20 July Friday

സിപിഐ എം 22‐ാം പാർടി കോൺഗ്രസ് ; തെലങ്കാന ഒരുങ്ങി, നാളെ തുടക്കം

എം പ്രശാന്ത്Updated: Monday Apr 16, 2018

സിപിഐ എം 22‐ാം പാർടി കോൺഗ്രസിന് വേദിയാകുന്ന ഹൈദരാബാദിലെ മുഹമദ് അമീൻ നഗർ / ഫോട്ടോ‐ കെ രവികുമാർ


മുഹമ്മദ് അമീൻ നഗർ (ഹൈദരാബാദ്) > ഭൂവുടമകൾക്കെതിരായ പോരാട്ടത്തിൽ ആയിരക്കണക്കിനു കർഷകരുടെ ചുടുചോര വീണ് കുതിർന്ന തെലങ്കാനയുടെ മണ്ണിൽ സിപിഐ എമ്മിന്റെ 22‐ാം പാർടി കോൺഗ്രസിന് ബുധനാഴ്ച തുടക്കമാകും. നൈസാമിന്റെ ദുർഭരണത്തിനെതിരായ സമരപോരാട്ടംകൂടിയായി മാറിയ തെലങ്കാന പ്രക്ഷോഭത്തിന്റെ ധീരസ്മരണ ജ്വലിക്കുന്ന ഹൈദരാബാദിലെ മുഹമ്മദ് അമീൻ നഗറാണ് (ആർടിസി കലാഭവൻ) ഏപ്രിൽ 22 വരെ നീണ്ടുനിൽക്കുന്ന പാർടി കോൺഗ്രസിന് വേദിയാകുന്നത്.

പാർടി കോൺഗ്രസിനു മുന്നോടിയായി സിപിഐ എം പൊളിറ്റ്ബ്യൂറോ യോഗം ചൊവ്വാഴ്ച പകൽ മൂന്നിന് ചേരും. തുടർന്ന് കേന്ദ്ര കമ്മിറ്റി യോഗവുമുണ്ടാകും. കേന്ദ്ര കമ്മിറ്റി നേരത്തെ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയ കരട് രാഷ്ട്രീയ പ്രമേയത്തിന് ലഭിച്ചിട്ടുള്ള ഭേദഗതി നിർദേശങ്ങളുടെ റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി പരിഗണിക്കും. റിപ്പോർട്ട് പിന്നീട് പാർടി കോൺഗ്രസിൽ അവതരിപ്പിക്കും. പാർടി കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയായി പൊളിറ്റ് ബ്യൂറോ പ്രവർത്തിക്കും. കരട് രാഷ്ട്രീയ പ്രമേയവും രാഷ്ട്രീയ സംഘടനാ റിപ്പോർട്ടും പാർടി കോൺഗ്രസ് ചർച്ച ചെയ്യും. വിശാഖപട്ടണത്ത് ചേർന്ന 21‐ാം പാർടി കോൺഗ്രസിനുശേഷം കൊൽക്കത്തയിൽ നടന്ന സംഘടനാ പ്ലീനത്തിലെടുത്ത തീരുമാനങ്ങളുടെ നടപ്പാക്കലും കോൺഗ്രസ് വിലയിരുത്തും. ബഹുജനാടിത്തറയുള്ള വിപ്ലവ പാർടിയായി സിപിഐ എമ്മിനെ ശക്തിപ്പെടുത്താനായിരുന്നു പ്ലീനം കൈക്കൊണ്ട ആഹ്വാനം. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി എടുത്ത തീരുമാനങ്ങളുടെ നടപ്പാക്കലാണ് വിലയിരുത്തപ്പെടുക. ഇടത് ഐക്യം വിപുലപ്പെടുത്തിക്കൊണ്ട് പാർടിയുടെ സ്വതന്ത്ര ശക്തി എങ്ങനെ വർധിപ്പിക്കാമെന്നത് പാർടി കോൺഗ്രസ് വിശദമായി വിലയിരുത്തും. വർഗീയ സംഘടനയായ ആർഎസ്എസിനാൽ നിയന്ത്രിക്കപ്പെടുന്ന ബിജെപിയെ 2019ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിൽനിന്ന് പുറത്താക്കുന്നതിനുള്ള തന്ത്രങ്ങളും ചർച്ചചെയ്യും.

പത്ത് ലക്ഷത്തോളം പാർടി അംഗങ്ങളെ പ്രതിനിധാനംചെയ്ത് 763 പ്രതിനിധികൾ പാർടി കോൺഗ്രസിൽ പങ്കെടുക്കും. കേരളത്തിൽനിന്നും ബംഗാളിൽനിന്നുമാണ് കൂടുതൽ പ്രതിനിധികൾ‐ 175 വീതം. എഴുപതോളം നിരീക്ഷകരും പങ്കെടുക്കുന്നുണ്ട്. 22 ന് ഹൈദരാബാദിൽ ജനലക്ഷങ്ങൾ അണിനിരക്കുന്ന പൊതുസമ്മേളനത്തോടെ കോൺഗ്രസിന് സമാപനമാകും. പാർടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനായി നേതാക്കളും പ്രതിനിധികളും ഹൈദരാബാദിൽ എത്തിത്തുടങ്ങി. സിപിഐ  എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എം എ ബേബി തുടങ്ങിയവർ തിങ്കളാഴ്ച ഹൈദരാബാദിലെത്തി. വിമാനത്താവളത്തിൽ പാർടി പ്രവർത്തകർ ഇരുവരെയും സ്വീകരിച്ചു. യെച്ചൂരി പിന്നീട് മുഹമ്മദ് അമീൻ നഗറിലെത്തി സമ്മേളന ഒരുക്കങ്ങൾ വിലയിരുത്തി. മറ്റ് പൊളിറ്റ്ബ്യൂറോ അംഗങ്ങൾ ചൊവ്വാഴ്ച രാവിലെയോടെയെത്തും.

ഹൈദരാബാദ് നഗരത്തിന്റെ പല ഭാഗങ്ങളും കൊടിതോരണങ്ങളാൽ അലങ്കരിച്ചുകഴിഞ്ഞു. പാർടി കോൺഗ്രസ് വിജയിപ്പിക്കുന്നതിനുള്ള പ്രചാരണപരിപാടികൾ ഹൈദരാബാദിലും തെലങ്കാനയുടെ മറ്റു ഭാഗങ്ങളിലും വിജയകരമായി പൂർത്തീകരിച്ചുവരികയാണ്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top