Top
20
Monday, November 2017
About UsE-Paper

ജഡ്ജിമാരുടെ കോഴ: മൂന്നംഗ ബെഞ്ച് രൂപീകരിച്ചു

Sunday Nov 12, 2017
എം അഖില്‍

ന്യൂഡല്‍ഹി > ജഡ്ജിമാര്‍ ഉള്‍പ്പെട്ട അഴിമതിക്കേസ് പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് പുതിയ ബെഞ്ചിനെ നിയോഗിച്ചു. സുപ്രീംകോടതിയില്‍നിന്ന് അനുകൂല വിധി നേടാന്‍ മെഡിക്കല്‍ കോളേജ് ലോബിയില്‍നിന്ന് വിരമിച്ച ഹൈക്കോടതി ജഡ്ജി കോഴ കൈപ്പറ്റിയെന്ന ഹര്‍ജിയാണ് ജസ്റ്റിസ് ആര്‍ കെ അഗര്‍വാള്‍ അധ്യക്ഷനായ മൂന്നംഗബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. അഡ്വ. കാംനി ജെയ്‌സ്വാള്‍ സമര്‍പ്പിച്ച ഹര്‍ജി അഞ്ച് മുതിര്‍ന്ന ജഡ്ജിമാര്‍ അംഗങ്ങളായ ഭരണഘടനാ ബെഞ്ചിന് വിട്ട ജസ്റ്റിസ് ജെ ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു. ഇത് സുപ്രീംകോടതിയില്‍ നാടകീയരംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ഏതൊക്കെ ജഡ്ജിമാര്‍ ഏതെല്ലാം കേസ് പരിഗണിക്കണമെന്ന് നിശ്ചയിക്കാനുള്ള അന്തിമാധികാരം ചീഫ് ജസ്റ്റിസിനാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. ഈ ഹര്‍ജി ജസ്റ്റിസുമാരായ അഗര്‍വാള്‍, അരുണ്‍മിശ്ര, എ എം ഖാന്‍വില്‍ക്കര്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് തിങ്കളാഴ്ച പകല്‍ 3.30ന് പരിഗണിക്കുമെന്നാണ് സുപ്രീംകോടതി പ്രസിദ്ധീകരിച്ച പുതിയ ലിസ്റ്റില്‍ പറയുന്നത്. രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയ അഞ്ചംഗ ബെഞ്ചില്‍ അംഗങ്ങളായിരുന്ന മൂന്ന് ജഡ്ജിമാരുടെ ബെഞ്ചാണ് തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കുന്നത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചിരുന്ന കേസിനെക്കുറിച്ചുള്ള ആരോപണം ഉന്നയിക്കുന്ന ഹര്‍ജി അദ്ദേഹം അംഗമായ ബെഞ്ച് പരിഗണിക്കുന്നത് ശരിയല്ലെന്ന് സര്‍ക്കാരിതര സംഘടനയായ സിജെഎആറിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. മെഡിക്കല്‍കോളേജ് കോഴ സംബന്ധിച്ച് സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ചീഫ് ജസ്റ്റിസിന്റെ പേരുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു. എഫ്‌ഐആറില്‍ തന്റെ പേര് പരാമര്‍ശിക്കുന്ന ഭാഗം വായിക്കാന്‍ ചീഫ് ജസ്റ്റിസ് പ്രശാന്ത് ഭൂഷണോട് ആവശ്യപ്പെട്ടു. എഫ്‌ഐആറില്‍ തന്റെയോ സുപ്രീംകോടതിയിലെ മറ്റേതെങ്കിലും ജഡ്ജിയുടെയോ പേരില്ലാത്ത സാഹചര്യത്തില്‍ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ചതിന് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ വകുപ്പുണ്ടെന്നും ചീഫ് ജസ്റ്റിസ് ഓര്‍മിച്ചു.

കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ പ്രശാന്ത് ഭൂഷണ്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. നിങ്ങള്‍ക്ക് അതിനുള്ള യോഗ്യതയില്ലെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന അഭിഭാഷകര്‍ക്ക് എതിരെ നടപടി വേണമെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ അംഗങ്ങളായ അഭിഭാഷകര്‍ വാദിച്ചു. തനിക്ക് വാദിക്കാന്‍ സമയം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് പ്രശാന്ത് ഭൂഷണ്‍ ഇറങ്ങിപ്പോയി. കോടതിയില്‍ മുമ്പ് ലിസ്റ്റ് ചെയ്യാത്തതോ മറ്റ് ജഡ്ജിമാരുടെ ബെഞ്ചിലേക്ക് വിടാത്തതോ ആയ ഹര്‍ജികള്‍ ഇനിമുതല്‍ ചീഫ്  ്ജസ്റ്റിസിന്റെ ബെഞ്ചുമുമ്പാകെമാത്രമേ പരാമര്‍ശിക്കാന്‍ പാടുള്ളൂവെന്ന സര്‍ക്കുലറും വെള്ളിയാഴ്ച പുറപ്പെടുവിച്ചിട്ടുണ്ട്.
 

Related News

കൂടുതൽ വാർത്തകൾ »