20 September Thursday

ദളിതര്‍ക്കെതിരായ അക്രമം: ദളിത് ശോഷണ്‍ മുക്തിമഞ്ച് രാഷ്ട്രപതിക്ക് നിവേദനം നല്‍കി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 27, 2018

ന്യൂഡല്‍ഹി > ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദളിതുകള്‍ക്കെതിരായി നടക്കുന്ന അക്രമങ്ങളില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ദളിത് ശോഷണ്‍ മുക്തിമഞ്ച് (ഡിഎസ്എംഎം) നിവേദനം നല്‍കി. പട്ടിക ജാതിപട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമത്തില്‍ വെള്ളംചേര്‍ന്ന സുപ്രിംകോടതി ഉത്തരവിനെതിരെ നടന്ന ബന്ദിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ദളിതുകള്‍ വേട്ടയാടപ്പെടുകയാണ്. പ്രതികാര ബുദ്ധിയോടെയാണ് സംസ്ഥാനകേന്ദ്ര സര്‍ക്കാരുകള്‍ ദളിതുകളോട് പെരുമാറുന്നത്. സംഭവത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് തേടുമെന്ന് രാഷ്ട്രപതി ഉറപ്പുനല്‍കിയെന്ന് ഡിഎസ്എംഎം വൈസ് പ്രസിഡന്റ് സുഭാഷിണി അലി പറഞ്ഞു. ജോയിന്റ് സെക്രട്ടറി  നത്തു പ്രസാദിനൊപ്പം രാഷ്ട്രപതിയെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുഭാഷിണി അലി.

ബന്ദിനിടെ പത്തിലേറെ ദളിതുകളാണ് കൊല്ലപ്പെട്ടത്. ബന്ദ് അനുകൂലികള്‍ക്കെതിരെ വെടിയുതിര്‍ക്കുന്ന സംഘപരിവാറുകാരുടെ ചിത്രങ്ങളടക്കം പുറത്തുവന്നിട്ടും ഒരാള്‍ പൊലും ഇതുവരെ അറസ്റ്റിലായിട്ടില്ല. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. എന്നാല്‍, ബന്ദിനെ തുടര്‍ന്ന് പിടിയിലായ ദളിതുകള്‍ക്ക് ഇതുവരെ ജാമ്യം നല്‍കിയിട്ടില്ല. കര്‍ക്കശ നിയമങ്ങള്‍ പ്രകാരം അറസ്റ്റ് ചെയ്യുമെന്ന ഭീഷണിയും അധികൃതര്‍ തുടരുകയാണ്. ഉത്തര്‍പ്രദേശില്‍ പൊലീസ് അറസ്റ്റ് ചെയ്ത ദളിത് ബാലന്‍മ്മാരെ മുതിര്‍ന്ന കുറ്റവാളികള്‍ക്കൊപ്പമാണ് ജയിലലടച്ചിരിക്കുന്നത്.

ഭീമകൊറഗാവ് ആഘോഷത്തിനിടെ അക്രമത്തിനും കവര്‍ച്ചയ്ക്കും നേതൃത്വം നല്‍കിയ സവര്‍ണ്ണ വിഭാഗക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ പരിക്കേറ്റവരെ സഹായിച്ച അഞ്ചുപേര്‍ക്കെതിരെ രാജ്യദ്രോഹമടക്കമുള്ള കിരാത നിയമങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തു. ദളിതുകളെ വ്യാജക്കേസുകളില്‍പ്പെടുത്തി ജയിലിടച്ച് നീതി നിഷേധിക്കുന്ന രാജ്യത്തെ അപകടകരമായ സ്ഥിതി അവസാനിപ്പിക്കാന്‍ രാഷ്ട്രപതി ഇടപെടണമെന്ന് ഡിഎസ്എംഎം നിവേദനത്തില്‍ ആവശ്യപ്പെട്ടു.


 

പ്രധാന വാർത്തകൾ
Top