റ്റ‌്ചെയ്യപ്പെട്ടവയാണ‌്.

ധനമന്ത്രിയുടെ അധ്യക്ഷതയിൽ, ഉപരിതല ഗതാഗതമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉൾപ്പെട്ട സമിതി ഓഹരിവിൽപ്പനയ‌്ക്ക‌് മേൽനോട്ടം വഹിക്കും. സെക്രട്ടറിതല സമിതി നടപടികൾക്ക‌് സഹായം നൽകും. കേന്ദ്രം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ‌് പുതിയ തീരുമാനമെടുക്കാൻ കാരണം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽപ്പന വഴി നടപ്പുസാമ്പത്തികവർഷം ലക്ഷം കോടി രൂപ സമാഹരിക്കുമെന്ന‌് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രതീക്ഷിച്ച വിൽപ്പന നടക്കുന്നില്ല.

ശത്രുസ്വത്തുക്കൾ വിറ്റഴിക്കാൻ 2017ൽ മോഡി സർക്കാർ നിയമഭേദഗതി കൊണ്ടുവന്നിരുന്നു. നിലവില്‍ ഓഹരികള്‍ വിറ്റഴിക്കാനാണ‌് തീരുമാനമെങ്കിലും വിഭജനകാലത്ത് ഇന്ത്യ വിട്ടവരുടെ കോടിക്കണക്കിനു രൂപയുടെ സ്വത്തുവകകള്‍ വിറ്റഴിക്കുകയാണ‌് ലക്ഷ്യമെന്നും ആരോപണമുയർന്നിട്ടുണ്ട‌്.


പ്രധാന വാർത്തകൾ
Top