24 September Monday

കോയമ്പത്തൂർ പട്ടി ശബരിയിൽ കറങ്ങി; ഒലവക്കോട്ട‌് ഇറക്കിവിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Jun 10, 2018


ശരത‌് കൽപ്പാത്തി

ശബരി എക‌്സ‌്പ്രസിനു മുകളിൽ പട്ടിയുടെ വിഐപി യാത്ര. ഒടുവിൽ ടിക്കറ്റെടുക്കാത്ത ‘യാത്രികനെ’ ഒലവക്കോട‌് സ‌്റ്റേഷനിൽ ഇറക്കിവിട്ടു. ഹൈദരാബാദിൽനിന്ന‌് വന്ന ശബരി എക‌്സ‌്പ്രസിനു മുകളിൽ തലങ്ങും വിലങ്ങും ഓടുന്ന പട്ടിയെ കണ്ട‌് യാത്രക്കാർ ആദ്യം ഒന്ന‌് അമ്പരന്നു. കോയമ്പത്തൂർ ഭാഗത്തുനിന്ന‌് കയറിക്കൂടിയ പട്ടിയാണ‌് ട്രെയിനിനു മുകളിൽ ഇരുന്ന‌് യാത്ര ചെയ‌്തത‌്. താഴെയിറങ്ങാൻ  കൂട്ടാക്കാതെ വന്നതോടെ എല്ലാ ട്രെയിനുകളും കുറച്ചുസമയം സ‌്റ്റേഷനിൽ നിർത്തിയിടേണ്ടിവന്നു.

പട്ടിയെ ഇറക്കി ശബരി എക‌്സ‌്പ്രസ‌് പുറപ്പെട്ടതാകട്ടെ ഒരുമണിക്കൂർ വൈകി. ഹൈദ്രാബാദിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ശബരി എക്സ്പ്രസ് ശനിയാഴ്ച രാവിലെ 9.40ന് പാലക്കാട് ജങ‌്ഷനിലെത്തിയപ്പോഴാണ് ട്രെയിനിനു മുകളിൽ പട്ടിയെ കണ്ടത്. കോരിച്ചൊരിയുന്ന മഴയിൽ ഒരറ്റം മുതൽ മറ്റേയറ്റംവരെ നിർത്താതെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. റെയിൽവേ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇലക്ട്രിക് ലൈനുള്ളതിനാൽ മുകളിൽ കയറാൻ കഴിഞ്ഞില്ല.

ഒടുവിൽ പത്തേമുക്കാലോടെ നാട്ടുകാർ ബഹളംവച്ച് പട്ടിയെ ഇറക്കി. കോയമ്പത്തൂർ പോത്തനൂരിൽവച്ചായിരിക്കാം കയറിയതെന്നാണ‌്കരുതുന്നത‌്.  ട്രെയിനിനു മുകളിലൂടെ ഇലക്ട്രിക‌് ലൈനുകൾ പോകുന്നുണ്ടെങ്കിലും അതിലൊന്നുംപെടാതെ ഇത്രയുംദൂരം മുകളിൽ നിൽക്കാൻ കഴിഞ്ഞത‌് എല്ലാവരെയും അത്ഭുതപ്പെടുത്തി.

പ്രധാന വാർത്തകൾ
Top