19 January Saturday

ഡിവൈഎഫ‌്ഐ തമിഴ്‌നാട് സംസ്ഥാന സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Dec 30, 2018

ശിവഗംഗ > ഡിവൈഎഫ‌്ഐ തമിഴ്നാട് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് ശനിയാഴ്ച തുടക്കം. ശിവഗംഗയിൽ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ‌്തു. ഭരണഘടന വധഭീഷണിയെ അഭിമുഖീകരിക്കുകയാണെന്ന‌് മുഹമ്മദ് റിയാസ് പറഞ്ഞു. ബിജെപി നേതൃത്വത്തിൽ വീണ്ടും സർക്കാർ അധികാരത്തിലെത്തിയാൽ ഭരണഘടന തകർക്കപ്പെടും. സ്വാതന്ത്ര്യവും സമത്വവും സാമൂഹിക നീതിയും ഇല്ലാതാകും. ഈ സന്ദർഭത്തിൽ പൊതുതെരഞ്ഞെടുപ്പിന‌് പ്രാധാന്യമേറെയാണ‌്. 

ദാദ്രിയിൽ കൊല്ലപ്പെട്ടത് മുഹമ്മദ് അഖ‌്‌ലാക‌് മാത്രമല്ല, എന്തു ഭക്ഷിക്കണമെന്ന് ഭരണഘടന നൽകിയ അധികാരവും സ്വാതന്ത്ര്യവും കൂടിയാണ്. ഏത‌് വസ്ത്രം ധരിക്കണമെന്ന സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ഹരിയാനയിൽ ജുനൈദ് കൊല്ലപ്പെട്ടപ്പോൾ, ഭരണഘടനയും കൊല്ലപ്പെടുകയായിരുന്നു.  ഇന്ത്യയേയും ഇന്ത്യൻ ഭരണഘടനയേയും സംരക്ഷിക്കുകയെന്ന വലിയ ഉത്തരവാദിത്തമാണ് ജനങ്ങൾക്ക് മുന്നിലുള്ളതെന്നും റിയാസ് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്‌ എം സെന്തിൽ അധ്യക്ഷനായി. സംസ്ഥാന സെകൃട്ടറി എസ്‌ ബാല പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. അഖിലേന്ത്യാ സെക്രട്ടറി അഭോയ് മുഖർജി, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ദീപ, എ എ റഹീം, നിതിൻ കണിച്ചേരി എന്നിവർ പങ്കെടുത്തു.

പൊതുസമ്മേളനം വെള്ളിയാഴ‌്ച സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം ബൃന്ദ കാരാട്ട‌് ഉദ‌്ഘാടനം  ചെയ‌്തു. കേന്ദ്ര കമ്മിറ്റിയംഗം ടി കെ രംഗരാജൻ സംസാരിച്ചു. വിക്രം വേദയുടെ സംവിധായകരായ പുഷ‌്കർ–- ഗായത്രി, മേർക്ക‌് തുടർച്ചി മലൈയുടെ സംവിധായകൻ ലെനിൻ ഭാരതി എന്നിവരെ  ആദരിച്ചു. സമ്മേളനം ഞായറാഴ‌്ച സമാപിക്കും.
 


പ്രധാന വാർത്തകൾ
Top