20 November Tuesday

ബംഗാളിലെയും ത്രിപുരയിലെയും ജനാധിപത്യധ്വംസനം: ജൂലൈയിൽ ദേശീയ പ്രതിഷേധം

സ്വന്തം ലേഖകൻUpdated: Tuesday Jun 26, 2018

ന്യൂഡൽഹി > ബംഗാളിലും ത്രിപുരയിലും സിപിഐ എമ്മിനും ഇടതുപക്ഷ പാർടികൾക്കുമെതിരായ അതിക്രമങ്ങളെ പാർടി കേന്ദ്രകമ്മിറ്റി യോഗം ശക്തയായി അപലപിച്ചു. ഇരു സംസ്ഥാനങ്ങളിലെയും ജനാധിപത്യധ്വംസനത്തിന് എതിരെ ജൂലൈയിൽ ദേശീയതലത്തിൽ പ്രതിഷേധം സംഘടിപ്പിക്കാനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.

ത്രിപുരയിൽ നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം നാല് സിപിഐ എം പ്രവർത്തകർ കൊല്ലപ്പെട്ടു. സിപിഐ എമ്മിന്റെയും ബഹുജനസംഘടനകളുടേതുമായി നൂറിനടുത്ത് ഓഫീസുകൾ തകർക്കുകയോ പിടിച്ചെടുക്കുകയോചെയ്തു. അഞ്ഞൂറോളം പാർടി പ്രവർത്തകർക്ക് പലായനം ചെയ്യേണ്ടിവന്നു. പാർടി ഓഫീസുകളിൽ ഇവർക്ക് താൽക്കാലിക താമസസൗകര്യം ഒരുക്കിയിരിക്കുകയാണ്. സിപിഐ എമ്മും ഇടതുപക്ഷ പാർടികളും സംഘടിപ്പിക്കുന്ന പരിപാടികളും ചടങ്ങുകളും ആക്രമിക്കപ്പെടുകയാണ്. സംഘർഷസ്ഥിതി നിലനിൽക്കുന്ന ആദിവാസിമേഖലകൾ സന്ദർശിക്കുന്നതിൽനിന്ന‌് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ മണിക‌് സർക്കാരിനെയും പ്രതിപക്ഷ എംഎൽഎമാരെയും തടഞ്ഞു. ക്യാബിനറ്റ് മന്ത്രിക്ക് തത്തുല്യമായ സ്ഥാനമുള്ള പ്രതിപക്ഷനേതാവിന്റെ പരിപാടി തടസ്സപ്പെടുത്തുകയെന്നത് പാർലമെന്ററി ജനാധിപത്യത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. സാമാജികരുടെ ഭരണഘടനാപരമായ അവകാശങ്ങളാണ് ലംഘിക്കപ്പെടുന്നത്.

ബംഗാളിൽ നടക്കുന്ന അതിക്രമങ്ങളെയും കേന്ദ്രകമ്മിറ്റി അപലപിച്ചു. സിപിഐ എം പ്രവർത്തകർക്കെതിരായി വ്യാജകേസുകളെടുക്കുകയാണ്. പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളും ജീവിതോപാധികളും സംസ്ഥാനത്തുടനീളം വ്യാപകമായി നശിപ്പിക്കുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഭരണകക്ഷിയായ തൃണമൂൽ പ്രഹസനമാക്കി. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രതിപക്ഷ സ്ഥാനാർഥികൾക്കുനേരെ പൊലീസിനെയും ഭരണകൂടത്തെയും തെരഞ്ഞെടുപ്പ് കമീഷനെയുമെല്ലാം കൂട്ടുപിടിച്ച് തൃണമൂൽ ഭീകരസംഘങ്ങൾ ആക്രമണം നടത്തി. സ്ഥാനാർഥികളുടെ കുടുംബാംഗങ്ങൾവരെ ആക്രമിക്കപ്പെട്ടു. പത്ത് സിപിഐ എം പ്രവർത്തകരാണ് കൊല്ലപ്പെട്ടത്‐ കേന്ദ്രകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top