22 September Saturday

ആംബുലന്‍സ് വിട്ട് നല്‍കാതെ ആശുപത്രി; മകന്‍ അമ്മയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയത് ബൈക്കില്‍ കെട്ടിവെച്ച്; സംഭവം മധ്യപ്രദേശില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018

ഭോപ്പാല്‍  >  ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ട് നല്‍കാത്തതിനെ തുടര്‍ന്ന് മകന്‍ സ്വന്തം അമ്മയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി ബൈക്കില്‍ കെട്ടിവെച്ച് പോസ്റ്റ്മോര്‍ട്ടം കേന്ദ്രത്തിലെത്തിച്ചു. ബിജെപി ഭരിക്കുന്ന  മധ്യപ്രദേശിലാണ് രാജ്യത്തെ നടുക്കിയ സംഭവം.

മധ്യപ്രദേശിലെ തിക്കംഗര്‍ഹ് ജില്ലയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് സംഭവം. ശനിയാഴ്ചയാണ് രാജേഷ് എന്ന യുവാവിന്റെ അമ്മ കുന്‍വാര്‍ ഭായ് പാമ്പുകടിയേറ്റ് മരിക്കുന്നത്. പാമ്പ് കടിയേറ്റ ഉടനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും  മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി മോണന്‍ഗര്‍ഹിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസ് ആവശ്യപ്പെട്ടു.

മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിക്കുന്നതിന്  വേണ്ടി ആശുപത്രി അധികൃതരോട് ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. തുടര്‍ന്നാണ് യുവാവ് അമ്മയുടെ മൃതദേഹം അടുത്ത ബന്ധുവിന്റെ സഹായത്തോടെ ബൈക്കില്‍ കെട്ടിവെച്ച് 35 കിലോ മീറ്റര്‍ ദൂരയുള്ള പോസ്റ്റ്മോര്‍ട്ടം കേന്ദ്രത്തിലെത്തിച്ചത്.

ബൈക്കില്‍ കെട്ടിവെച്ച് അമ്മയുടെ മൃതദേഹം  യുവാവ്  പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയുണ്ടായി.  സംഭവം സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവം വിവാദമായതിന് പിന്നാലെ ജില്ലാ കളക്ടര്‍ അന്വേഷണത്തിന്  ഉത്തരവിട്ടു.


 

പ്രധാന വാർത്തകൾ
Top