25 June Monday

5 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് : ഫെബ്രു. 4 മുതല്‍ മാര്‍ച്ച് 8വരെ

സാജന്‍ എവുജിന്‍Updated: Thursday Jan 5, 2017

ന്യൂഡല്‍ഹി > ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പുര്‍  നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി നാലുമുതല്‍ മാര്‍ച്ച് എട്ടുവരെ. യുപിയില്‍ ഏഴുഘട്ടം,  പഞ്ചാബിലും ഗോവയിലും ഉത്തരാഘണ്ഡിലും ഒറ്റഘട്ടം, മണിപ്പുരില്‍ രണ്ടുഘട്ടം. അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ മാര്‍ച്ച് 11ന് നടക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പു കമീഷണര്‍ ഡോ. നസീം സെയ്ദി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അഞ്ച് സംസ്ഥാനത്തും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മൊത്തം 690 നിയമസഭാ മണ്ഡലത്തിലേക്കാണ് തെരഞ്ഞെടുപ്പ്. 16 കോടി ജനങ്ങള്‍ സമ്മതിദാനം വിനിയോഗിക്കും. വോട്ടര്‍മാര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ സ്ളിപ്പിനോടൊപ്പം എല്ലാ വീട്ടിലും തെരഞ്ഞെടുപ്പ് സഹായി കൈപ്പുസ്തകം വിതരണംചെയ്യും. 1.85 ലക്ഷം പോളിങ് ബൂത്തുകള്‍ ഏര്‍പ്പെടുത്തും. 2012നെ അപേക്ഷിച്ച് പോളിങ് ബൂത്തുകളുടെ എണ്ണം 15 ശതമാനം വര്‍ധിച്ചു. എല്ലാ ബൂത്തിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കും.

സ്ത്രീകള്‍ക്കുമാത്രമായി സ്ത്രീകള്‍ തെരഞ്ഞെടുപ്പു ചുമതല നിര്‍വഹിക്കുന്ന ബൂത്തുകള്‍ ഒരുക്കും. എല്ലാ ബൂത്തുകളും ഭിന്നശേഷിക്കാരോട് സൌഹൃദപരമാക്കും. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഓരോ സ്ഥാനാര്‍ഥിക്കും ചെലവിടാന്‍ കഴിയുക പരമാവധി 28 ലക്ഷം രൂപയാണ്. ഗോവയിലും മണിപ്പുരിലും 20 ലക്ഷവും. 20,000 രൂപയില്‍ കൂടുതലുള്ള ചെലവുകളും സംഭാവന സ്വീകരിക്കലും ചെക്ക് വഴിയാക്കണം. പ്രചാരണ ഓഫീസുകളിലെ ചെലവ് സ്ഥാനാര്‍ഥിയുടെ പേരിലാകും. ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം ചെലവ് കണക്ക് സമര്‍പ്പിക്കണം. ടെലിവിഷന്‍ ചാനലുകളില്‍ ഏതെങ്കിലും പാര്‍ടിയുടെയോ സ്ഥാനാര്‍ഥികളുടെയോ പരസ്യം വരുന്നുണ്ടോയെന്ന് നിരീക്ഷിക്കും. ഇത്തരം പരസ്യങ്ങളുടെ ചെലവ് സ്ഥാനാര്‍ഥിയുടെ പേരില്‍ കണക്കാക്കും.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍, കേന്ദ്രബജറ്റ് മാറ്റിവയ്ക്കണമെന്ന ആവശ്യത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഈ വിഷയം കമീഷന്‍ പരിശോധിച്ച് വരികയാണെന്നും യഥാസമയം തീരുമാനം ഉണ്ടാകുമെന്നും നസീം സെയ്ദി പ്രതികരിച്ചു.

വോട്ടെടുപ്പ്  690  മണ്ഡലങ്ങളില്‍
ന്യൂഡല്‍ഹി > അഞ്ചു സംസ്ഥാനങ്ങളില്‍ മൊത്തം 690 നിയമസഭാ മണ്ഡലത്തിലേക്കാണ് തെരഞ്ഞെടുപ്പ്.
ഉത്തര്‍പ്രദേശ്- 403, പഞ്ചാബ്- 117, ഉത്തരാഖണ്ഡ്- 70, മണിപ്പുര്‍- 60, ഗോവ- 40. അഞ്ചു സംസ്ഥാനങ്ങളില്‍ ആകെ വോട്ടര്‍മാര്‍ 16 കോടിയോളം. സംവരണമണ്ഡലങ്ങള്‍ 133. യുപിയില്‍ 15 ജില്ലയിലെ 73 മണ്ഡലത്തില്‍ ഫെബ്രുവരി 11നും 11 ജില്ലയിലെ 67 മണ്ഡലത്തില്‍ 15നും 12 ജില്ലയിലെ 61 മണ്ഡലത്തില്‍ 19നും 12 ജില്ലയിലെ 53 മണ്ഡലത്തില്‍ 23നും 11 ജില്ലയിലെ 52 മണ്ഡലത്തില്‍ 27നും ഏഴ് ജില്ലയിലെ 41 മണ്ഡലത്തില്‍ മാര്‍ച്ച് നാലിനും ഏഴ് ജില്ലയിലെ 40 മണ്ഡലത്തില്‍ എട്ടിനും വോട്ടെടുപ്പ് നടക്കും.

സുപ്രീംകോടതി വിധി കരുത്തുപകരും:  തെര. കമീഷണര്‍
ന്യൂഡല്‍ഹി > തെരഞ്ഞെടുപ്പ് പ്രക്രിയ മതനിരപേക്ഷമാണെന്ന സുപ്രീംകോടതി വിധി കമീഷനു കൂടുതല്‍ കരുത്ത് പകരുമെന്നും മുഖ്യതെരഞ്ഞെടുപ്പു കമീഷണര്‍ ഡോ. നസീം സെയ്ദി പറഞ്ഞു. മതം, ജാതി, ഭാഷ എന്നിവയുടെ പേരില്‍ വോട്ട് തേടുന്നത് തടയാന്‍ സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പാലിക്കും.

ദക്ഷിണേന്ത്യയില്‍ മതത്തിന്റെ പേരില്‍ ചില പാര്‍ടികള്‍ പ്രവര്‍ത്തിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ഈ വിഷയത്തില്‍ 2005ല്‍ കമീഷന്‍ പ്രഖ്യാപിച്ച മാനദണ്ഡങ്ങളാണ് ബാധകം- മുഖ്യ തെരഞ്ഞെടുപ്പു കമീഷണര്‍ പ്രതികരിച്ചു.

2005നുശേഷം മതത്തിന്റെ പേരിലുള്ള പാര്‍ടികള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കിയിട്ടില്ല. പ്രധാനമന്ത്രിയുടെ ലഖ്നൌ പ്രസംഗത്തിനുവേണ്ടി തെരഞ്ഞെടുപ്പു പ്രഖ്യാപനം വൈകിച്ചെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തോട് കമീഷന് സ്വന്തം നിലപാടുണ്ടെന്നായിരുന്നു മറുപടി. സമാജ്വാദി പാര്‍ടിയുടെ ചിഹ്നം മരവിപ്പിക്കുമോ എന്ന ചോദ്യം ഊഹങ്ങളുടെ അടിസ്ഥാനത്തിലാണ്- അദ്ദേഹം പറഞ്ഞു.

 

യു പി കക്ഷി നില
ആകെ സീറ്റ്: 403
സമാജ്‌വാദി പാര്‍ട്ടി: 224
ബിഎസ്‌പി: 80
ബിജെപി: 47
കോണ്‍ഗ്രസ് 28
മറ്റുള്ളവര്‍: 34പഞ്ചാബില്‍ 117 സീറ്റുണ്ട്. ശിരോമണി അകാലിദള്‍-ബിജെപി സഖ്യമാണ് ഭരണത്തില്‍.  കോണ്‍ഗ്രസും ആം ആദ്‌മി പാര്‍ട്ടിയും പ്രതിപക്ഷത്ത് ശക്തമായുണ്ട്. മാര്‍ച്ച് 18 വരെ സഭയ്ക്ക് കാലാവധിയുണ്ട്.

പഞ്ചാബ് കക്ഷിനില
ആകെസീറ്റ് 117
അാകാലി ദള്‍: 54
കോണ്‍ഗ്രസ് 46
ബിജെപി: 12
സ്വതന്ത്രര്‍ 5

ഉത്തരാഖണ്ഡ് നിയമസഭയിലെ 70 സീറ്റിലേക്കാണ് വോട്ടെടുപ്പ്. കോണ്‍ഗ്രസാണ് ഭരണത്തില്‍. മാര്‍ച്ച് 26ന് നിലവിലുള്ള സഭയുടെ കാലാവധി തീരും.

ഉത്തരാഖണ്ഡ് കക്ഷിനില
ആകെസീറ്റ് 70
കോണ്‍ഗ്രസ്: 32
ബിജെപി: 31
ബിഎസ്‌പി: 3
മറ്റുള്ളവര്‍: 4

60 അംഗ നിയമസഭയുള്ള മണിപ്പൂരില്‍ കോണ്‍ഗ്രസിനാണ് ഭരണം. ഈറോം ഷര്‍മ്മിള ഇത്തവണ മത്സരരംഗത്തുണ്ടാകും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 18 ന് നിലവലുള്ള സഭയുടെ കാലാവധി കഴിയും.

മണിപ്പൂര്‍ കക്ഷിനില
ആകെസീറ്റ് 60
കോണ്‍ഗ്രസ്: 47
തൃണമൂല്‍ 5
മറ്റുള്ളവര്‍: 8

ഗോവയില്‍ 40 സീറ്റാണ് നിയമസഭയില്‍. ബിജെപിയാണ് ഭരണത്തില്‍. മാര്‍ച്ച് 18 നാണ് സഭയുടെ കാലാവധി തീരുന്നത്. 

ഗോവ കക്ഷിനില
ആകെ സീറ്റ്:40
ബിജെപി: 21
കോണ്‍ഗ്രസ്: 9
മറ്റുള്ളവര്‍: 10
 

പ്രധാന വാർത്തകൾ
Top