21 November Wednesday

നോട്ടുനിരോധനം പൂര്‍ണപരാജയം, ഡിജിറ്റൽ ഇടപാട് പ്രചാരണവും പൊളിഞ്ഞു; പാർലമെന്ററി സമിതി റിപ്പോര്‍ട്ട് ബിജെപി തടഞ്ഞു

സ്വന്തം ലേഖകന്‍Updated: Thursday Aug 30, 2018

ന്യൂഡൽഹി > നോട്ടുനിരോധനം പൂർണപരാജയമായെന്ന് വിശദീകരിക്കുന്ന പാർലമെന്ററി സമിതി റിപ്പോർട്ട് അംഗീകരിക്കുന്നത് ബിജെപി അംഗങ്ങൾ തടഞ്ഞു. മുൻധനമന്ത്രി വീരപ്പ മൊയ്‌ലി അധ്യക്ഷനായ ധനമന്ത്രാലയത്തിന്റെ സ്ഥിരംസമിതി റിപ്പോർട്ടാണ് സമിതിയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ബിജെപി തടഞ്ഞത്. നോട്ട‌്നിരോധനം  സാമ്പത്തികവളർച്ച ഇടിച്ചെന്നും തൊഴിലില്ലായ്മ രൂക്ഷമാക്കിയെന്നും റിപ്പോർട്ടിലുണ്ട‌്.
വേണ്ടത്ര മുന്നറിയിപ്പില്ലാതെയായിരുന്നു നോട്ടുനിരോധനം. കള്ളപ്പണം അവസാനിപ്പിക്കാനെന്ന പേരിൽ പ്രഖ്യാപിച്ച 1000 രൂപ, 500 രൂപ നോട്ടുനിരോധനംവഴി അനധികൃതമായി പ്രചരിച്ചിരുന്ന നോട്ടുകൾ ഉൾപ്പെടെ ബാങ്കുകളിലെത്തി. ഇവ പരിശോധിക്കാനും കള്ളപ്പണം പിടികൂടാനും ആദായനികുതിവകുപ്പിന‌് സംവിധാനമില്ല. വ്യാപാരമേഖലയിൽ വൻനഷ്ടമുണ്ടായി. വൻതോതിൽ തൊഴിൽനഷ്ടമുണ്ടായി. ഗ്രാമീണസമ്പദ്ഘടനയേയും ഉലച്ചു.

പുതിയ നോട്ടുകൾ നിറയ്ക്കാൻ  യഥാസമയം എടിഎമ്മുകൾ പുനർക്രമീകരിച്ചില്ല. നോട്ടുനിരോധനം നടപ്പാക്കാൻ സർക്കാരിനു വൻതോതിൽ പണം ചെലവിടേണ്ടിവന്നു തുടങ്ങിയ നിരവധി വീഴ‌്ചകളാണ‌് സമിതി കണ്ടെത്തിയത‌്. കള്ളനോട്ടുകൾ പിടികൂടാൻ കഴിഞ്ഞുവെന്ന സർക്കാർവാദവും സമിതിക്ക് ബോധ്യമായിട്ടില്ല. എന്നാൽ, ഈ റിപ്പോർട്ടിന‌് അന്തിമരൂപം നൽകാൻ ബിജെപി അംഗങ്ങൾ അനുവദിച്ചില്ല. 31 അംഗ സമിതിയിൽ എൻഡിഎയ്ക്കാണ് ഭുരിപക്ഷം. അന്തിമരൂപം നൽകുന്നതിനുമുമ്പായി കൂടുതൽ കൂടിയാലോചനകൾ നടത്തുമെന്ന് വീരപ്പമൊയ്‌ലി പറഞ്ഞു.

ഡിജിറ്റൽ ഇടപാട് പ്രചാരണവും പൊളിഞ്ഞു

ന്യൂഡൽഹി > നോട്ടുനിരോധനത്തിന്റെ രണ്ടാംഘട്ടമായി പ്രഖ്യാപിച്ച ഡിജിറ്റൽ ഇടപാട് പ്രോത്സാഹനപദ്ധതിയും പൊളിഞ്ഞു.
2017‐18ൽ തൊട്ടുമുൻവർഷത്തെ അപേക്ഷിച്ച് പ്രചാരത്തിലുള്ള കറൻസിയുടെ മൂല്യത്തിൽ 37.7 ശതമാനം വർധനയാണ് രേഖപ്പെടുത്തിയതെന്ന് റിസർവ് ബാങ്ക് റിപ്പോർട്ടിൽ പറഞ്ഞു. 18.03 ലക്ഷം കോടി രൂപയുടെ കറൻസിയാണ് 2018 മാർച്ച് അവസാനത്തിൽ പ്രചരിച്ചിരുന്നത്. ഇതിൽ 80.2 ശതമാനവും 2000 രൂപയുടെയും 500 രൂപയുടെയും നോട്ടുകളാണ്. 2017 മാർച്ച് അവസാനത്തിൽ 2000, 500 രൂപ നോട്ടുകൾ 72.7 ശതമാനം മാത്രമായിരുന്നു. ഉയർന്ന മൂല്യമുള്ള നോട്ടുകൾ ഉപയോഗിച്ചുള്ള ഇടപാട് വർധിച്ചുവരികയാണെന്നും വ്യക്തമാകുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top