14 November Wednesday

സമ്പദ‌്ഘടന തകരുന്നു ; ബാങ്കുകൾ പ്രതിസന്ധിയിൽ

എം പ്രശാന്ത്Updated: Tuesday Jun 12, 2018



ന്യൂഡൽഹി
കോർപറേറ്റുകൾക്ക്  നൽകിയ വായ്പകളിൽ നല്ലൊരു പങ്ക് കിട്ടാക്കടമായതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ കടുത്ത പ്രതിസന്ധിയിൽ. 2017‐18 സാമ്പത്തികവർഷം പൊതുമേഖലാ ബാങ്കുകളുടെ നഷ്ടം 87,370 കോടി രൂപയായതോടെ കർശനനിയന്ത്രണങ്ങൾക്ക് വിധേയമാക്കുകയാണ‌് റിസർവ‌് ബാങ്ക്.  ഇത‌് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കൂടുതൽ പിന്നോട്ടടിപ്പിക്കും. ബാങ്കുകളുടെ കിട്ടാക്കട പ്രതിസന്ധി പരിഹരിക്കാൻ ആസ്തി പുനഃസംഘടനാ കമ്പനി രൂപീകരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാനായി പ്രത്യേക സമിതി കൊണ്ടുവരും. 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബാങ്കുകകളുടെ പ്രതിസന്ധിയും അത് സമ്പദ്വ്യവസ്ഥയിൽ സൃഷ്ടിക്കുന്ന ആഘാതവും സർക്കാരിന് തിരിച്ചടിയാവും.

രാജ്യത്തെ 21 പൊതുമേഖലാ ബാങ്കിൽ ഇന്ത്യൻ ബാങ്കും വിജയ ബാങ്കും മാത്രമാണ് 2017‐18ൽ  നാമമാത്രലാഭം കൈവരിച്ചത്. ഇന്ത്യൻ ബാങ്ക് 1259 കോടിയും വിജയ ബാങ്ക് 727 കോടിയും ലാഭം നേടി. നീരവ് മോഡി 13,600 കോടി വെട്ടിച്ച പഞ്ചാബ് നാഷണൽ ബാങ്കിന്റെ നഷ്ടം 12,283 കോടിയാണ്. 2016‐17ൽ 1325 കോടി ലാഭമായിരുന്നു. നഷ്ടക്കണക്കിൽ 8238 കോടിയോടെ ഐഡിബിഐയും 6547 കോടിയോടെ എസ്ബിഐയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ബാങ്കിങ് മേഖലയിലെ നിഷ്ക്രിയ ആസ്തി 2017 ഡിസംബർവരെയുള്ള കണക്കുപ്രകാരം 8.31 ലക്ഷം കോടിയാണ്. കോർപറേറ്റുകളുടെ കിട്ടാക്കടമാണ് ഇതിൽ വലിയ പങ്കും.

ഉയർന്നതോതിൽ കിട്ടാക്കടമുള്ള 11 ബാങ്കിനെ ആർബിഐ ഇതിനോടകം വേഗത്തിലുള്ള തിരുത്തൽ നടപടി (പിസിഎ) ചട്ടക്കൂട്ടിലാക്കിയിട്ടുണ്ട്. പിസിഎയിൽ ഉൾപ്പെട്ട ബാങ്കുകൾക്ക് പുതിയ വായ്പകൾ അനുവദിക്കുന്നതിനും മറ്റും നിയന്ത്രണമുണ്ടാകും. കൂടുതൽ പൊതുമേഖലാ ബാങ്കുകളെ പിസിഎയിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിലാണ് ആർബിഐ. കോർപറേറ്റുകൾക്കും മറ്റ‌് ഇടപാടുകാർക്കും പുതിയ വായ്പകൾ ലഭിക്കുന്നതിന‌് നിയന്ത്രണം വരും. ഇത‌് സമ്പദ‌്വ്യവസ്ഥയെ കൂടുതൽ മാന്ദ്യത്തിലേക്ക് തള്ളുമെന്ന ആശങ്കയാണ് കേന്ദ്രത്തിനുള്ളത്.

സമ്പദ്വ്യവസ്ഥ കൈകാര്യംചെയ്യുന്നതിൽ മോഡി സർക്കാരിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടമായെന്ന് വ്യക്തമാക്കിയുള്ള സർവേ ഫലം റിസർവ‌് ബാങ്ക് പുറത്തുവിട്ടതിനു പിന്നാലെയാണ് പൊതുമേഖലാ ബാങ്കുകളുടെ ഭീമമായ നഷ്ടക്കണക്ക് പുറത്തുവന്നത്. ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് എന്നീ നഗരങ്ങളിലായി ആർബിഐ നടത്തിയ ഉപഭോക്തൃ വിശ്വാസ സർവേയിലാണ് ജനങ്ങൾക്ക് മോഡി സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. രാജ്യത്തിന്റെ പൊതുസാമ്പത്തികാവസ്ഥ മുൻ വർഷത്തേക്കാൾ വഷളായതായി സർവേയിൽ പങ്കെടുത്ത 48 ശതമാനവും അഭിപ്രായപ്പെട്ടു.  വരുംവർഷത്തിൽ സ്ഥിതി കൂടുതൽ മോശമാകുമെന്ന് 28 ശതമാനത്തോളം പേരും അഭിപ്രായപ്പെട്ടു.

2018ൽ തൊഴിൽസാഹചര്യങ്ങൾ കൂടുതൽ മോശപ്പെടുമെന്ന് 44.1 ശതമാനം പേർ അഭിപ്രായപ്പെട്ടു. 2014ൽ ഈ അഭിപ്രായം രേഖപ്പെടുത്തിയത് 30.2 ശതമാനം മാത്രമായിരുന്നു. 2018ൽ തങ്ങളുടെ വരുമാനത്തിൽ വർധനയുണ്ടാകുമെന്ന് രേഖപ്പെടുത്തിയവർ 50.8 ശതമാനംമാത്രമാണ്. 2014ൽ ഇത‌് 63.9 ശതമാനമായിരുന്നു. അതിനിടെ ആർബിഐയുടെ ഉപഭോക്തൃ വിശ്വാസ സർവേയിലെ കണ്ടെത്തലുകളെ ധനമന്ത്രി പീയുഷ് ഗോയൽ തള്ളി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top