19 June Tuesday

ഐഎൻഎക്സ് മീഡിയ അഴിമതി: കാർത്തി ഡൽഹി ഹൈക്കോടതിയെ സമീപിക്കും

സ്വന്തം ലേഖകൻUpdated: Friday Mar 9, 2018


ന്യൂഡൽഹി > ഐഎൻഎക്സ് മീഡിയ അനധികൃത സ്വത്തുസമ്പാദനക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച സമൻസിനെതിരെ കാർത്തി ചിദംബരം ഡൽഹി ഹൈക്കോടതിയെ സമീപിക്കും. വ്യാഴാഴ്ച ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുമ്പാകെ കാർത്തിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലും എൻഫോഴ്സ്മെന്റിനെ പ്രതിനിധാനംചെയ്ത അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും തമ്മിൽ രൂക്ഷ വാഗ്വാദമുണ്ടായി. എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) അടിസ്ഥാനത്തിൽ മാത്രം കാർത്തിയെ അറസ്റ്റുചെയ്യാനാകില്ലെന്ന് കപിൽ സിബൽ വാദിച്ചു.

എൻഫോഴ്സ്മെന്റ് റിപ്പോർട്ട് ആഭ്യന്തരരേഖയായതിനാൽ തന്റെ കക്ഷിക്ക് അതിന്റെ പകർപ്പ് നൽകാൻ ഇതുവരെയും തയ്യാറായിട്ടില്ല. അത്തരം രേഖയുടെ മാത്രം അടിസ്ഥാനത്തിൽ അറസ്റ്റു ചെയ്യാൻ പാടില്ലെന്നും സിബൽ വാദിച്ചു. കാർത്തിയുടെ പേരിലുള്ള സമൻസ് പ്രതികാരനടപടിയാണെന്നത് അടിസ്ഥാനരഹിത പ്രചാരണമാണെന്ന് എഎസ്ജി തുഷാർ മേത്ത പറഞ്ഞു. എൻഫോഴ്സ്മെന്റിന്റെ പരിഗണനയിലുള്ള കേസിൽ കാർത്തിയെ അറസ്റ്റുചെയ്യാൻ സാധ്യതയുണ്ടോയെന്ന് ചീഫ്ജസ്റ്റിസ് ചോദിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും അറസ്റ്റ് വിഷയത്തിൽ ഉറപ്പൊന്നും നൽകാനാകില്ലെന്നും എഎസ്ജി പ്രതികരിച്ചു.

തന്റെ കക്ഷിക്ക് അറസ്റ്റിൽനിന്ന് ഒരാഴ്ച നിയമപരിരക്ഷ നൽകണമെന്ന് സിബൽ ആവശ്യപ്പെട്ടു. മുൻകൂർ ജാമ്യപ്രകാരം മാത്രമേ അറസ്റ്റ് ഒഴിവാക്കാനാകൂവെന്നും അതിന് ബന്ധപ്പെട്ട കോടതിയെ സമീപിക്കണമെന്നും എഎസ്ജി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഹർജി പിൻവലിക്കുന്നുണ്ടോയെന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ ആരാഞ്ഞു. ഹർജി പിൻവലിക്കുകയാണെന്ന് സിബൽ അറിയിച്ചു. തുടർന്ന്, ഹൈക്കോടതിയോട് വിഷയം പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ സുപ്രീംകോടതി നിർദേശിച്ചു.

പ്രധാന വാർത്തകൾ
Top