21 July Saturday

ദീപക്മിശ്ര തുടരണമോ?

സ്വന്തം ലേഖകന്‍Updated: Sunday Jan 14, 2018

ന്യൂഡല്‍ഹി > സുപ്രീംകോടതിയിലെ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ ചീഫ്ജസ്റ്റിസിന്റെ നടപടിയിലെ ഗുരുതര പിഴവ് ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തില്‍ പരമോന്നതപദവിയില്‍ ജസ്റ്റിസ് ദീപക‌‌‌്മിശ്ര തുടരുന്നതിന്റെ ഔചിത്യം ചര്‍ച്ചയായി. ഗുരുതര ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ചീഫ്ജസ്റ്റിസിനെ ഇംപീച്ച് ചെയ്യേണ്ടതുണ്ടോയെന്ന ചോദ്യത്തിന് സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയായ ജെ ചെലമേശ്വര്‍ വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയ മറുപടി- 'ആ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് രാജ്യമാണ്' എന്നായിരുന്നു.

തെറ്റായ നടപടികളുടെയോ അയോഗ്യതയുടെയോ പേരില്‍ ജഡ്ജിമാരെ ഇംപീച്ച് ചെയ്യാമെന്ന് ഭരണഘടനയുടെ 124 (4) അനുച്ഛേദത്തില്‍ പറയുന്നു. 'തെറ്റായ നടപടി', 'അയോഗ്യത' തുടങ്ങിയ പദങ്ങള്‍ക്ക് ഇതുവരെയും വ്യക്തമായ നിര്‍വചനം ഉണ്ടായിട്ടില്ല. രാജ്യത്തെ ജഡ്ജിമാരില്‍ ആരെയും ഇതുവരെ ഇംപീച്ച്മെന്റിലൂടെ പുറത്താക്കിയിട്ടില്ല. പാര്‍ലമെന്റിന്റെ ഇരുസഭയിലും ആകെയുള്ള അംഗങ്ങളുടെ കേവല ഭൂരിപക്ഷവും ഹാജരാകുന്ന അംഗങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും ഉണ്ടായാല്‍ മാത്രമേ ജഡ്ജിമാരെ പുറത്താക്കാനുള്ള പ്രമേയം അംഗീകരിക്കാനാകൂ.

പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായിരുന്ന വി രാമസ്വാമിക്കെതിരെ ഇംപീച്ച്മെന്റിനുള്ള നടപടി തുടങ്ങിയെങ്കിലും ലോക്സഭയില്‍ പ്രമേയം പാസായില്ല. കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയായിരുന്ന സൌമിത്രസെന്നിനെതിരെ ഇംപീച്ച്മെന്റ് നടപടി രാജ്യസഭ പാസാക്കിയെങ്കിലും ലോക്സഭ പ്രമേയം പരിഗണിക്കാനിരിക്കെ അദ്ദേഹം രാഷ്ട്രപതിക്ക് രാജിസമര്‍പ്പിച്ചു. സിക്കിം ഹൈക്കോടതി ജഡ്ജിയായിരുന്ന പി ഡി ദിനകരന് എതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രാജ്യസഭാ ചെയര്‍മാന്‍ സമിതിയെ നിയമിച്ചിരുന്നു. തുടര്‍നടപടികള്‍ വരുംമുമ്പ് അദ്ദേഹവും രാജിസമര്‍പ്പിച്ചു.

കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സി എസ് കര്‍ണനെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ച ഭരണഘടനാ ബെഞ്ചില്‍ അംഗമായ രണ്ട് ജഡ്ജിമാര്‍ അവരുടെ വിധിയില്‍ ചൂണ്ടിക്കാണിച്ചത്- 'ജഡ്ജിമാര്‍ക്കെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ക്കു പകരം തിരുത്തല്‍ നടപടി തുടങ്ങണം' എന്നാണ്. സുദീര്‍ഘമായ ഇംപീച്ച്മെന്റ് നടപടികള്‍ പാര്‍ലമെന്റിന്റെ അസാധാരണമായ സഹകരണമുണ്ടെങ്കില്‍ മാത്രമേ സാധ്യമാകൂ. പ്രമുഖ രാഷ്ട്രീയ പാര്‍ടികള്‍ക്ക് താല്‍പ്പര്യമുള്ള വ്യക്തികളാണെങ്കില്‍ ഇംപീച്ച്മെന്റ് നടപടികള്‍ പുരോഗമിക്കില്ലെന്ന സാഹചര്യവുമുണ്ട്. തെറ്റായ നടപടിക്രമങ്ങള്‍ക്ക് തടയിടാന്‍ ആവശ്യമായ 'തിരുത്തല്‍ നടപടികള്‍' വേണമെന്നാണ് ചീഫ്ജസ്റ്റിസിന് എതിരെ ആരോപണമുന്നയിച്ച ജഡ‌‌‌്ജിമാരും ആവശ്യപ്പെടുന്നത്.

അതേസമയം, ചീഫ്ജസ്റ്റിസിന് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് പരസ്യമായ വാര്‍ത്താസമ്മേളനം നടത്തിയ ജഡ്ജിമാരെ ഇംപീച്ച് ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ആര്‍ എസ് സോധിയെ പോലെയുള്ള പ്രമുഖരും ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇത്തരം നടപടി കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്ന നിരീക്ഷണവുമുണ്ട്. എന്നാല്‍, ചീഫ്ജസ്റ്റിസിന്റെ നടപടിക്രമങ്ങളിലെ പിശക് ചൂണ്ടിക്കാണിക്കുക മാത്രമാണ് സഹ ജഡ്ജിമാര്‍ ചെയ്തതെന്ന വാദവുമുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top