18 August Saturday

ക്രിപ്റ്റോകറൻസി കുംഭകോണം :സൂറത്തിൽ വെളുപ്പിച്ചത് 4500 കോടി

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018

ന്യൂഡൽഹി
നോട്ടുനിരോധനത്തെ തുടർന്ന് ഗുജറാത്തിലെ മുതിർന്ന ബിജെപി നേതാക്കൾ അടക്കമുള്ളവർ കള്ളപ്പണം വെളുപ്പിച്ചത് ക്രിപ്റ്റോകറൻസി രൂപത്തിൽ. പ്രധാനമന്ത്രി മോഡിയുടെ കേന്ദ്രമായ സൂറത്തിൽ മാത്രം 4,500 കോടി രൂപയുടെ നിക്ഷേപം ഇത്തരത്തിൽ എത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. കള്ളപ്പണം ഇല്ലാതാക്കാൻ നോട്ടുനിരോധനം പ്രഖ്യാപിച്ചുവെന്ന് കൊട്ടിഘോഷിച്ച ബിജെപിയുടെ തനിനിറം വെളിപ്പെടുകയാണ‌് ഇതിലൂടെ.

ഇന്ത്യയിൽ 500ൽപരം ഡീലർമാർ കൈകാര്യം ചെയ്യുന്ന ബിറ്റ്കോയിൻ പോലുള്ള  ക്രിപ്റ്റോകറൻസികൾക്ക് നിയന്ത്രണസംവിധാനം ഒന്നുമില്ല. ഡിജിറ്റൽ രൂപത്തിലുള്ള സാങ്കൽപിക കറൻസികളാണിത്. രാജ്യത്തെ സാങ്കൽപിക കറൻസികളുടെ വ്യാപനം പരിശോധിക്കാൻ ഈയിടെ ധനമന്ത്രാലയം സമിതിയെ നിയോഗിച്ചിരുന്നു. കംപ്യൂട്ടറുകൾ വഴി സൃഷ്ടിക്കപ്പെടുന്ന ബിറ്റ്കോയിൻ 2008ലാണ് നിലവിൽ വന്നത്. ബാങ്കുകളുടെ നിലനിൽപ്പിനുതന്നെ സാങ്കൽപിക കറൻസി ഭീഷണിയാണ്. നോട്ടുനിരോധനത്തെ തുടർന്ന് ബിറ്റ്കോയിൻ നിക്ഷേപം വ്യാപകമായെന്നാണ് നിഗമനം.

ഒരു സംഘം പൊലീസുകാർ തന്നെ തട്ടിക്കൊണ്ടുപോയി 200 ബിറ്റ്കോയിൻ(18 ലക്ഷം ഡോളറിനു സമം) മോചനദ്രവ്യം ആവശ്യപ്പെട്ടെന്ന് കാണിച്ച് ശൈലേഷ് ഭട്ട് എന്ന റിയൽഎസ്റ്റേറ്റ് ബിസിനസുകാരന്റെ പരാതി  അന്വേഷിക്കുന്നതിനിടയിലാണ് കള്ളപ്പണ ഇടപാടിന്റെ വിവരങ്ങൾ പുറത്തുവന്നത്.

കേസിൽ ഉൾപ്പെട്ട എട്ടു പൊലീസുകാർ വിചാരണ നേരിടുകയാണ്. മുൻ ബിജെപി എംഎൽഎ നളിൻ കൊടാദിയയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് ഭട്ടിനെ തട്ടിക്കാണ്ടുപോയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
നളിൻ കൊടാദിയയുടെ മരുമകൻ കിരിത് പലാദിയ നേരത്തെ ഭട്ടിന്റെ സഹായിയായിരുന്നു. പലാദിയ ഇപ്പോൾ ജയിലിലാണ്. കൊടാദിയ ഒളിവിലും.

നോട്ടുനിരോധനത്തെ തുടർന്ന് സതീഷ് കുംഭനാനി എന്നയാളുടെ നിയന്ത്രണത്തിലുള്ള സംവിധാനത്തിൽ 2016‐17 കാലത്ത്  ക്രിപ്റ്റോകറൻസിയായി ഭട്ട് പണം നിക്ഷേപിച്ചു. ലോകവ്യാപകമായി നിക്ഷേപകരെ കബളിപ്പിച്ച ബിറ്റ്കണക്ട് എന്ന സ്ഥാപനത്തിന്റെ സ്ഥാപകരിൽ ഒരാളാണ് കുംഭനാനി.

റിസർവ്ബാങ്ക് ക്രിപ്റ്റോകറൻസിക്കെതിരെ നടപടികൾ തുടങ്ങിയതോടെ ഭട്ട് പണം തിരികെ ആവശ്യപ്പെട്ടു. ഇതു കിട്ടാതെ വന്നപ്പോൾ ഭട്ടും പലാദിയ ഉൾപ്പെടെയുള്ളവരും ചേർന്ന് ബിറ്റ്കണക്ടിന്റെ പ്രതിനിധികളെ തട്ടിക്കൊണ്ടുപോയി. ഇതിന‌് പിന്നാലെ കിരിത് പലാദിയ ഭട്ടിനെ ബന്ദിയാക്കാൻ പദ്ധതിയിട്ടു. ബിജെപി എംഎൽഎയായിരുന്ന കൊടാദിയ പൊലീസുകാരെ നിയോഗിച്ച് ഭട്ടിനെ തട്ടിക്കൊണ്ടുപോയി.

കള്ളപ്പണ ഇടപാടുകൾ പുറത്തുവരുമെന്ന് ഭയന്ന് ഭട്ട് ഇക്കാര്യം പുറത്തുപറയില്ലെന്നാണ്  കരുതിയത്. ഭട്ട് പൊലീസ് സഹായം തേടിയതോടെ ഇവരുടെ പദ്ധതി പൊളിഞ്ഞു. ഈ കേസ‌് അന്വേഷണത്തിലാണ് ക്രിപ്റ്റോകറൻസി ഇടപാടുകളുടെ വൈപുല്യം പുറത്തുവന്നത്. നേരത്തെ ഒരു ബിറ്റ്കോയിന്റെ മൂല്യം 1,000 ഡോളർ ആയിരുന്നെങ്കിൽ കഴിഞ്ഞവർഷം 19,700 ഡോളർ വരെയായി കുതിച്ചുയർന്നിരുന്നു. കള്ളപ്പണക്കാർക്ക് ബിറ്റ്കോയിൻ ആകർഷകമായി മാറുകയും ചെയ്തു.

പ്രധാന വാർത്തകൾ
Top